ഫ്രഞ്ച് ഓപ്പൺ പുരുഷ സിംഗിൾസ് കിരീടം സ്പെയിനിൻറെ അൽകരാസ് നിലനിർത്തി. അഞ്ച് സെറ്റുകൾ നീണ്ട വാശിയേറിയ പോരാട്ടത്തിനൊടുവിലായിരുന്നു അൽക്കരാസിൻറെ വിജയം. ആദ്യ രണ്ട് സെറ്റുകൾ നഷ്ടമായി മത്സരത്തിൽ പിന്നിലായ ശേഷം അടുത്ത മൂന്ന് സെറ്റും സ്വന്തമാക്കിയാണ് അൽക്കരാസ് തൻറെ രണ്ടാം ഫ്രഞ്ച് ഓപ്പൺ കിരീടം സ്വന്തമാക്കിയത്. സ്കോർ 4-6, 6-7, 6-4, 7-6, 7-6 .
5 മണിക്കൂറും 20 മിനിറ്റിലധികം നീണ്ടുനിന്ന ഈ മത്സരം ഫ്രഞ്ച് ഓപ്പൺ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ ഫൈനലാണ്. ആദ്യ രണ്ട് സെറ്റുകളിൽ സിന്നർ ആധിപത്യം പുലർത്തി. എന്നാൽ ഒരിക്കലും തോൽവി സമ്മതിക്കാത്ത മനോഭാവത്തിന് പേരുകേട്ട അൽകാറാസ് പതുക്കെ തിരിച്ചുവന്നു. നാലാം സെറ്റിൽ സ്പാനിഷ് താരം മൂന്ന് ചാമ്പ്യൻഷിപ്പ് പോയിന്റുകൾ രക്ഷിച്ചെടുക്കുകയും ടൈബ്രേക്കിൽ 7-3 ന് വിജയിക്കുകയും ചെയ്തതോടെ മത്സരത്തിന്റെ ഗതി മാറി. അഞ്ചാം സെറ്റിൽ ഇരു കളിക്കാരും കിണഞ്ഞ് പരിശ്രമിച്ചു. മത്സരം ഒരു ഫൈനൽ സെറ്റ് ടൈബ്രേക്കിലേക്ക് നീണ്ടു . ഈ നിയമം അവതരിപ്പിച്ചതിന് ശേഷം ഫ്രഞ്ച് ഓപ്പൺ ഫൈനലിൽ ആദ്യമായാണ് ഇത് സംഭവിക്കുന്നത്. അവിടെ, അൽകാറാസിന്റെ ഊർജ്ജവും ക്ലാസും സിന്നറിനെ നിശ്പ്രഭമാക്കി. ടൈബ്രേക്കിൽ 7-2 ന് ജയിച്ച് അൽകരാസ് കിരീടം നേടി.






