സസ്‌കാച്വാന്‍: പ്രവിശ്യയിലെ ഓനിയന്‍ ലേക്ക് ക്രീ നേഷനില്‍ നടന്ന വാഹന പരിശോധനയിലും തുടര്‍ന്നു നടത്തിയ വീട് റെയ്ഡിലുമായി വന്‍തോതില്‍ ലഹരിമരുന്നും ആയുധങ്ങളും പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് ഒനിയൻ ലേക്ക് സ്വദേശിനിയായ റേവന്‍ ഹീതൻ (35) എന്ന യുവതിക്കെതിരെ ആർസിഎംപി (RCMP) വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തു.

ഒക്ടോബര്‍ 29-ന് പുലര്‍ച്ചെ 3.30-ഓടെ ഓനിയന്‍ ലേക്ക് ക്രീ നേഷനില്‍ പട്രോളിംഗ് നടത്തുകയായിരുന്ന ആര്‍സിഎംപി സംഘം സംശയാസ്പദമായ രീതിയിൽ കണ്ട വാഹനം തടഞ്ഞു പരിശോധിക്കുകയായിരുന്നു. നേരത്തെ മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട് കോടതി പുറപ്പെടുവിച്ച ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്ന്, വാഹനത്തിലുണ്ടായിരുന്ന ഏക യാത്രക്കാരിയായ യുവതിയെ ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തു. തുടർന്ന് വാഹനത്തില്‍ നടത്തിയ വിശദമായ പരിശോധനയില്‍ 28 ഗ്രാം മെത്താംഫെറ്റമിന്‍, കൊക്കെയ്ന്‍, മയക്കുമരുന്ന് വിൽപനയ്ക്ക് ഉപയോഗിക്കുന്ന ഉപകരണങ്ങൾ എന്നിവ കണ്ടെടുത്തു.
തുടർന്ന് ലഭിച്ച സെര്‍ച്ച് വാറന്റിന്റെ അടിസ്ഥാനത്തില്‍ അന്നുതന്നെ പ്രതിയുടെ വീട്ടിലും പൊലീസ് പരിശോധന നടത്തി. ഇവിടെനിന്ന് 400 ഗ്രാം മെത്താംഫെറ്റമിന്‍, 60 ഗ്രാം കൊക്കെയ്ന്‍, പണം, രണ്ട് എയര്‍ഗണ്ണുകൾ, കത്തി, ലഹരിമരുന്ന് പാക്ക് ചെയ്യാനും അളക്കാനും ഉപയോഗിക്കുന്ന ഉപകരണങ്ങൾ എന്നിവ പിടിച്ചെടുത്തു.
ALSO READ: വാഹന പരിശോധനയ്ക്കിടെ കുടുങ്ങി; 52-കാരൻ പിടിയിലായത് 900 മെത്താഫിറ്റമിൻ ഗുളികകളുമായി
കോടതി ഉത്തരവ് ലംഘിക്കല്‍, കുറ്റകൃത്യത്തിലൂടെ സമ്പാദിച്ച 5,000 ഡോളറിലധികം വിലമതിക്കുന്ന സ്വത്ത് കൈവശം വയ്ക്കല്‍, വില്‍പ്പനയ്ക്കായി മെത്താംഫെറ്റമിനും കൊക്കെയ്നും സൂക്ഷിക്കൽ എന്നീ കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയത്. അറസ്റ്റിലായ യുവതിയെ നവംബര്‍ നാലിന് ലോയ്ഡ്മിന്‍സ്റ്റര്‍ പ്രൊവിന്‍ഷ്യല്‍ കോടതിയില്‍ ഹാജരാക്കി.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z
‘Drug Bust in Saskatchewan; Woman Arrested’




