കാനഡയിലെ 20 നഗരങ്ങളിലെ തിരക്കേറിയ 20 കവലകളിൽ കനേഡിയൻ ഓട്ടോമൊബൈൽ അസോസിയേഷൻ (CAA) ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൻ്റെ സഹായത്തോടെ നടത്തിയ പഠനത്തിൽ ഞെട്ടിക്കുന്ന സുരക്ഷാ റിപ്പോർട്ട് പുറത്തുവിട്ടു. എ.ഐ. ക്യാമറകളും വീഡിയോ അനലിറ്റിക്‌സും ഉപയോഗിച്ച് നടത്തിയ നിരീക്ഷണത്തിൽ ഏഴ് മാസത്തിനിടെ 616,854 അപകട സാധ്യതകളാണ് രേഖപ്പെടുത്തിയിട്ടുണ്ടായിരുന്നത്. ഒട്ടാവയിലെ മെറിവാലെ റോഡും വ്യൂമൗണ്ട് ഡ്രൈവും ചേരുന്ന കവലയായിരുന്നു പഠനത്തിനായി തിരഞ്ഞെടുത്ത പ്രധാന കേന്ദ്രങ്ങളിലൊന്ന്.
പഠനത്തിലെ പ്രധാന കണ്ടെത്തലുകൾ വളരെ ആശങ്കാജനകമാണ്. ഓരോ 770 കാൽനടയാത്രക്കാരിലും ഒരാളും, ഓരോ 500 സൈക്കിൾ യാത്രക്കാരിലും ഒരാളും അപകടത്തിൽപ്പെടാൻ സാധ്യതയുള്ള സാഹചര്യങ്ങളെ അഭിമുഖീകരിക്കുന്നു. വലത്തേക്ക് തിരിയുന്ന വാഹനങ്ങളാണ് ഏറ്റവുമധികം അപകട സാധ്യത ഉയർത്തുന്നത്. കാൽനടയാത്രക്കാരിൽ 55 ശതമാനവും സൈക്കിൾ യാത്രക്കാരിൽ 50 ശതമാനവും ഇത്തരം സാഹചര്യങ്ങളിലാണ് അപകടത്തിൽപ്പെട്ടത്. ഇടത്തേക്ക് തിരിയുന്ന വാഹനങ്ങളും ഒട്ടും പുറകിൽ അല്ല, 34 ശതമാനം കാൽനടയാത്രക്കാരും 36 ശതമാനം സൈക്കിൾ യാത്രക്കാരും ഇടത്തേക്ക് തിരിയുന്ന വാഹനങ്ങളുമായി കൂട്ടിമുട്ടാൻ സാധ്യതയുള്ള സാഹചര്യങ്ങൾ നേരിട്ടു. “ഇത് ഏതാനും വലിയ നഗരങ്ങളിൽ മാത്രം സംഭവിക്കുന്ന പ്രതിഭാസമല്ല, ഓരോ ദിവസവും നിരവധി അപകടങ്ങൾ സംഭവിക്കുന്നു.
ഇവ നിമിഷങ്ങൾക്കുള്ളിൽ വലിയ ദുരന്തങ്ങളായി മാറാൻ സാധ്യതയുണ്ട്,” സി.എ.എ. നോർത്ത് & ഈസ്റ്റ് ഒൻ്റാറിയോയുടെ കമ്മ്യൂണിക്കേഷൻ ഡയറക്ടർ ജൂലി ബ്യൂൺ വ്യക്തമാക്കി. ഈ സാഹചര്യങ്ങളെ മറികടക്കാൻ പഠനം ചില സുപ്രധാന സുരക്ഷാ നിർദ്ദേശങ്ങളും മുന്നോട്ട് വെക്കുന്നുണ്ട്. വലത്തേക്ക് തിരിയുന്നതിനായി പ്രത്യേക പാതകൾ ഒരുക്കുക, വാഹനങ്ങൾക്ക് സിഗ്നൽ ലഭിക്കുന്നതിന് മുമ്പായി കാൽനടയാത്രക്കാർക്ക് വാക്ക് സിഗ്നലുകൾ നൽകുക, ഇടത്തേക്ക് തിരിയുന്നതിനായി പ്രത്യേക ഗ്രീൻ ലൈറ്റ് സ്ഥാപിക്കുക എന്നിവ ഇതിൽ ഉൾപ്പെടുന്നുണ്ട്. “യഥാർത്ഥ വിവരങ്ങൾ ഉപയോഗിച്ച് നഗരങ്ങൾ അപകടങ്ങൾ മുൻകൂട്ടി കണ്ട് ഫലപ്രദമായ നടപടികൾ സ്വീകരിക്കുമ്പോൾ മാത്രമേ സുരക്ഷ ഉറപ്പാക്കാൻ കഴിയൂ,” Miovision-ലെ സീനിയർ എഞ്ചിനീയറായ ഒലിവിയ ബാബ്‌കോക്ക് അഭിപ്രായപ്പെട്ടു.
ഡ്രൈവർമാർക്കും കാൽനടയാത്രക്കാർക്കും സൈക്കിൾ യാത്രക്കാർക്കും സി.എ.എ. ചില സുരക്ഷാ നിർദ്ദേശങ്ങൾ നൽകുന്നുണ്ട്. ഡ്രൈവർമാർ ഇടത്തോട്ടോ വലത്തോട്ടോ തിരിയുമ്പോൾ കാൽനടയാത്രക്കാരെ അതീവ ജാഗ്രതയോടെ നിരീക്ഷിക്കുകയും വാഹനത്തിന് ചുറ്റുമുള്ള പരിസ്ഥിതി പൂർണ്ണമായി നിരീക്ഷിക്കുകയും വേണം. ചുവപ്പ് ലൈറ്റിൽ വലത്തേക്ക് തിരിയുമ്പോൾ നിർബന്ധമായും വാഹനം നിർത്തി, റോഡ് സുരക്ഷിതമാണെന്ന് ഉറപ്പാക്കിയ ശേഷം മാത്രം മുന്നോട്ട് പോകുക. കാൽനടയാത്രക്കാരും സൈക്കിൾ യാത്രക്കാരും ജാഗ്രത പാലിക്കുകയും ഡ്രൈവർമാരുമായി കണ്ണുകളിലൂടെ ആശയവിനിമയം നടത്തുകയും വേണം.
അനാവശ്യമായി റോഡ് കുറുകെ കടക്കുന്നത് ഒഴിവാക്കി അടയാളപ്പെടുത്തിയ പാതകളിലൂടെയും ട്രാഫിക് സിഗ്നലുകൾ അനുസരിച്ചും മാത്രം സഞ്ചരിക്കുക. രാത്രിയിൽ പ്രകാശമുള്ള വസ്ത്രങ്ങൾ ധരിക്കുന്നതും റിഫ്ലെക്റ്റീവ് ടേപ്പുകൾ ഉപയോഗിക്കുന്നതും സുരക്ഷ വർദ്ധിപ്പിക്കും. കൂടാതെ, ഇടത്തോട്ടോ വലത്തോട്ടോ തിരിയുന്ന വാഹനങ്ങളെയും ഡ്രൈവ്‌വേകളിൽ നിന്ന് പുറത്തുവരുന്ന വാഹനങ്ങളെയും ശ്രദ്ധയോടെ നിരീക്ഷിക്കുകയും വേണം. നോവ സ്കോട്ടിയ, ക്യൂബെക്, ഒൻ്റാറിയോ, മനിറ്റോബ, സാസ്കച്ചെവാൻ, ആൽബെർട്ട, ബ്രിട്ടീഷ് കൊളംബിയ എന്നീ പ്രവിശ്യകളിലാണ് ഈ പഠനം നടന്നത്. കൂടുതൽ വിവരങ്ങൾ സി.എ.എ. വെബ്സൈറ്റിൽ ലഭ്യമാണ്.



