ടൊറന്റോ: ഡർഹാം റീജിയണിൽ സന്ദർശക വിസയിലും മറ്റും നിയമപരമായി എത്തി വൻതോതിൽ സാമ്പത്തിക തട്ടിപ്പുകൾ നടത്തുന്ന ‘ക്രിമിനൽ ടൂറിസ്റ്റ്’ ശൃംഖലയെ പോലീസ് തകർത്തു. ‘പ്രോജക്റ്റ് ജെറ്റ്സെറ്റർ’ എന്ന് പേരിട്ടിരിക്കുന്ന ഈ വൻ അന്വേഷണത്തിലൂടെ 2.6 മില്യൺ ഡോളറിന്റെ സാമ്പത്തിക നഷ്ടം ഉണ്ടാക്കിയ ഇരുന്നൂറിലധികം കുറ്റകൃത്യങ്ങളാണ് പോലീസ് കണ്ടെത്തിയത്. ഇതുവരെ 46 പേരെ പോലീസ് അറസ്റ്റ് ചെയ്യുകയും ഇവർക്കെതിരെ 1,442 ഓളം ക്രിമിനൽ കുറ്റങ്ങൾ ചുമത്തുകയും ചെയ്തിട്ടുണ്ട്. കൂടാതെ ഈ സംഘത്തിൽപ്പെട്ട 164 പേർക്കായി പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു.
എന്താണ് ഈ ‘ക്രിമിനൽ ടൂറിസം’?
പോലീസ് ചീഫ് പീറ്റർ മൊറേര വ്യക്തമാക്കിയതനുസരിച്ച്, കാനഡയിൽ നിയമപരമായി എത്തിയ ശേഷം ആസൂത്രിതമായി തട്ടിപ്പുകൾ നടത്തി രാജ്യം വിടുന്നതാണ് ഇവരുടെ രീതി. പ്രതികളിൽ ഭൂരിഭാഗവും റൊമാനിയയിൽ നിന്നുള്ളവരാണെന്നും ചെറിയൊരു പങ്ക് ഇന്ത്യയിൽ നിന്നുള്ളവരാണെന്നും ഡിറ്റക്ടീവ് ബ്രാഡ് ചാപ്മാൻ പറഞ്ഞു. ഇവർ ഒരേ പേരിൽ ഒരിടത്തും നിൽക്കാതെ പല പ്രവിശ്യകളിലേക്ക് മാറിമാറി സഞ്ചരിച്ച് തട്ടിപ്പ് നടത്തുന്നു. 2019 മുതൽ 2026 വരെയുള്ള നീണ്ട അന്വേഷണത്തിനൊടുവിലാണ് ഈ അന്താരാഷ്ട്ര തട്ടിപ്പ് സംഘത്തിന്റെ വിവരങ്ങൾ പുറത്തുവരുന്നത്.
പ്രധാന തട്ടിപ്പ് രീതികൾ
കാറുകൾ വിൽക്കാൻ വെച്ചിരിക്കുന്നവരെ സമീപിച്ച് ടെസ്റ്റ് ഡ്രൈവ് ചെയ്യുന്നതിനിടയിൽ, കാറിന്റെ പുകക്കുഴലിൽ രഹസ്യമായി ഓയിലോ മറ്റ് ദ്രാവകങ്ങളോ ഒഴിച്ച് വണ്ടി കേടാണെന്ന് വരുത്തിതീർക്കുന്ന ‘ഡേർട്ടി ഓയിൽ’ (Dirty Oil) കാർ തട്ടിപ്പാണ് ഇതിൽ പ്രധാനം. വണ്ടിയുടെ എഞ്ചിൻ കേടായെന്ന് വിശ്വസിപ്പിച്ച് വില പതിന്മടങ്ങ് കുറച്ചാണ് ഇവർ കാറുകൾ തട്ടിയെടുക്കുന്നത്. കൂടാതെ വ്യാജ ഐഡന്റിറ്റി ഉപയോഗിച്ച് വണ്ടികൾ ലോണിന് എടുക്കുകയും, പിന്നീട് ഇവ മറ്റ് ക്രിമിനൽ സംഘങ്ങൾക്ക് കൈമാറി കാനഡയ്ക്ക് പുറത്തേക്ക് കടത്തുകയും ചെയ്യുന്നു. കാറുകളുടെ ഓഡോമീറ്റർ തിരുത്തി വ്യാജ കിലോമീറ്റർ കാണിച്ച് വിൽക്കുന്നതും ഇവരുടെ രീതിയാണ്.
പ്രായമായ മുതിർന്ന പൗരന്മാരെ ലക്ഷ്യമിട്ടാണ് ഇവർ വലിയ രീതിയിൽ തട്ടിപ്പ് നടത്തുന്നത്. വഴി ചോദിക്കാനെന്ന വ്യാജേന സമീപിച്ച് കെട്ടിപ്പിടിക്കുകയോ സമ്മാനങ്ങൾ നൽകുകയോ ചെയ്യുന്നതിനിടയിൽ അവരുടെ യഥാർത്ഥ സ്വർണ്ണാഭരണങ്ങൾ മോഷ്ടിച്ച് പകരം വ്യാജ ആഭരണങ്ങൾ അണിയിക്കുന്ന രീതിയാണിത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇത്തരം തട്ടിപ്പുകളിൽ 268 ശതമാനം വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. സൂപ്പർമാർക്കറ്റുകളിലും മറ്റും സാധനങ്ങൾ വാങ്ങാൻ എത്തുന്ന പ്രായമായവരുടെ ശ്രദ്ധ തിരിച്ച് അവരുടെ എടിഎം കാർഡുകളും പിൻ നമ്പറുകളും കൈക്കലാക്കി ലക്ഷക്കണക്കിന് രൂപ അക്കൗണ്ടിൽ നിന്ന് പിൻവലിക്കുന്ന രീതിയും ഇവർക്കുണ്ട്.
Criminal tourism: Suspects entering Canada to commit high-profit crimes in Durham Region
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt





