അമേരിക്കയിലേക്ക് യാത്ര ചെയ്യുന്ന കാനഡ പൗരന്മാർക്ക് അമേരിക്ക അതിർത്തിയിൽ കൂടുതൽ നിരീക്ഷണം ശക്തമാക്കുന്നുവെന്ന് കനേഡിയൻ ഫെഡറൽ സർക്കാർ മുന്നറിയിപ്പ് നൽകിയിരിക്കുന്നു. പുതുക്കിയ യാത്രാ മാര്‍ഗനിര്‍ദ്ദേശത്തിൽ യു.എസ്. കസ്റ്റംസ് അധികാരികളുടെ നിർദ്ദേശങ്ങൾ പാലിക്കുന്നതിന്റെയും എല്ലാ ഇടപെടലുകളിലും സത്യസന്ധമായി പെരുമാറുന്നതിന്റെയും പ്രാധാന്യം എടുത്തു പറഞ്ഞു . പ്രവേശനം നിഷേധിക്കപ്പെട്ടവർ നാടുകടത്തലിനോടപ്പം തടവ് ശിക്ഷ ലഭിക്കാനും സാധ്യതയുണ്ടെന്ന് ഇതിൽ വ്യക്തമാക്കുന്നു.
യാത്രക്കാർക്ക് തീവ്രമായ ചോദ്യങ്ങളും അവരുടെ ഇലക്ട്രോണിക് ഉപകരണങ്ങളുടെ പരിശോധനകളും നേരിടേണ്ടി വന്നേക്കാമെന്ന് ഈ കുറിപ്പിൽ പ്രത്യേകം എടുത്തു പറയുന്നു. അതിർത്തി പ്രവേശന തീരുമാനങ്ങളിൽ യു.എസ്. ബോർഡർ ഏജന്റുമാർക്ക് വിശാലമായ വിവേചനാധികാരമുണ്ടെന്നും ഇതിൽ വ്യക്തമാക്കുന്നു. യു.എസ്. നയങ്ങൾക്കു വിരുദ്ധമായതോ വിവാദമായതോ ആയ ഉള്ളടക്കങ്ങൾ കണ്ടെത്താൻ അധികാരികൾ ഉപകരണങ്ങൾ പരിശോധിച്ചേക്കാമെന്ന് സൂചന നൽകുന്നു
ഫോണുകളിൽ കണ്ടെത്തിയ സന്ദേശങ്ങളുടെ അടിസ്ഥാനത്തിൽ വ്യക്തികൾക്ക് പ്രവേശനം നിഷേധിച്ചതായി റിപ്പോർട്ടുകൾ വന്നതിനിടെയാണ് ഈ മുന്നറിയിപ്പ്. കനേഡിയൻ യാത്രക്കാർ യു.എസിൽ താമസിക്കുന്ന സമയത്ത് അവരുടെ നിയമപരമായ സ്റ്റാറ്റസിന്റെ തെളിവ് എല്ലായ്പ്പോഴും കൈവശം വയ്ക്കണമെന്നും ഉപദേശിക്കുന്നു, കാരണം അധികാരികൾക്ക് മുൻകൂട്ടി അറിയിപ്പ് ഇല്ലാതെ അത്തരം രേഖകൾ ആവശ്യപ്പെടാം






