കാനഡയുടെ കുടിയേറ്റ നടപടിക്രമങ്ങൾ വലിയ കാലതാമസം നേരിടുന്നു. കനേഡിയൻ സെക്യൂരിറ്റി ഇൻ്റലിജൻസ് സർവീസ് (CSIS) നടത്തുന്ന സുരക്ഷാ പരിശോധനകളിലെ ബാക്ക്ലോഗാണ് ഇതിന് പ്രധാന കാരണം. ഇത് കാരണം അഭയാർഥികൾ മുതൽ പൗരത്വത്തിന് അപേക്ഷിച്ചവർ വരെ മാസങ്ങളും വർഷങ്ങളും കാത്തിരിക്കേണ്ട അവസ്ഥയാണ്.
2024-ൽ CSIS-ന് 5,38,000-ത്തിലധികം കുടിയേറ്റ, പൗരത്വ അപേക്ഷകളുമായി ബന്ധപ്പെട്ട സുരക്ഷാ പരിശോധനാ അപേക്ഷകൾ ലഭിച്ചു. ഇത് 2023-ന് മുൻപുള്ള ശരാശരിയുടെ (വർഷം ഏകദേശം 3,00,000) ഇരട്ടിയാണ്.അഭയാർഥികളുടെ എണ്ണത്തിലെ വർദ്ധനയും ഒരു പ്രശ്നമാണെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. എല്ലാ അഭയാർഥി അപേക്ഷകൾക്കും നിർബന്ധിത സുരക്ഷാ പരിശോധന ആവശ്യമാണ്. ഓരോ അപേക്ഷയും സൂക്ഷ്മമായി പരിശോധിക്കാൻ ആവശ്യമായ സമയം എടുക്കുമെന്ന് CSIS പറയുന്നു. അതുകൊണ്ടാണ് കാലതാമസം ഉണ്ടാകുന്നതെന്നാണ് CSISന്റെ പക്ഷം.
കാനഡയിൽ സ്ഥിരതാമസമാക്കാൻ ആഗ്രഹിക്കുന്നവർക്ക് ഈ കാലതാമസം വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്. ജോർദാനിൽ നിന്നുള്ള അഭയാർഥിയായ അലി അബുഹന്നൂദ് തൻ്റെ പൗരത്വ അപേക്ഷയുടെ സുരക്ഷാ പരിശോധനയ്ക്കായി 2024 മെയ് മുതൽ കാത്തിരിക്കുകയാണ്. ഇതിന് മുമ്പ് രണ്ട് തവണ അദ്ദേഹത്തിന് സുരക്ഷാ പരിശോധന ലഭിച്ചിരുന്നു.അപേക്ഷകർക്ക് അവരുടെ അപേക്ഷകളുടെ നിലയെക്കുറിച്ചോ കാലതാമസത്തിൻ്റെ കാരണങ്ങളെക്കുറിച്ചോ വ്യക്തമായ വിവരങ്ങൾ ലഭിക്കുന്നില്ലെന്ന് ബ്രിട്ടീഷ് കൊളംബിയയിലെയും ഒന്റാറിയോയിലെയും ഇമിഗ്രേഷൻ അഭിഭാഷകർ പറയുന്നു. CSISയുടെ 2024-ലെ റിപ്പോർട്ടിൽ ഈ ബാക്ക്ലോഗിനെക്കുറിച്ച് പരാമർശിക്കുന്നുണ്ടെങ്കിലും, ഇത് എപ്പോൾ പരിഹരിക്കുമെന്നതിനെക്കുറിച്ച് വ്യക്തമായ സമയപരിധി നൽകിയിട്ടില്ല.
CSIS Security Backlog Stalls Immigration and Citizenship Cases



