മോങ്ക്ടൺ: അമേരിക്കയിലെ മുതിർന്ന പൗരന്മാരെ ലക്ഷ്യമിട്ട് ‘ഗ്രാൻഡ് പാരന്റ് സ്കാം’ എന്നറിയപ്പെടുന്ന വ്യാജ ഫോൺ തട്ടിപ്പ് നടത്തിയ സംഭവത്തിൽ കനേഡിയൻ പൗരന് യു.എസ് കോടതി ശിക്ഷ വിധിച്ചു. ന്യൂ ബ്രൺസ്വിക് മോങ്ക്ടൺ സ്വദേശിയായ പോൾ കോണെയ്ക്ക് (39) 33 മാസം തടവുശിക്ഷയാണ് യു.എസ് ഡിസ്ട്രിക്റ്റ് കോടതി വിധിച്ചത്. ഓൺലൈൻ തട്ടിപ്പ് ഗൂഢാലോചന, കള്ളപ്പണം വെളുപ്പിക്കൽ എന്നീ കുറ്റങ്ങൾ സമ്മതിച്ചതിനെത്തുടർന്നാണ് വെർമോണ്ടിലെ യു.എസ് അറ്റോർണി ഓഫീസ് ശിക്ഷാവിധി പുറപ്പെടുവിച്ചത്. തട്ടിപ്പിലൂടെ കൈക്കലാക്കിയ 2,56,000 യു.എസ് ഡോളർ ഇരകൾക്ക് തിരികെ നൽകാനും കോടതി ഉത്തരവിട്ടിട്ടുണ്ട്.
അപകടത്തിലോ നിയമക്കുരുക്കിലോ അകപ്പെട്ടിരിക്കുകയാണെന്ന് വിശ്വസിപ്പിച്ച് മുതിർന്ന പൗരന്മാരെ വ്യാജ ഫോൺ കോളുകളിലൂടെ ഭയപ്പെടുത്തി പണം തട്ടുന്ന രീതിയാണ് ‘ഗ്രാൻഡ് പാരന്റ് സ്കാം’. ബന്ധുക്കളെന്ന വ്യാജേന വിളിക്കുന്ന തട്ടിപ്പുകാർ പെട്ടെന്ന് പണം അയച്ചുനൽകാൻ ആവശ്യപ്പെടുകയായിരുന്നു പതിവ്. 2023 ജൂലൈ മുതൽ ഓഗസ്റ്റ് വരെയുള്ള മൂന്ന് ആഴ്ചയ്ക്കുള്ളിൽ ഇരുപതോളം മുതിർന്ന പൗരന്മാരിൽ നിന്നാണ് ഇയാൾ ഉൾപ്പെട്ട സംഘം ലക്ഷക്കണക്കിന് ഡോളർ തട്ടിയെടുത്തത്. തട്ടിയെടുത്ത പണം വെളുപ്പിക്കുന്നതിനായി ബെയിൽ ബോണ്ട് ഏജന്റുമാരെ നിയമിക്കുകയും ഈ തുക യു.എസിൽ നിന്ന് സംഘത്തിലെ മറ്റുള്ളവർക്ക് എത്തിച്ചുനൽകുകയുമായിരുന്നു പോൾ കോണെയുടെ ചുമതല.
തട്ടിപ്പിന് ശേഷം ഒളിവിലായിരുന്ന പോൾ കോണെയെ 2025 ജനുവരിയിലാണ് കോസ്റ്റാറിക്കയിൽ വെച്ച് അറസ്റ്റ് ചെയ്തത്. തുടർന്ന് നിയമനടപടികളുടെ ഭാഗമായി ഇയാളെ അമേരിക്കയ്ക്ക് കൈമാറുകയായിരുന്നു. ഈ വർഷം മേയ് മാസത്തിൽ കേസിന്റെ വിചാരണ വേളയിലാണ് ഇയാൾ കുറ്റം സമ്മതിച്ചത്. ഇരയായ വയോധികർക്ക് അർഹമായ നഷ്ടപരിഹാരം നൽകാനും തട്ടിപ്പുസംഘത്തിലെ മറ്റു കണ്ണികളെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുകൊണ്ടുവരാനും ഭരണകൂടം കർശന നടപടികൾ തുടരുകയാണ്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z




