ഷിക്കാഗോ: ഷിക്കാഗോയിൽ സൈനിക നടപടിക്ക് ഒരുങ്ങുന്നു എന്ന അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രസ്‌താവന വിവാദത്തിലേക്ക്. ‘ഡിപ്പാർട്ട്‌മെൻ്റ് ഓഫ് ഡിഫൻസ്’ എന്നതിനെ ‘ഡിപ്പാർട്ട്‌മെൻ്റ് ഓഫ് വാർ’ എന്ന് പുനർനാമകരണം ചെയ്‌തതിന് പിന്നാലെയാണ് ട്രംപിന്റെ മുന്നറിയിപ്പ്. എന്തുകൊണ്ടാണ് ഇതിന് ‘യുദ്ധകാര്യ വകുപ്പ്’ എന്ന് പേരിട്ടതെന്ന് ഷിക്കാഗോക്കാർക്ക് ഉടൻ മനസ്സിലാകുമെന്നായിരുന്നു അദ്ദേഹത്തിന്റെ ഭീഷണി. ട്രൂത്ത് സോഷ്യലിൽ ഒരു എ.ഐ. ചിത്രം പങ്കുവെച്ചുകൊണ്ടാണ് ട്രംപ് ഈ പ്രസ്‌താവന നടത്തിയത്. ‘അപ്പോക്കലിപ്‌സ് നൗ’ എന്ന സിനിമയെ അനുസ്‌മരിപ്പിക്കുന്ന ഈ ചിത്രത്തിൽ, പുകയുന്നതും തീപിടിച്ചതുമായ ഷിക്കാഗോ നഗരത്തിന് മുന്നിൽ നിൽക്കുന്ന ട്രംപിനെയാണ് കാണാൻ സാധിക്കുന്നത്.
ട്രംപിന്റെ ഈ ഭീഷണിക്ക് ഷിക്കാഗോയിലെയും ഇലിനോയിലെയും നേതാക്കൾ ശക്തമായ ഭാഷയിൽ പ്രതികരിച്ചു. ഇലിനോയ് ഗവർണർ ജെ.ബി. പ്രിറ്റ്സ്‌കർ, ട്രംപിനെ വ്യാജ ഏകാധിപതി എന്ന് വിശേഷിപ്പിച്ചു. അമേരിക്കൻ നഗരത്തെ ഭീഷണിപ്പെടുത്തുന്നത് സാധാരണ കാര്യമല്ലെന്നും ഇതൊരു തമാശയല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഷിക്കാഗോ മേയറായ ബ്രാൻഡൻ ജോൺസണും ട്രംപിന്റെ നടപടികളെ വിമർശിച്ചു. രാജ്യത്തിന്റെ ഭരണഘടനയെയും ജനാധിപത്യപരമായ മൂല്യങ്ങളെയും തകർക്കാനുള്ള ശ്രമമാണിതെന്നും ഇത് അമേരിക്കൻ ജനതയോടുള്ള വെല്ലുവിളിയാണെന്നും അവർ അഭിപ്രായപ്പെട്ടു.
അതേസമയം, ട്രംപ് ഭരണകൂടം അടുത്തിടെ പ്രതിരോധ വകുപ്പിന്റെ പേര് മാറ്റി ‘ഡിപ്പാർട്ട്‌മെൻ്റ് ഓഫ് വാർ’ എന്ന് പുനർനാമകരണം ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്നു. സൈന്യത്തിന് കൂടുതൽ ആക്രമണോത്സുകത നൽകുക എന്നതാണ് ഈ പേരുമാറ്റത്തിന് പിന്നിലെ ലക്ഷ്യമെന്ന് ട്രംപ് പക്ഷം പറയുന്നു. എന്നാൽ, ഈ പേരുമാറ്റം നടപ്പിലാക്കാൻ കോൺഗ്രസിന്റെ അംഗീകാരം ആവശ്യമാണ്. ട്രംപിന്റെ ഈ നീക്കം അധികാര ദുർവിനിയോഗമാണെന്നും അമേരിക്കയുടെ പ്രതിരോധ മേഖലയെ രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിക്കുന്നതിന്റെ സൂചനയാണെന്നും രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി:
https://chat.whatsapp.com/JNSnrvnSqw1DUJljLTLp82
Chicago drowns in smoke; Trump's AI image is a hot topic on social media





