വാൻകൂവറിലെ കൊമേഷ്യൽ-ബ്രോഡ്‌വേ സ്റ്റേഷന് സമീപം കൂറ്റൻ ഭവന പദ്ധതി നിർമ്മിക്കാൻ നഗരസഭ അനുമതി നൽകി. ജനങ്ങളിൽ നിന്നുള്ള കടുത്ത എതിർപ്പ് അവഗണിച്ചാണ് മൂന്ന് ടവറുകളിലായി ആയിരത്തിലധികം വാടകവീടുകൾ വരുന്ന പദ്ധതിക്ക് കൗൺസിൽ അംഗീകാരം നൽകിയത്.
വെസ്റ്റ്ബാങ്ക് പ്രോജക്ട്സ്, ക്രോംബി റീറ്റ് എന്നീ കമ്പനികളാണ് 2023-ൽ ഈ നിർമ്മാണ പദ്ധതിക്കുള്ള അപേക്ഷ നൽകിയത്. പുതിയ കെട്ടിടങ്ങൾ വരുന്നതോടെ തങ്ങളുടെ പ്രദേശത്തെ വാടക വലിയ തോതിൽ വർധിക്കുമെന്നും ചെറുകിട വ്യാപാരങ്ങളെ അത് ദോഷകരമായി ബാധിക്കുമെന്നും ചൂണ്ടിക്കാട്ടി നിരവധി പേർ പദ്ധതിയെ എതിർത്തിരുന്നു.
എന്നാൽ കൗൺസിലിലെ ഭൂരിഭാഗം അംഗങ്ങളും പദ്ധതിക്ക് അനുകൂലമായി വോട്ട് ചെയ്തു. പുതിയ താമസസ്ഥലങ്ങൾക്കൊപ്പം ഗ്രോസറി സ്റ്റോർ, ഓഫീസുകൾ, നഗരസഭയുടെ ശിശുസംരക്ഷണ കേന്ദ്രം, പൊതുവിശ്രമ സ്ഥലം എന്നിവയും പദ്ധതിയുടെ ഭാഗമായി നിർമ്മിക്കും. പദ്ധതിക്കെതിരായ പ്രധാന വിമർശനം അതിലെ വാടകയാണ്.
ആകെ നിർമ്മിക്കുന്ന ആയിരത്തിലധികം വീടുകളിൽ കേവലം പത്ത് ശതമാനം മാത്രമാണ് നഗരസഭ നിശ്ചയിച്ച മിതമായ നിരക്കിൽ ലഭ്യമാവുക. ബാക്കിയുള്ളവയ്ക്ക് വിപണി നിരക്കിൽ ഉയർന്ന വാടക നൽകേണ്ടി വരും. നഗരത്തിലെ വീടുകളുടെ ക്ഷാമം പരിഹരിക്കാനാണ് ഈ പദ്ധതിയെന്ന് അധികൃതർ പറയുമ്പോഴും, കുറഞ്ഞ വരുമാനക്കാരായ തൊഴിലാളികൾക്ക് ഇത് പ്രയോജനപ്പെടില്ലെന്ന ആശങ്ക ശക്തമായി തുടരുകയാണ്.






