ലണ്ടൻ: ഗണേശോത്സവത്തോടനുബന്ധിച്ച് യുകെയിലെ നദിയിൽ ഗണേശ വിഗ്രഹം നിമജ്ജനം ചെയ്ത ഒരു കൂട്ടം ആളുകൾക്കെതിരെ സമൂഹമാധ്യമങ്ങളിൽ വ്യാപകമായ പ്രതിഷേധം. നദിയിൽ വിഗ്രഹം ഒഴുക്കുന്നതിൻ്റെ വീഡിയോ വൈറലായതോടെയാണ് പരിസ്ഥിതി പ്രവർത്തകരും നെറ്റിസൺസും വിമർശനവുമായി രംഗത്തെത്തിയത്. രാസവസ്തുക്കൾ നിറഞ്ഞതും അലങ്കാര വസ്തുക്കളുള്ളതുമായ വിഗ്രഹങ്ങൾ നദിയിൽ നിമജ്ജനം ചെയ്യുന്നത് ജലമലിനീകരണത്തിന് കാരണമാകുമെന്നും, ജലജീവികൾക്ക് ഭീഷണിയാണെന്നും വിമർശകർ ചൂണ്ടിക്കാട്ടുന്നു.
വീഡിയോയിൽ, ഗണപതി വിഗ്രഹം നദിയിൽ ഒഴുക്കുന്നതിനൊപ്പം ഏതാനും അരയന്നങ്ങളും മറ്റ് ജലജീവികളും സമീപത്തുള്ളത് കാണാം. ‘നിങ്ങൾ ഇന്ത്യയിലെ ജലാശയങ്ങൾ മുഴുവൻ മലിനമാക്കി. ഇനി അന്താരാഷ്ട്ര ജലാശയങ്ങൾ കൂടി മലിനമാക്കരുത്. ഭൂമിയെ സംരക്ഷിക്കണം’ എന്ന് ഒരാൾ വീഡിയോയ്ക്ക് താഴെ അഭിപ്രായപ്പെട്ടു.
വിഗ്രഹത്തിൽ ഉപയോഗിച്ച അലങ്കാര വസ്തുക്കളെങ്കിലും നീക്കം ചെയ്യണമായിരുന്നുവെന്ന് മറ്റൊരാൾ കുറിച്ചു.
ഇത് അരയന്നങ്ങൾക്കും മറ്റ് ജലജീവികൾക്കും അപകടം സൃഷ്ടിക്കുമെന്നും ഗുരുതരമായ ജലമലിനീകരണത്തിന് കാരണമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘ദൈവമാണ് പ്രകൃതി, ദയവായി പ്രകൃതിയെ മലിനമാക്കരുത്. അങ്ങനെ ചെയ്താൽ ഗണപതി ഭഗവാൻ തന്നെ കോപിക്കും’ എന്ന് മറ്റൊരു ഉപയോക്താവ് കുറിച്ചു. മണ്ണിൽ നിർമ്മിച്ച വിഗ്രഹങ്ങളാണ് ഇത്തരം നിമജ്ജനങ്ങൾക്ക് ഉപയോഗിക്കേണ്ടതെന്നും, രാസവസ്തുക്കളാൽ നിറഞ്ഞ വിഗ്രഹങ്ങൾ നദിക്ക് ഭാരമാണെന്നും ചിലർ അഭിപ്രായപ്പെട്ടു. ഇത്തരം ആചാരങ്ങൾ കൃത്രിമ ജലാശയങ്ങളിൽ നടത്തണമെന്നും പ്രകൃതിയിലെ സ്വാഭാവിക ജലാശയങ്ങളെ ഒഴിവാക്കണമെന്നും അഭിപ്രായമുയർന്നു.
പരിസ്ഥിതിക്ക് ദോഷകരമല്ലാത്ത ആചാരങ്ങൾ സ്വീകരിക്കണമെന്നും പ്രകൃതിയോടുള്ള ബഹുമാനം എല്ലാവരും മുന്നോട്ട് വെക്കണമെന്നും പരിസ്ഥിതി പ്രവർത്തകരും ആവശ്യപ്പെട്ടു. അതേസമയം, ഇത് കളിമണ്ണിൽ നിർമ്മിച്ച വിഗ്രഹമാണെന്നും അനുമതിയോടെയാണ് നിമജ്ജനം നടത്തിയതെന്നുമാണ് വീഡിയോ പങ്കുവെച്ച യുവാവിൻ്റെ വിശദീകരണം.





