ഒട്ടാവ: ബ്ലൂ ലൈൻ ടാക്സി കമ്പനിയും ഡ്രൈവർമാരുടെ യൂണിയനും തമ്മിൽ പ്രതിമാസ ഫീസ് വർധനവിനെച്ചൊല്ലിയുള്ള തർക്കം രൂക്ഷമായതിനെ തുടർന്ന് നൂറുകണക്കിന് ടാക്സി ഡ്രൈവർമാർ പണിമുടക്ക് ആരംഭിച്ചു. സെപ്റ്റംബർ 19-ന് ഉച്ചയ്ക്ക് 2:30-നാണ് സമരം ആരംഭിച്ചത്. പുതിയ കരാറിനെക്കുറിച്ച് ധാരണയിലെത്താൻ സാധിക്കാത്തതാണ് പണിമുടക്കിലേക്ക് നയിച്ചത്. കമ്പനി ഡ്രൈവർമാരിൽ നിന്ന് ഈടാക്കുന്ന പ്രതിമാസ ഫീസ് 20% വർദ്ധിപ്പിക്കാനുള്ള നീക്കമാണ് സമരത്തിന് പ്രധാന കാരണം. ടാക്സി ഡ്രൈവർമാർക്ക് നിലവിൽ ലഭിക്കുന്ന വരുമാനം കുറവാണെന്നും, ഈ വർധനവ് അവരുടെ ജീവിതം കൂടുതൽ ദുരിതത്തിലാക്കുമെന്നും യൂണിയൻ ആരോപിക്കുന്നു. 94% ഡ്രൈവർമാരും പണിമുടക്കിന് അനുകൂലമായി വോട്ട് ചെയ്തതായി യൂണിയൻ ആയ ‘യൂണിഫോർ’ പ്രസ്താവനയിലൂടെ അറിയിച്ചു.
കമ്പനിയുടെ പ്രതിമാസ ഫീസ് വർധനവ് അംഗീകരിക്കാൻ കഴിയില്ലെന്ന് യൂണിയൻ വ്യക്തമാക്കി. “ഫീസ് വർദ്ധിപ്പിക്കുന്നത് ഡ്രൈവർമാരുടെ വരുമാനം നേരിട്ട് വെട്ടിക്കുറയ്ക്കുന്നതിന് തുല്യമാണ്. ന്യായമായ ചർച്ചകൾക്ക് പോലും തയ്യാറാകാതെ സ്വന്തം നിലപാടുകൾ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്ന കമ്പനിയുടെ സമീപനം അംഗീകരിക്കാൻ കഴിയില്ല,” യൂണിഫോർ ലോക്കൽ 1688 പ്രസിഡന്റ് ബഹ്ദോൻ ഇസ്സ പറഞ്ഞു. അതേസമയം, കഴിഞ്ഞ ഒരു പതിറ്റാണ്ടായി ഫീസ് വർധിപ്പിച്ചിട്ടില്ലെന്നും, നിലവിലെ വർധനവ് പണപ്പെരുപ്പത്തിന് അനുസൃതമായി മാത്രമുള്ളതാണെന്നുമാണ് കമ്പനിയുടെ വാദം. പ്രതിദിനം 3.50 ഡോളറിന്റെ വർധനവ് മാത്രമാണ് വരുന്നതെന്നും, ഇതിനുവേണ്ടി സമരം ചെയ്യുന്നത് വിചിത്രമാണെന്നും കമ്പനി അധികൃതർ പ്രതികരിച്ചു.
നിലവിൽ ബ്ലൂ ലൈൻ ടാക്സിയുടെ 494 ഫുൾ ടൈം ഡ്രൈവർമാരെയാണ് സമരം നേരിട്ട് ബാധിക്കുന്നത്. എന്നാൽ, ഒട്ടാവയിലെ മറ്റ് ടാക്സി സേവനങ്ങളെയും ഇത് ബാധിക്കാൻ സാധ്യതയുണ്ടെന്ന് വിലയിരുത്തപ്പെടുന്നു. സമരം തുടങ്ങി മണിക്കൂറുകൾ പിന്നിട്ടിട്ടും ഇരു കൂട്ടരും തമ്മിൽ അനുരഞ്ജന ചർച്ചകൾക്ക് സാധ്യത തെളിഞ്ഞിട്ടില്ല. സമരം എത്രനാൾ നീണ്ടുനിൽക്കുമെന്ന കാര്യത്തിൽ വ്യക്തതയില്ല. കമ്പനിയുടെ നിലവിലെ പ്രതിമാസ ഫീസ് $435 ഡോളർ ആണ്. ഇത് 2025-ൽ $550 ഡോളർ ആയും, 2026-ൽ $600 ഡോളർ ആയും, 2027-ൽ $650 ഡോളർ ആയും വർധിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഈ വർധനവ് അംഗീകരിക്കില്ലെന്ന നിലപാടിലാണ് ഡ്രൈവർമാർ.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82
Ottawa's Blue Line taxi drivers on strike; dispute over monthly fee increase intensifies






