റെജീന: സസ്കാച്ചുവാനിൽ അതിശൈത്യം കഠിനമാകുന്ന സാഹചര്യത്തിൽ പ്രവിശ്യയുടെ വിവിധ ഭാഗങ്ങളിൽ പരിസ്ഥിതി മന്ത്രാലയം അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. റെജീനയും തെക്കുകിഴക്കൻ സസ്കാച്ചവാനുമാണ് നിലവിൽ കൊടുംതണുപ്പിന്റെ പിടിയിലായിരിക്കുന്നത്. വെള്ളിയാഴ്ച രാത്രിയോടെ വീശിയടിക്കുന്ന കാറ്റും കഠിനമായ മഞ്ഞുവീഴ്ചയും കാരണം തണുപ്പ് മൈനസ് 40 ഡിഗ്രി സെൽഷ്യസിനും താഴേക്ക് പോകാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നത്. ശനിയാഴ്ച രാവിലെ വരെ ഈ സാഹചര്യം തുടരുമെന്നാണ് കണക്കാക്കപ്പെടുന്നത്.
നേരത്തെ സസ്കാറ്റൂൺ, പ്രിൻസ് ആൽബർട്ട്, മധ്യ സസ്കാച്ചവൻ എന്നിവിടങ്ങളിൽ പ്രഖ്യാപിച്ച മുന്നറിയിപ്പ് ഇപ്പോഴും നിലനിൽക്കുകയാണ്. അതിശൈത്യം ജനജീവിതത്തെ ബാധിക്കാൻ സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു. പ്രത്യേകിച്ച് ഒറ്റയ്ക്ക് താമസിക്കുന്ന മുതിർന്ന പൗരന്മാരുടെയും സുഹൃത്തുക്കളുടെയും ആരോഗ്യസ്ഥിതി അന്വേഷിക്കാനും അവർക്ക് ആവശ്യമായ സഹായങ്ങൾ ഉറപ്പാക്കാനും മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.
യാത്ര ചെയ്യുന്നവർ അടിയന്തര സാഹചര്യങ്ങൾ നേരിടാൻ വാഹനങ്ങളിൽ പ്രത്യേക തയ്യാറെടുപ്പുകൾ നടത്തണം. കരുതൽ ബ്ലാങ്കറ്റുകൾ, ജമ്പർ കേബിളുകൾ തുടങ്ങിയ അത്യാവശ്യ ഉപകരണങ്ങൾ വാഹനങ്ങളിൽ സൂക്ഷിക്കുന്നത് വഴി അപകടങ്ങൾ ഒഴിവാക്കാം. പുറത്തിറങ്ങുന്നവർ കഠിനമായ തണുപ്പിൽ നിന്ന് സംരക്ഷണം നൽകുന്ന വസ്ത്രങ്ങൾ ധരിക്കണമെന്നും ചർമ്മത്തിന് പെട്ടെന്ന് ആഘാതമുണ്ടാകാൻ സാധ്യതയുള്ള കാലാവസ്ഥയാണിതെന്നും മുന്നറിയിപ്പിൽ പറയുന്നു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Cold warning issued for Regina, parts of southeastern Sask.





