സിഡ്‌നി: മിഡിൽ ഈസ്റ്റിൽ പുകയുന്ന യുദ്ധസമാനമായ സാഹചര്യങ്ങൾക്കിടയിലും മേഖലയിൽ വിന്യസിക്കപ്പെട്ടിട്ടുള്ള കനേഡിയൻ സൈനികർ പൂർണ്ണ സുരക്ഷിതരാണെന്ന് പ്രതിരോധ മന്ത്രി ഡേവിഡ് മക്ഗുന്റി വ്യക്തമാക്കി. ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ വധത്തെത്തുടർന്ന് പശ്ചിമേഷ്യയിൽ അതീവ ജാഗ്രത തുടരുന്ന പശ്ചാത്തലത്തിലാണ്, കനേഡിയൻ സൈനികരൊന്നും തന്നെ നിലവിൽ അപകടമേഖലയിലില്ലെന്ന ഔദ്യോഗിക സ്ഥിരീകരണം വരുന്നത്. ഓസ്‌ട്രേലിയൻ സന്ദർശനത്തിനിടെ സിഡ്‌നിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സൈനികരുടെ കൃത്യമായ എണ്ണം വെളിപ്പെടുത്താൻ മന്ത്രി തയ്യാറായില്ലെങ്കിലും, സൈന്യത്തിന്റെ സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ടെന്ന് അദ്ദേഹം ഉറപ്പുനൽകി.
മേഖലയിലെ അശാന്തിക്ക് കാരണക്കാരനായ ഒരു വ്യക്തിയുടെ അന്ത്യം ശുഭസൂചനയാണെന്ന് ഖമേനിയുടെ വധത്തെ പരാമർശിച്ചുകൊണ്ട് മക്ഗുന്റി അഭിപ്രായപ്പെട്ടു. ഇറാനെതിരെയുള്ള അമേരിക്കയുടെയും ഇസ്രായേലിന്റെയും സൈനിക നീക്കങ്ങളെ കാനഡ തത്വത്തിൽ പിന്തുണയ്ക്കുന്നുണ്ടെങ്കിലും, നേരിട്ടുള്ള യുദ്ധത്തിൽ പങ്കാളികളാകില്ലെന്ന നിലപാടിലാണ് പ്രധാനമന്ത്രി മാർക്ക് കാർണി. ഈ ആക്രമണങ്ങളുടെ ആസൂത്രണത്തിലോ നടത്തിപ്പിലോ കാനഡയ്ക്ക് പങ്കില്ലെന്നും മുൻകൂട്ടി വിവരം ലഭിച്ചിരുന്നില്ലെന്നും പ്രതിരോധ മന്ത്രി വ്യക്തമാക്കി. സൈനിക നടപടികളെ അനുകൂലിക്കുമ്പോഴും, മേഖലയിലെ സമാധാനം പുനഃസ്ഥാപിക്കാൻ നയതന്ത്രപരമായ ചർച്ചകളാണ് അനിവാര്യമെന്ന നിലപാടിലാണ് സർക്കാർ.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
'Canadian soldiers in the Middle East are safe' - Defence Minister David McGuinty









