ചെന്നൈ: 11 കുട്ടികളുടെ മരണത്തിന് ഇടയാക്കിയ കോൾഡ്രിഫ് സിറപ്പ് ഉൾപ്പെടെ 50-ഓളം മരുന്നുകൾ ഉൽപാദിപ്പിച്ചിരുന്ന കമ്പനിയുടെ ഞെട്ടിക്കുന്ന ചിത്രം പുറത്ത്. കാഞ്ചീപുരത്തിനടുത്ത് സുങ്കുവർഛത്രത്തിൽ പ്രവർത്തിക്കുന്ന ശ്രേസൻ ഫാർമസ്യൂട്ടിക്കൽസിന്റെ ഓഫിസ് പ്രവർത്തിച്ചിരുന്നത് തകരഷീറ്റുകൾ കൊണ്ടു മറച്ചൊരുക്കിയ ഷെഡ്ഡിലാണ്.
മധ്യപ്രദേശിലും രാജസ്ഥാനിലുമായി കുട്ടികളുടെ മരണത്തിന് കാരണമായ കോൾഡ്രിഫ് സിറപ്പ് നിർമിച്ചത് ഈ പ്ലാന്റിലാണ്. നിലവിൽ കമ്പനി അടച്ചുപൂട്ടിയിരിക്കുകയാണ്. തമിഴ്നാട് സീനിയർ ഡ്രഗ്സ് ഇൻസ്പെക്ടർ നടത്തിയ പരിശോധനയിൽ പ്ലാന്റിൽ ഗുരുതര ചട്ടലംഘനങ്ങൾ കണ്ടെത്തി.കോൾഡ്രിഫ് സിറപ്പിൽ വ്യാവസായിക ആവശ്യത്തിനുള്ള രാസവസ്തുവായ ഡൈഎത്തിലീൻ ഗ്ലൈക്കോൾ 48.6% അടങ്ങിയിട്ടുണ്ടെന്ന് പ്രാഥമിക പരിശോധനയിൽ വ്യക്തമായി. ഇത് ചെറിയ അളവിൽ ഉള്ളിൽച്ചെന്നാൽ പോലും ഗുരുതരമായ വൃക്ക തകരാറിനും മരണത്തിനും കാരണമാകും.
കമ്പനിയുടെ ലൈസൻസ് റദ്ദാക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. മറ്റു സംസ്ഥാനങ്ങൾക്കൊപ്പം മഹാരാഷ്ട്രയിലും കോൾഡ്രിഫ് സിറപ്പ് നിരോധിച്ചു. മധ്യപ്രദേശും രാജസ്ഥാനും കമ്പനിക്കെതിരെ ക്രിമിനൽ നടപടികൾ ആരംഭിച്ചിട്ടുണ്ട്.തകര ഷെഡ്ഡിൽ പ്രവർത്തിച്ചിരുന്ന ഈ പ്ലാന്റിൽ കുട്ടികൾക്കുള്ള സിറപ്പുകൾ, ആന്റിബയോട്ടിക്കുകൾ, പാരസെറ്റമോൾ സംയുക്തങ്ങൾ അടങ്ങിയ കോംബിനേഷൻ മരുന്നുകൾ, പ്രമേഹ മരുന്നുകൾ, വേദനസംഹാരികൾ തുടങ്ങിയവ ഉൾപ്പെടെ 50-ഓളം മരുന്നുകൾ നിർമിച്ചിരുന്നു.
പ്ലാന്റിൽ മരുന്ന് നിർമാണത്തിനെത്തിച്ച രാസവസ്തുക്കൾ നിറച്ച പ്ലാസ്റ്റിക് ബാരലുകൾ ചൂടിൽ വീർത്തു കിടക്കുന്നതും, കത്തിക്കരിഞ്ഞ മരുന്ന് അവശിഷ്ടങ്ങളും പ്ലാസ്റ്റിക് കുപ്പികളും ചിതറിക്കിടക്കുന്നതും കമ്പനിയുടെ അശാസ്ത്രീയമായ പ്രവർത്തനരീതിയിലേക്ക് വിരൽചൂണ്ടുന്നു.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82
Coldriff Syrup is at the center of a major health crisis following the deaths of children





