ഒട്ടാവ: കാനഡയുടെ വിദേശ സഹായത്തിലും ആഗോള ആരോഗ്യ ഫണ്ടിംഗിലുമുള്ള വെട്ടിക്കുറയ്ക്കൽ തീരുമാനത്തിൽ ആശങ്ക രേഖപ്പെടുത്തി എച്ച്.ഐ.വി/എയ്ഡ്സ് രോഗങ്ങൾക്കെതിരായ യുണൈറ്റഡ് നേഷൻസ് പ്രോഗ്രാം (UNAIDS). ജോഹന്നാസ്ബർഗിൽ നടന്ന ജി20 നേതാക്കളുടെ ഉച്ചകോടിക്കിടെ കനേഡിയൻ പ്രസ്സുമായി സംസാരിക്കുകയായിരുന്ന UNAIDS എക്സിക്യൂട്ടീവ് ഡയറക്ടറായ വിന്നി ബയാനിമയാണ് ആശങ്ക അറിയിച്ചത്. പ്രധാനമന്ത്രി മാർക്ക് കാർണിയും മറ്റ് രാജ്യങ്ങളും സഹായങ്ങൾ നൽകുന്നത് തുടരണമെന്നും ആഗോള ഐക്യദാർഢ്യം നിലനിർത്തണമെന്നും ബയാനിമ അഭ്യർത്ഥിച്ചു. ആഗോളതലത്തിൽ രാജ്യങ്ങൾക്കിടയിലെ അസമത്വം വർധിച്ചാൽ ലോകം കൂടുതൽ അപകടകരമാവുമെന്നും അവർ ചൂണ്ടിക്കാട്ടി.
ലോകത്തിലെ ഏറ്റവും ദരിദ്ര രാജ്യങ്ങളിൽ പകർച്ചവ്യാധികൾക്കെതിരെ പോരാടുന്ന ‘ഗ്ലോബൽ ഫണ്ടി’നുള്ള കാനഡയുടെ ഫണ്ട് വെട്ടിക്കുറക്കാൻ വരുത്താൻ മാർക്ക് കാർണി തീരുമാനമെടുത്തിരുന്നു. 2022-ൽ കാനഡ നൽകിയ സംഭാവനയേക്കാൾ 17 ശതമാനം കുറവാണ് ഇത്തവണ വാഗ്ദാനം ചെയ്തത്. എയ്ഡ്സ്, ക്ഷയം, മലേറിയ തുടങ്ങിയ രോഗങ്ങൾ തടയുന്നതിന് മരുന്നുകളും കൊതുകുവലകളും വിതരണം ചെയ്യാൻ ഈ ഫണ്ട് ഉപയോഗിക്കുന്നു.
കാനഡയുടെ ഫെഡറൽ ബഡ്ജറ്റിൽ അടുത്ത നാല് വർഷത്തിനുള്ളിൽ 2.7 ബില്യൺ ഡോളർ വിദേശ സഹായത്തിൽ വെട്ടിക്കുറയ്ക്കാൻ തീരുമാനിച്ചു. കോവിഡ്-19 മഹാമാരിയുടെ സമയത്ത് വർദ്ധിപ്പിച്ച സഹായം കോവിഡിന് മുൻപുള്ള അവസ്ഥയിലേക്ക് തിരികെ കൊണ്ടുവരികയാണ് ഈ നടപടിയിലൂടെ ലക്ഷ്യമിടുന്നതെന്ന് പ്രധാനമന്ത്രി മാർക്ക് കാർണിയുടെ സർക്കാർ വാദിക്കുന്നു. എന്നാൽ, തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ സഹായം വെട്ടിക്കുറയ്ക്കില്ലെന്ന് കാർണി വാഗ്ദാനം ചെയ്തിരുന്നു. വെട്ടിക്കുറച്ചിട്ടും, ഗ്ലോബൽ ഫണ്ടിലുള്ള തങ്ങളുടെ വിഹിതം വർദ്ധിപ്പിച്ചതായും ആഫ്രിക്കയ്ക്കുള്ള സഹായം തുടരുമെന്നും സർക്കാർ വിശദീകരിക്കുന്നു.
ഈ നീക്കം ആഗോള അസമത്വം വർദ്ധിപ്പിക്കുമെന്നും, രാജ്യങ്ങൾ തമ്മിലുള്ള സാമ്പത്തിക ധ്രുവീകരണം രാഷ്ട്രീയ അസ്ഥിരതയ്ക്ക് കാരണമാകുമെന്നും ദക്ഷിണാഫ്രിക്കൻ സർക്കാർ ആവശ്യപ്പെട്ട G20 റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. കാനഡയുടെ ഈ നടപടി അവരുടെ ദീർഘകാല സമീപനത്തിൽ നിന്നുള്ള വ്യതിചലനമാണ് എന്നും “പ്രശ്നകരമാണ്” എന്നും പ്രതിപക്ഷ എം.പി.മാർ വിമർശിച്ചു. ലോക എയ്ഡ്‌സ് ദിനത്തിൽ, എയ്ഡ്‌സ് പോലുള്ള രോഗങ്ങൾക്കെതിരായ പോരാട്ടത്തിന് ഫണ്ടിൻ്റെ കുറവ് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ടെന്നും, വികസ്വര രാജ്യങ്ങളെ സഹായിക്കാൻ വിദേശ സഹായത്തിനപ്പുറം ചിന്തിക്കാൻ കാനഡ തയ്യാറാകണമെന്നും സാമ്പത്തിക വിദഗ്ധർ ആവശ്യപ്പെടുന്നു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി:
https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Don’t cut Canada’s foreign aid; UNAIDS, Mark Carney warn of increasing global inequality






