കാനഡയിൽ നിന്ന് ശൈത്യകാലത്ത് ചൂടുള്ള അമേരിക്കൻ പ്രവശ്യകളിലേക്ക് വരുന്ന 50 വയസ്സിനു മുകളിലുള്ള ‘സ്നോബേർഡുകൾക്ക്’ വിസയില്ലാതെ യുഎസിൽ താമസിക്കാവുന്ന കാലാവധി 182 ദിവസത്തിൽ നിന്ന് 240 ദിവസമായി (ഏകദേശം എട്ടുമാസം) ഉയർത്താൻ യുഎസ് ഹൗസ് ഓഫ് റെപ്രസെന്റേറ്റീവ്സിൽ ബിൽ അവതരിപ്പിച്ചു. ‘കനേഡിയൻ സ്നോബേർഡ് വിസ ആക്ട്’ എന്ന ഈ നിർദ്ദേശം അനുസരിച്ച്, അമേരിക്കയിൽ വീടുകൾ സ്വന്തമാക്കിയവർക്കും വാടകയ്ക്കെടുത്തവർക്കും ആനുകൂല്യം ലഭിക്കും. ന്യൂയോർക്ക്, ഫ്ലോറിഡ, കാലിഫോർണിയ തുടങ്ങിയ സംസ്ഥാനങ്ങളിലെ റിപ്പബ്ലിക്കൻ നിയമനിർമ്മാതാക്കൾ അവതരിപ്പിച്ച ഈ ബിൽ പ്രാദേശിക സമ്പദ്‌വ്യവസ്ഥ ശക്തിപ്പെടുത്താൻ ലക്ഷ്യമിടുന്നു.
“പാം സ്പ്രിംഗ്‌സ്, ഫ്ലോറിഡയിലെ ഗൾഫ് കോസ്റ്റ് തുടങ്ങിയ ടൂറിസം മേഖലകളിൽ കനേഡക്കാരുടെ സാന്നിധ്യം സമ്പദ്‌വ്യവസ്ഥയ്ക്ക് ഏറെ പ്രധാനമാണ്,” എന്ന് കോൺഗ്രസ് വുമൺ എലൈസ് സ്റ്റെഫാനിക് പറഞ്ഞു. കനേഡക്കാർ വർഷംതോറും ബില്യൺ കണക്കിന് ഡോളർ അമേരിക്കൻ ചെറുകിട ബിസിനസുകൾക്കും റിയൽ എസ്റ്റേറ്റ് വിപണിക്കും സംഭാവന ചെയ്യുന്നതായി റെപ്രസെന്റേറ്റീവ് ലോറൽ ലീ ചൂണ്ടിക്കാട്ടി. യുഎസ് കുടിയേറ്റ അഭിഭാഷകർ ഈ നിർദ്ദേശത്തെ കുടിയേറ്റ നയത്തിലെ അനുകൂലമായ മാറ്റമായി സ്വാഗതം ചെയ്തിട്ടുണ്ട്. എന്നാൽ കനേഡിയൻ അസോസിയേഷൻ ഓഫ് റിട്ടയേർഡ് പേഴ്‌സൺസ് (CARP) പ്രതിനിധി ആന്റണി ക്വിൻ ഈ നിർദ്ദേശത്തോട് വിയോജിക്കുന്നു. “ഈ ബിൽ പ്രധാനമായും സമ്പന്നരായ കനേഡക്കാർക്ക് മാത്രമാണ് ഗുണം ചെയ്യുക.
അതേസമയം കാനഡക്കാർ അമേരിക്കയിൽ കൂടുതൽ സമയം ചെലവഴിക്കുന്നത് സ്വന്തം രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ ദോഷകരമായി ബാധിക്കും,” എന്ന് അദ്ദേഹം വ്യക്തമാക്കി. കൂടാതെ ദീർഘകാലം അമേരിക്കയിൽ താമസിക്കുന്നവർക്ക് പ്രവിശ്യാ ആരോഗ്യ പരിരക്ഷയുടെ ലഭ്യതയും നികുതി സംബന്ധമായ പ്രശ്നങ്ങളും ഉണ്ടാകുമെന്നും ക്വിൻ മുന്നറിയിപ്പ് നൽകുന്നു.
ട്രംപ് ഭരണകൂടം കുടിയേറ്റ നടപടികൾ കർശനമാക്കിയ സാഹചര്യത്തിലാണ് ഈ ബിൽ അവതരിപ്പിച്ചിരിക്കുന്നത്. അടുത്തിടെ 30 ദിവസത്തിലധികം അമേരിക്കയിൽ താമസിക്കുന്ന എല്ലാ വിദേശികളും—കനേഡക്കാർ ഉൾപ്പെടെ—ഫെഡറൽ അധികാരികളിൽ രജിസ്റ്റർ ചെയ്യണമെന്ന നിയമം കൊണ്ടുവന്നിരുന്നു. ആദ്യം ആശങ്കകൾ ഉണ്ടായെങ്കിലും, ഇപ്പോൾ മിക്ക കനേഡക്കാരും പുതിയ നടപടിക്രമങ്ങളുമായി പൊരുത്തപ്പെട്ടതായി അഭിഭാഷകർ പറയുന്നു.



