മുഖ്യമന്ത്രി പിണറായി വിജയന്‍ ചികിത്സയ്ക്കായി വീണ്ടും അമേരിക്കയിലേക്ക്. വെള്ളിയാഴ്ച്ച അര്‍ധരാത്രിയോടെ ദുബായ് വഴിയാണ് അമേരിക്കയിലേക്ക് പോവുക. ചികിത്സയുടെ ഭാഗമായി ഒരാഴ്ചയോളം അമേരിക്കയില്‍ കഴിയുമെന്നാണ് റിപ്പോര്‍ട്ട്. ഇത് നാലാം തവണയാണ് മുഖ്യമന്ത്രി ചികിത്സയ്ക്കായി അമേരിക്കയിലേക്കു പോകുന്നത്.
കോട്ടയത്ത് മെഡിക്കല്‍ കോളജ് കെട്ടിടം തകര്‍ന്നുവീണ് വീട്ടമ്മ മരിച്ചതിന്റെ വിവാദം കത്തിനില്‍ക്കുന്നതിനിടെയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോകുന്നതെന്നതാണ് ശ്രദ്ധേയമായ കാര്യം. മുന്‍പ് മുഖ്യമന്ത്രി മിനസോടയിലെ മയോ ക്ലിനിക്കില്‍ ചികിത്സ തേടിയിരുന്നു. തുടര്‍ചികിത്സകളുടെ ഭാഗമായി തന്നെയാണ് ഇപ്പോഴത്തെ യാത്ര.
2018ലാണ് ആദ്യമായി അദ്ദേഹം ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോയത്. 2022 ജനുവരി 11 മുതൽ 26വരെയും ഏപ്രിൽ അവസാനവും ചികിൽസയ്ക്കായി അമേരിക്കയിലേക്കു പോയിരുന്നു. 2018 സെപ്റ്റംബറില്‍ തന്റെ ഒന്നാം സര്‍ക്കാരിന്റെ കാലത്താണ് മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയില്‍ ചികിത്സ നടത്തിയിരുന്നത്.



