കോംഗോ: ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ എബോള പകർച്ചവ്യാധി വ്യാപിക്കുന്ന സാഹചര്യത്തിൽ യാത്രാ, കുടിയേറ്റ നിയന്ത്രണങ്ങൾ 90 ദിവസത്തേക്ക് കൂടി നീട്ടി കാനഡ. കോംഗോ, ഉഗാണ്ട, ദക്ഷിണ സുഡാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്കുള്ള നിയന്ത്രണങ്ങൾ 2027 ഫെബ്രുവരി 25 വരെ തുടരും. കാനഡയിലെ ആരോഗ്യസുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നിയന്ത്രണങ്ങൾ തുടരുന്നത്.
നവംബർ 27 വെള്ളിയാഴ്ചയാണ് കാനഡ സർക്കാർ നിയന്ത്രണങ്ങൾ നീട്ടിയതായി അറിയിച്ചത്. നവംബർ 28 അർധരാത്രിയോടെ അവസാനിക്കാനിരുന്ന നിയന്ത്രണങ്ങളാണ് പുതുക്കിയത്. എബോള വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മെയ് മാസം മുതലാണ് ഈ മൂന്ന് രാജ്യങ്ങളിൽ നിന്നുള്ളവർക്കായി കാനഡ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. ലോകാരോഗ്യ സംഘടന രോഗവ്യാപനവുമായി ബന്ധപ്പെട്ട് പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കിയതിന് പിന്നാലെയാണ് കാനഡയുടെ തീരുമാനം.
രോഗബാധയുണ്ടാകാൻ സാധ്യതയുള്ള യാത്രക്കാരെ കണ്ടെത്തി ആരോഗ്യപരിശോധന നടത്തണമെന്ന് സംഘടന നിർദേശിച്ചിട്ടുണ്ട്. അതേസമയം, ഈ രാജ്യങ്ങളിൽ നിന്നുള്ള യാത്രകൾ പൂർണമായി നിരോധിക്കണമെന്ന് ലോകാരോഗ്യ സംഘടന ആവശ്യപ്പെട്ടിട്ടില്ല.
പുറത്തുവന്ന കണക്കുകൾ പ്രകാരം എബോള ബാധിതരുടെ എണ്ണം 12,000 കടന്നതായും 5,900-ലധികം പേർ മരിച്ചതായും റിപ്പോർട്ടുകളുണ്ട്. ദക്ഷിണ സുഡാനിൽ ഇതുവരെ രോഗബാധ റിപ്പോർട്ട് ചെയ്തിട്ടില്ല. ഉഗാണ്ടയിൽ ഓഗസ്റ്റിൽ 20 പേർക്ക് രോഗം സ്ഥിരീകരിച്ച പകർച്ചവ്യാധി പിന്നീട് അവസാനിച്ചതായി പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഒക്ടോബറിൽ രോഗം കെനിയയിലേക്കും നൈജീരിയയിലേക്കും വ്യാപിച്ചതായി റിപ്പോർട്ടുകളുണ്ട്.
മൂന്ന് രാജ്യങ്ങളിൽ നിന്നുള്ളവരുടെ വിസകളും മറ്റ് യാത്രാ അനുമതികളും നൽകുന്നത് കാനഡ താൽക്കാലികമായി നിർത്തിവച്ചിട്ടുണ്ട്. കാനഡയ്ക്ക് പുറത്തുള്ള, സ്ഥിരതാമസാനുമതി ലഭിച്ചവർക്കും ഈ നിയന്ത്രണം ബാധകമാണ്.
കൂടാതെ, കോംഗോ, ഉഗാണ്ട, ദക്ഷിണ സുഡാൻ എന്നീ രാജ്യങ്ങളിൽ കഴിഞ്ഞ 21 ദിവസത്തിനിടെ താമസിച്ചവർ 21 ദിവസം സ്വയം നിരീക്ഷണത്തിൽ കഴിയണം. ഈ കാലയളവിൽ കോംഗോ സന്ദർശിച്ച വിദേശ പൗരന്മാർക്ക് കാനഡയിലേക്കുള്ള വിമാനത്തിൽ യാത്ര ചെയ്യാൻ അനുമതിയില്ല. എന്നാൽ ഉഗാണ്ടയിലോ ദക്ഷിണ സുഡാനിലോ താമസിച്ചവർക്ക് കാനഡയിൽ പ്രവേശിക്കാം. എന്നാൽ ഇവർ നിർബന്ധമായും ക്വാറന്റൈനിൽ കഴിയണം.
അതേസമയം, കോംഗോയിലെ സുരക്ഷാ പ്രശ്നങ്ങൾ എബോള പ്രതിരോധ പ്രവർത്തനങ്ങളെ ബാധിക്കുന്നുണ്ട്. കഴിഞ്ഞ ആറുമാസത്തിനിടെ ആരോഗ്യപ്രവർത്തകർ, രോഗികൾ, ആരോഗ്യകേന്ദ്രങ്ങൾ എന്നിവയ്ക്കെതിരെ 94 ആക്രമണങ്ങൾ നടന്നതായി ലോകാരോഗ്യ സംഘടന അറിയിച്ചു. വാക്സിനുകളുടെയും ചികിത്സാ രീതികളുടെയും പരീക്ഷണങ്ങൾ വേഗത്തിലാക്കണമെന്നും രോഗവ്യാപനം വിലയിരുത്തുന്ന അടിയന്തര സമിതി നിർദേശിച്ചിട്ടുണ്ട്.
Also Read: വടക്കൻ കാനഡയിൽ പുതിയ ഹൈവേ വരുന്നു; പ്രഖ്യാപനവുമായി മാർക്ക് കാർണി
നിലവിലെ സാഹചര്യത്തിൽ കാനഡയുടെ യാത്രാ, കുടിയേറ്റ നിയന്ത്രണങ്ങൾ 2027 ഫെബ്രുവരി 25 വരെ തുടരും. യാത്രയ്ക്ക് മുമ്പ് ബന്ധപ്പെട്ട രാജ്യങ്ങളിൽ നിന്നുള്ളവർ നിലവിലെ കുടിയേറ്റ, യാത്രാ നിർദേശങ്ങൾ പരിശോധിക്കേണ്ടതുണ്ട്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z





