കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ സമൂഹമാധ്യമങ്ങളിൽ അശ്ലീലച്ചുവയുള്ള വീഡിയോ പ്രചരിപ്പിച്ച കേസിൽ ക്രൈം നന്ദകുമാറിനെതിരെ കൊച്ചി സൈബർ പോലീസ് കേസെടുത്തു. ബിഎൻഎസ് 192, ഐടി നിയമത്തിലെ 67, 65എ എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
നിയമവിരുദ്ധമായ പ്രവർത്തനത്തിലൂടെ സമൂഹത്തിൽ കലാപവും പ്രകോപനവും സൃഷ്ടിക്കാൻ ശ്രമിച്ചു എന്ന കുറ്റത്തിനാണ് ബിഎൻഎസിലെ 192-ാം വകുപ്പ് ചുമത്തിയിരിക്കുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച യൂട്യൂബിലും മറ്റ് സമൂഹമാധ്യമങ്ങളിലും നന്ദകുമാർ പങ്കുവെച്ച വീഡിയോയാണ് കേസിന് ആധാരം.
വീഡിയോയിൽ ലൈംഗികവും അശ്ലീലവുമായ ഉള്ളടക്കങ്ങൾ ഉൾപ്പെടുന്നുണ്ടെന്ന് എഫ്‌ഐആറിൽ പറയുന്നു. രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ മുഖ്യമന്ത്രി നടത്തിയ പരാമർശങ്ങളോടുള്ള പ്രതികരണമായാണ് നന്ദകുമാർ ഈ വീഡിയോ തയ്യാറാക്കി പ്രചരിപ്പിച്ചത്. കേസിന്റെ വിശദമായ അന്വേഷണം നടന്നുവരികയാണെന്ന് പോലീസ് അറിയിച്ചു.



