തിരുവനന്തപുരം: തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായി വൻ പ്രഖ്യാപനങ്ങളുമായി കേരള സർക്കാർ. സാമൂഹ്യക്ഷേമ പെൻഷൻ തുക 1600 രൂപയിൽനിന്ന് 2000 രൂപയായി വർധിപ്പിച്ചതാണ് പ്രധാന പ്രഖ്യാപനം. കൂടാതെ, സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും നൽകാനുള്ള ഒരു ഗഡു ഡിഎ കുടിശിക (4%) നവംബറിലെ ശമ്പളത്തിനൊപ്പം നൽകുമെന്നും മുഖ്യമന്ത്രി അറിയിച്ചു. പാവപ്പെട്ട കുടുംബങ്ങളിലെ, നിലവിൽ സാമൂഹിക ക്ഷേമ പെൻഷൻ ലഭിക്കാത്ത സ്ത്രീകൾക്കായി പുതിയ ധനസഹായ പദ്ധതിയും പ്രഖ്യാപിച്ചു. 35 മുതൽ 60 വയസ്സുവരെയുള്ള ട്രാൻസ് വനിതകൾ അടക്കമുള്ള 33 ലക്ഷത്തിലേറെ സ്ത്രീകൾക്ക് എല്ലാ മാസവും 1000 രൂപ വീതം ഈ പദ്ധതിയിലൂടെ ലഭിക്കും.
ആശാവർക്കർമാർ, സാക്ഷരതാ പ്രേരക്‌മാർ, പ്രീപ്രൈമറി ടീച്ചർമാർ, ആയമാർ, ഗസ്റ്റ് ലക്ചറർമാർ തുടങ്ങിയ വിവിധ വിഭാഗം ജീവനക്കാർക്കും വേതനവർദ്ധനവ് പ്രഖ്യാപിച്ചു. ആശാവർക്കർമാരുടെയും സാക്ഷരതാ പ്രേരക്‌മാരുടെയും പ്രതിമാസ ഓണറേറിയം 1000 രൂപ വീതമാണ് വർധിപ്പിച്ചത്. ഇതിന്റെ കുടിശിക ഉടൻ നൽകുമെന്നും സർക്കാർ അറിയിച്ചു. പ്രീപ്രൈമറി ടീച്ചർമാരുടെയും ആയമാരുടെയും പ്രതിമാസ വേതനം 1000 രൂപയും ഗസ്റ്റ് ലക്ചറർമാരുടെ വേതനം പരമാവധി 2000 രൂപ വരെയും വർദ്ധിപ്പിച്ചു. ഇതിനുപുറമെ, പ്രതിവർഷം ഒരു ലക്ഷം രൂപയിൽ താഴെ കുടുംബ വരുമാനമുള്ള വിദ്യാർത്ഥികൾക്ക് പ്രതിമാസം 1000 രൂപ വീതം നൽകുന്ന സ്കോളർഷിപ്പ് പദ്ധതിയും നിലവിൽ വരും.
റബ്ബർ, നെല്ല് കർഷകർക്കും പ്രഖ്യാപനങ്ങൾ ആശ്വാസമായി. റബറിൻ്റെ തൂക്കവില കിലോയ്ക്ക് 180 രൂപയിൽനിന്ന് 200 രൂപയായി ഉയർത്തി. ഈ വിലവർദ്ധനവ് നവംബർ 1 മുതൽ പ്രാബല്യത്തിൽ വരും. നെല്ലിന്റെ സംഭരണ വില 28.20 രൂപയിൽനിന്ന് 30 രൂപയായി വർദ്ധിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. വിവിധ വിഭാഗം ജനങ്ങൾക്കായി പ്രഖ്യാപിക്കപ്പെട്ട ഈ സാമ്പത്തിക ആനുകൂല്യങ്ങൾ സംസ്ഥാനത്തിന്റെ ധനസ്ഥിതിക്ക് വലിയ ഊർജ്ജം നൽകുമെന്നാണ് വിലയിരുത്തൽ.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82
Election strategy or popular action? Kerala government increases welfare pension





