ലുധിയാന: പഞ്ചാബിലെ ലുധിയാനയിൽ വൃദ്ധദമ്പതികളെ വീടിനുള്ളിൽ ദാരുണമായി കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. ജനതാ നഗർ സ്വദേശികളായ കുൽദീപ് സിംഗ്, ഭാര്യ ഹർമീത് കൗർ എന്നിവരാണ് കൊല്ലപ്പെട്ടത്. ഇരുവർക്കും ഏകദേശം 70 വയസ്സോളം പ്രായമുണ്ട്. വ്യാഴാഴ്ച രാത്രിയോ വെള്ളിയാഴ്ച പുലർച്ചെയോ ആകാം കൊലപാതകം നടന്നതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കൊല്ലപ്പെട്ട ദമ്പതികളുടെ നാല് പെൺമക്കൾ വിദേശത്താണ് താമസിക്കുന്നത്. ഒരു മകൾ ഗാസിയാബാദിലുമുണ്ട്. വർഷങ്ങൾക്ക് മുൻപ് ഇവരുടെ ഒരേയൊരു മകൻ റോഡപകടത്തിൽ മരണപ്പെട്ടിരുന്നു.
കാനഡയിൽ പഠിക്കുന്ന അവിവാഹിതയായ മകൾ മാതാപിതാക്കളെ ഫോണിൽ ബന്ധപ്പെടാൻ നിരന്തരം ശ്രമിച്ചിരുന്നു. നൂറിലധികം തവണ വിളിച്ചിട്ടും പ്രതികരണമില്ലാതായതോടെ മകൾ ലുധിയാനയിലുള്ള ബന്ധുക്കളെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് ബന്ധുക്കൾ വീട്ടിലെത്തിയപ്പോൾ വീട് അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. വീട്ടിൽ നിന്നും അസഹ്യമായ ദുർഗന്ധം വമിച്ചതിനെ തുടർന്ന് ബന്ധുക്കൾ വിവരം പൊലീസിൽ അറിയിച്ചു. തുടർന്ന് ശനിയാഴ്ച രാവിലെ പൊലീസ് എത്തി വീട് തുറന്ന് പരിശോധിച്ചപ്പോഴാണ് ദമ്പതികളെ രക്തത്തിൽ കുളിച്ച നിലയിൽ കണ്ടെത്തിയത്. കൊലപാതകം നടന്ന് ഏതാണ്ട് 36 മണിക്കൂറുകൾക്ക് ശേഷമാണ് സംഭവം പുറംലോകമറിയുന്നത്.
മൂർച്ചയില്ലാത്ത ആയുധങ്ങൾ ഉപയോഗിച്ച് ശരീരത്തിൽ മാരകമായി പരിക്കേൽപ്പിച്ചാണ് ദമ്പതികളെ കൊലപ്പെടുത്തിയിരിക്കുന്നത്. മുൻപ് ഫർണസ് ഫാക്ടറി ഉടമയായിരുന്ന കുൽദീപ് സിംഗ് വർഷങ്ങൾക്ക് മുൻപ് ഈ ബിസിനസ്സ് വിറ്റിരുന്നു. സംഭവത്തെ തുടർന്ന് ഡിവിഷൻ നമ്പർ 6 പോലീസ് സ്റ്റേഷനിൽ അജ്ഞാതർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നും വീടിന് സമീപം സംശയാസ്പദമായ സാഹചര്യത്തിൽ ചിലരെ കണ്ടെത്തിയിട്ടുണ്ട്. കേസിൽ നിർണായക വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും പ്രതികളെ ഉടൻ തന്നെ വലയിലാക്കുമെന്നും ലുധിയാന അഡീഷണൽ ഡെപ്യൂട്ടി കമ്മീഷണർ (ADCP-2) കരൺവീർ സിംഗ് അറിയിച്ചു. മാതാപിതാക്കളുടെ മരണവാർത്തയറിഞ്ഞ് കാനഡയിലുള്ള മകൾ ലുധിയാനയിലേക്ക് തിരിച്ചിട്ടുണ്ട്.
‘Daughter kept calling from Canada, no one answered’: Elderly couple found murdered in Ludhiana house
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla





