വാഷിംഗ്ടൺ: കാനഡയിലേയ്ക്ക് കുടിയേറാനും കനേഡിയൻ പാസ്‌പോർട്ട് സ്വന്തമാക്കാനും അമേരിക്കൻ പൗരന്മാർക്കിടയിൽ വൻ തിരക്ക്. പാരമ്പര്യമായി കനേഡിയൻ പൗരത്വം കൈമാറുന്നതിനുള്ള തലമുറകളുടെ പരിധി കാനഡ നീക്കം ചെയ്തതോടെയാണ് ലക്ഷക്കണക്കിന് അമേരിക്കക്കാർക്ക് പൗരത്വത്തിനുള്ള വഴിതുറന്നത്. ഇതേത്തുടർന്ന് തങ്ങളുടെ കനേഡിയൻ പാരമ്പര്യം തെളിയിക്കുന്നതിനുള്ള ഔദ്യോഗിക രേഖകൾ ശേഖരിക്കാൻ യുഎസിലെ ആയിരക്കണക്കിന് ആളുകളാണ് നിലവിൽ കാനഡയിലെ വിവിധ വൈറ്റൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസുകളെയും ആർക്കൈവ്സുകളെയും സമീപിച്ചുകൊണ്ടിരിക്കുന്നത്.
കഴിഞ്ഞ ഡിസംബറിലാണ് കാനഡ തങ്ങളുടെ പൗരത്വ നിയമത്തിൽ ചരിത്രപരമായ ഭേദഗതി വരുത്തിയത്. മുൻപ് വിദേശത്ത് ജനിക്കുന്നവർക്ക് പാരമ്പര്യമായി പൗരത്വം ലഭിക്കുന്നതിന് തലമുറകളുടെ പരിധി നിശ്ചയിച്ചിട്ടുണ്ടായിരുന്നു. എന്നാൽ പുതിയ നിയമപ്രകാരം കനേഡിയൻ വംശപരമ്പരയുള്ള ഏതൊരു അമേരിക്കക്കാരനും കാനഡ പൗരത്വത്തിന് അർഹത നേടും.
കനേഡിയൻ പാസ്‌പോർട്ട് ലഭിക്കുന്നതിനായി അപേക്ഷകർ ആദ്യം ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡയിൽ (IRCC) നിന്ന് പൗരത്വം തെളിയിക്കുന്ന സർട്ടിഫിക്കറ്റിനായി (Proof of Citizenship Certificate) അപേക്ഷിക്കണം. തങ്ങൾ കനേഡിയൻ പൗരന്റെ പിൻഗാമിയാണെന്ന് തെളിയിക്കുന്ന ജനന സർട്ടിഫിക്കറ്റ്, വിവാഹ സർട്ടിഫിക്കറ്റ്, ചില സന്ദർഭങ്ങളിൽ മാമ്മോദീസ മുക്കിയ രേഖകൾ അല്ലെങ്കിൽ മരണ സർട്ടിഫിക്കറ്റ് എന്നിവ ഇതിനായി ഹാജരാക്കേണ്ടതുണ്ട്.
കാനഡയ്ക്ക് ദേശീയതലത്തിൽ ഒരു വൈറ്റൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് ഇല്ലാത്തതിനാൽ, അപേക്ഷകർ അതത് പ്രവിശ്യകളിലെ (Provinces) റീജിയണൽ സ്ഥാപനങ്ങളെയാണ് രേഖകൾക്കായി സമീപിക്കേണ്ടത്. ജനനം, മരണം, വിവാഹം എന്നിവ നടന്ന പ്രവിശ്യയും വർഷവും അടിസ്ഥാനമാക്കിയാണ് അപേക്ഷ നൽകേണ്ട ഓഫീസ് നിശ്ചയിക്കുന്നത്. സമീപകാലത്തെ രേഖകൾ അതത് പ്രവിശ്യകളിലെ വൈറ്റൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസുകളിൽ ലഭ്യമാണ്. എന്നാൽ 100 വർഷത്തിലധികം പഴക്കമുള്ള ചരിത്രരേഖകൾക്കായി പ്രവിശ്യാ ആർക്കൈവ്സുകളെ (Provincial Archives) ആശ്രയിക്കണം. ഒന്റാരിയോ, ക്യൂബെക്ക്, ബ്രിട്ടീഷ് കൊളംബിയ, മാനിറ്റോബ തുടങ്ങിയ പ്രവിശ്യകളിൽ ഓൺലൈൻ വഴിയും അപേക്ഷിക്കാനുള്ള സൗകര്യമുണ്ട്. എന്നാൽ നിലവിൽ യുഎസിൽ നിന്നുള്ള അപേക്ഷകളുടെ എണ്ണം വർദ്ധിച്ചതിനാൽ രേഖകൾ ലഭിക്കുന്നതിന് വലിയ രീതിയിലുള്ള കാലതാമസം നേരിടുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.
പ്രധാന പ്രവിശ്യകളിലെ വിവരങ്ങൾ ചുരുക്കത്തിൽ:
ആൽബർട്ട (Alberta): 1906 മുതലുള്ള രേഖകൾ അൽബെർട്ട രജിസ്ട്രീസിലും, അതിനു മുൻപുള്ളവ പ്രൊവിൻഷ്യൽ ആർക്കൈവ്സിലും ലഭ്യമാണ്.
ബ്രിട്ടീഷ് കൊളംബിയ (British Columbia): 1872 മുതലുള്ള രേഖകൾ ബിസി വൈറ്റൽ സ്റ്റാറ്റിസ്റ്റിക്സ് ഏജൻസിയിൽ നിന്ന് ലഭിക്കും.
ഒന്റാരിയോ (Ontario): 1920 മുതലുള്ള ജനന സർട്ടിഫിക്കറ്റുകൾ സർവീസ് ഒന്റാരിയോ വഴിയും 1869 മുതൽ 1919 വരെയുള്ളവ ഒന്റാരിയോ ആർക്കൈവ്സ് വഴിയും ലഭ്യമാകും.
ക്യുബെക്ക് (Quebec): ക്യൂബെക്കിൽ നിന്നുള്ള രേഖകൾ അപേക്ഷിക്കുന്നവർ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. 1994 ജനുവരി 1-ന് മുൻപ് നൽകിയ ജനന, വിവാഹ സർട്ടിഫിക്കറ്റുകൾ IRCC സ്വീകരിക്കില്ല. ഇതിനായി ബിബ്ലിയോതെക് എറ്റ് ആർക്കൈവ്സ് നാഷനൽ ഡു ക്യൂബെക്കിൽ (BAnQ) നിന്നുള്ള സാക്ഷ്യപ്പെടുത്തിയ പകർപ്പോ അല്ലെങ്കിൽ ഡിഇസി (DEC) വഴി വീണ്ടും നൽകിയ സർട്ടിഫിക്കറ്റോ ഹാജരാക്കണം.
അപേക്ഷിക്കേണ്ട വിധം
പരമ്പരയിലെ ആദ്യ കണ്ണിയുടെ രേഖകൾ കൈവശം വന്നാൽ, പിന്നീട് തങ്ങളിലേക്കുള്ള ബന്ധം തെളിയിക്കുന്ന തുടർച്ചയായ രേഖകളാണ് അപേക്ഷകൻ ഹാജരാക്കേണ്ടത്. ഉദാഹരണത്തിന്, ഒരാളുടെ മുത്തശ്ശൻ കാനഡയിലാണ് ജനിച്ചതെങ്കിൽ മുത്തശ്ശന്റെ കനേഡിയൻ ജനന സർട്ടിഫിക്കറ്റും, തുടർന്ന് അപേക്ഷകനിലേക്ക് എത്തുന്നതുവരെയുള്ള എല്ലാ തലമുറകളുടെയും യുഎസ് ജനന സർട്ടിഫിക്കറ്റുകളും നൽകണം. വിവാഹത്തെ തുടർന്ന് പേരിൽ മാറ്റം വന്നിട്ടുണ്ടെങ്കിൽ വിവാഹ സർട്ടിഫിക്കറ്റും നിർബന്ധമാണ്.
രേഖകൾക്കായി അപേക്ഷിക്കുമ്പോൾ വ്യക്തിയുടെ പൂർണ്ണമായ പേര്, സംഭവം നടന്ന ഏകദേശ തീയതി, സ്ഥലം എന്നിവ നൽകേണ്ടതുണ്ട്. പണം നൽകി ഔദ്യോഗിക രേഖകൾക്ക് അപേക്ഷിക്കുന്നതിന് മുൻപ് ഫാമിലി സെർച്ച് (FamilySearch) പോലെയുള്ള സൗജന്യ ഓൺലൈൻ ഇൻഡെക്സുകൾ വഴി വിവരങ്ങൾ കൃത്യമാണെന്ന് ഉറപ്പുവരുത്തുന്നത് സമയവും പണവും ലാഭിക്കാൻ സഹായിക്കും. രേഖകൾ സമാഹരിച്ച ശേഷം അപേക്ഷകർക്ക് നേരിട്ടോ അല്ലെങ്കിൽ കാനഡ സർക്കാർ അംഗീകരിച്ച ഇമിഗ്രേഷൻ അഭിഭാഷകർ വഴിയോ പൗരത്വ സർട്ടിഫിക്കറ്റിനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്.
Do you want Canadian citizenship?; Where can I get the documents? How to apply?, Know the laws in the provinces
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt










