കാലിഫോർണിയ: കനാബിസ് പതിവായി വലിക്കുകയോ വേപ്പ് ചെയ്യുകയോ ചെയ്യുന്നത് ഉപഭോക്താക്കളിൽ ആസ്ത്മ ഉണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കുമെന്ന് പുതിയ പഠനം. ദിനംപ്രതി കനാബിസ് വലിക്കുന്ന ആളുകൾക്ക് ആസ്ത്മ വരാനുള്ള സാധ്യത 44 ശതമാനം കൂടുതലാണെന്ന് യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയ, സാൻ ഫ്രാൻസിസ്കോ (യുസിഎസ്എഫ്) നടത്തിയ പഠനം കണ്ടെത്തി. ദിവസവും കനാബിസ് ഉപയോഗിക്കുന്നത് ഒബ്‌സ്ട്രക്ടീവ് പൾമണറി ഡിസീസ് (COPD)അഥവാ ശ്വാസ തടസ്സങ്ങൾ വരാനുള്ള സാധ്യത 27 ശതമാനം വർദ്ധിപ്പിക്കുമെന്നും ഗവേഷകർ പറയുന്നു.
ഈ അവസ്ഥ വികസിക്കാൻ പതിറ്റാണ്ടുകൾ എടുക്കുമെന്നും, ഗവേഷണത്തിൽ പങ്കെടുത്ത ആളുകൾ എത്ര കാലമായി മയക്കുമരുന്ന് ഉപയോഗിക്കുന്നു എന്നതിനെക്കുറിച്ച് കൃത്യമായ വിവരങ്ങളില്ലാത്തതിനാൽ ഈ കണക്കുകൾ കൃത്യമായിരിക്കില്ലെന്നും ഗവേഷകർ ചൂണ്ടിക്കാട്ടി. പുകവലി, വാപ്പിംഗ്, ഡാബിംഗ് എന്നിവയുൾപ്പെടെയുള്ള വിവിധ രീതിയിലുള്ള കനാബിസ് ഉപയോഗം പഠനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ജേണൽ ഓഫ് ജനറൽ ഇന്റേണൽ മെഡിസിനിൽ പ്രസിദ്ധീകരിച്ച ഈ പഠനം, പുകയില ഒരിക്കലും ഉപയോഗിക്കാത്ത ആളുകളിൽ പോലും കനാബിസ് ശ്വസിക്കുന്നത് ശ്വാസകോശത്തിന് ദോഷകരമാണെന്ന് കണ്ടെത്തി.
3,80,000 അമേരിക്കൻ മുതിർന്നവരെ ഉൾപ്പെടുത്തി നടത്തിയ ഈ പഠനം ഈ വിഷയത്തിൽ നടന്ന ഏറ്റവും വലിയ ഗവേഷണങ്ങളിൽ ഒന്നാണ്. പുകയില ഉപയോഗിക്കാത്ത ആളുകളിൽ, ദിവസവും കഞ്ചാവ് വലിക്കുന്നത് ആസ്ത്മ ഉണ്ടാകാനുള്ള സാധ്യത 51 ശതമാനം വർദ്ധിപ്പിച്ചതായി ഗവേഷകർ പറയുന്നു. പുകയിലയേക്കാൾ “ആരോഗ്യകരമാണ്” എന്ന പൊതുധാരണ കഞ്ചാവിന്റെ അപകടസാധ്യതകൾ കുറച്ചു കാണാൻ ആളുകളെ പ്രേരിപ്പിച്ചിട്ടുണ്ടെന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടു.
“പുകയില വലിക്കുന്നത് ആരോഗ്യത്തിന് ദോഷകരമാണ് എന്ന സന്ദേശം എല്ലാവരിലും എത്തിയിട്ടുണ്ട്, എന്നാൽ കനാബിസിന്റെ കാര്യത്തിൽ ഇത് അത്ര വ്യക്തമല്ല,” പഠനത്തിന്റെ മുഖ്യ രചയിതാവും യുസിഎസ്എഫ് അസിസ്റ്റന്റ് പ്രൊഫസറുമായ അലിസൺ റുസ്റ്റാഗി വാർത്താക്കുറിപ്പിൽ പറഞ്ഞു. “നിങ്ങൾക്ക് ഒരു വിട്ടുമാറാത്ത ശ്വാസകോശ രോഗം വരാനുള്ള സാധ്യത കുറയ്ക്കണമെങ്കിൽ, കഞ്ചാവ് ഉപയോഗിക്കാൻ പാടില്ല.” കനാബിസ് ഉപയോഗിക്കുന്ന ആളുകൾക്ക് ആരോഗ്യപരമായ ആശങ്കകളുണ്ടെങ്കിൽ ഉപയോഗം കുറയ്ക്കുന്നത് പരിഗണിക്കണമെന്നും അവർ കൂട്ടിച്ചേർത്തു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82






