ഭാരം കൂട്ടാനും മസിലുകൾ ശക്തിപ്പെടാനും എന്താണ് വഴിയെന്ന യുവതലമുറയുടെ ആശങ്കകൾക്ക് പ്രോട്ടീൻ പൗഡർ എന്ന് ഉത്തരം കണ്ടെത്തുന്ന ട്രെൻഡാണ് ഇപ്പോൾ. വിപണിസാധ്യതകൾ എളുപ്പത്തിൽ ഉത്പന്നങ്ങളുടെ തിരഞ്ഞെടുക്കലിലേക്ക് നയിക്കും. ഇവയിൽ ചിലവ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുമെന്ന് ആരോഗ്യവിദഗ്‌ധർ മുന്നറിയിപ്പ് നൽകുന്നുണ്ട്. ഓൺലൈൻ വെബ്‌സൈറ്റുകളിൽ വ്യാജന്മാർ കൂടുതലുണ്ട് യഥാർഥ ഉത്പന്നത്തെ വെല്ലുന്ന പാക്കിങ്ങുമായി അവതരിക്കുന്ന വ്യാജ പ്രോട്ടീൻ പൗഡറുകൾ ഗുണനിലവാരത്തിൽ വളരെ പിന്നിലാണ്. വിലക്കുറവുകണ്ട് പലരും ഇതിനുപിന്നാലെ പോകുകയാണ് പതിവ്. ഗുണനിലവാരമില്ലാത്ത പ്രോട്ടീൻ പൗഡറുകളുടെയും സ്റ്റിറോയ്ഡുകളുടെയും ഉപയോഗം യുവാക്കളിൽ ഗുരുതര പ്രത്യഘാതങ്ങൾ സൃഷ്ടിക്കുന്നതായി എല്ലുരോഗ വിദഗ്ധർ പറയുന്നു. ജിമ്മിൽ വ്യായാമം ചെയ്യുന്ന 20ഉം അതിന് താഴെയും പ്രായമുള്ള യുവാക്കളിൽ നട്ടെല്ലിനെ ബാധിക്കുന്ന ഗുരുതര രോഗങ്ങൾ ഗൗരവതരമായി ഉയരുന്നുവെന്നും ഡൽഹിയിൽ സംഘടിപ്പിച്ച എല്ലുരോഗ വിദഗ്ധരുടെ കൂട്ടായ്മ ‘ഡൽഹി ഹിപ് 360’ ചൂണ്ടിക്കാട്ടി.
രക്തപ്രവാഹം കുറയുന്നതിനെ തുടർന്ന് കലകളും അസ്ഥിയും നശിക്കുന്ന അവസ്‌കുലാർ നെക്രോസിസ് (എ.വി.എൻ) പൊതുവേ മുതിർന്നവരിലാണ് കണ്ടുവന്നിരുന്നത്. എന്നാൽ, നിലവിൽ ഇത് യുവാക്കളിൽ ആശങ്കാജനകമായ രീതിയിൽ വർധിക്കുകയാണെന്ന് സമ്മേളനം ഓർഗനൈസിങ് ചെയർമാനായ ഡോ. എൽ.തോമർ പറഞ്ഞു. ഏതാനും വർഷങ്ങളായി നടുവേദനയടക്കം വിവിധ ലക്ഷണങ്ങളുമായി ചികിത്സക്കെത്തുന്ന യുവാക്കളുടെ എണ്ണം കുത്തനെ ഉയർന്നിട്ടുണ്ട്. പരിശോധനകൾക്കിടെ, 70 ശതമാനം രോഗികളും സ്റ്റിറോയ്ഡും പ്രോട്ടീൻ പൗഡറും ഉപയോഗിച്ചിരുന്നതായി വെളിപ്പെടുത്താറുണ്ടെന്നും ഡെൽഹി മാക്സ് ആശുപത്രി എല്ലുവിഭാഗം തലവൻ കൂടിയായ ഡോ. തോമർ പറഞ്ഞു.
വളരെ വേഗം ശരീരത്തിൽ രൂപമാറ്റം ആഗ്രഹിച്ചെത്തുന്നവർ പലപ്പോഴും അറിയാതെ തങ്ങളുടെ ആരോഗ്യത്തെ അപകടത്തിലാക്കുകയാണ്. സ്റ്റിറോയ്ഡടക്കമുള്ളവയുടെ ഉപയോഗം ഇടുപ്പ് സന്ധിയിലെ ഫെമോറൽ ഹെഡിനെ ഗുരുതരമായി ബാധിക്കുകയും രക്തപ്രവാഹത്തെ തടസപ്പെടുത്തി അസ്ഥി നിർജീവമാകുന്നതിന് കാരണമാകുകയും ചെയ്യുന്നുവെന്ന് മുതിർന്ന ഓർത്തോപീഡിക് സർജനായ ഡോ. രാജീവ് ജെയ്ൻ പറഞ്ഞു.
ശരീരത്തിന് ദോഷം ചെയ്യുന്ന ലോഹങ്ങളുടെ (ഹെവിമെറ്റൽസ്) സാന്നിധ്യം, ഹെർബൽ പ്രോട്ടീനിൽ കീടനാശിനികളുടെ സാന്നിധ്യം എന്നിവയും ചില പഠനങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്. ആവശ്യാനുസരണം കൃത്യമായ അളവിൽ മരു ന്നുപോലെ പ്രോട്ടീൻ എടുക്കുകയാണ് പ്രധാനം. ഇത് ഭക്ഷണത്തിനു പകരമല്ല എന്ന ധാരണവേണം.



