ഒന്റാറിയോ; തുടർചികിത്സയ്ക്കുള്ള യാത്രാസൗകര്യം അധികൃതർ താമസിപ്പിച്ചതിനെ തുടർന്ന് കാനഡയിൽ മുപ്പത്തൊന്നുകാരി മരണപ്പെട്ടു. വടക്കൻ ഒന്റാറിയോയിലെ ഫോർട്ട് സെവേൺ മേഖലയിൽ താമസിച്ചിരുന്ന മിറാൻഡ മാമക്വയാണ് സെപ്റ്റംബർ 8-ന് തലച്ചോറിലെ രക്തസ്രാവം മൂലം മരിച്ചത്. സംഭവം പരിശോധിക്കണമെന്നും ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ ക്രിമിനൽ കേസ് എടുക്കണമെന്നും ആവശ്യപ്പെട്ട് കുടുംബം ഒന്റാറിയോ പൊലീസിനെ സമീപിച്ചു.
ഏപ്രിലിൽ നടന്ന ഹൃദയം തുറന്നുള്ള ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള പതിവ് പരിശോധനകൾ മുടങ്ങിയതാണ് മിറാൻഡയുടെ മരണത്തിന് ഇടയാക്കിയത്. വിമാനമാർഗ്ഗം മാത്രം എത്തിച്ചേരാൻ കഴിയുന്ന പ്രദേശത്താണ് ഇവർ ജീവിച്ചിരുന്നത്. അതുകൊണ്ടുതന്നെ വിദഗ്ധ ഡോക്ടർമാരെ കാണാൻ കാനഡ സർക്കാരിന്റെ പ്രത്യേക ആരോഗ്യ പദ്ധതി (NIHB) വഴിയാണ് യാത്രകൾ ക്രമീകരിക്കേണ്ടിയിരുന്നത്. എന്നാൽ മെയ് മുതൽ ഓഗസ്റ്റ് വരെയുള്ള കാലയളവിൽ നാല് തവണ അപേക്ഷിച്ചിട്ടും അധികൃതർ യാത്രാസൗകര്യം ഒരുക്കിയില്ല.
പ്രാദേശിക പ്രാഥമിക ആരോഗ്യ കേന്ദ്രം വഴി നിരന്തരം ബന്ധപ്പെട്ടിട്ടും പദ്ധതിയുടെ ചുമതലയുള്ള ഉദ്യോഗസ്ഥർ അപേക്ഷകൾ അവഗണിക്കുകയായിരുന്നു. ഒടുവിൽ ഓഗസ്റ്റ് മധ്യത്തോടെ “ഞാൻ മരിക്കുകയാണെങ്കിൽ ഇതിന് കാരണക്കാരായവർക്കെതിരെ നടപടിയെടുക്കണം” എന്ന് മിറാൻഡ സോഷ്യൽ മീഡിയയിൽ കുറിക്കുകയും ചെയ്തു.
മൂന്ന് മക്കളുടെ അമ്മയായ മിറാൻഡയുടെ മരണം അധികൃതരുടെ അനാസ്ഥ മൂലമാണെന്ന് കുടുംബം ആരോപിക്കുന്നു. വിദൂര മേഖലകളിലെ ഗോത്രവർഗ്ഗക്കാർക്ക് അടിയന്തര മെഡിക്കൽ യാത്രകൾ നിഷേധിക്കുന്നത് പതിവാണെന്ന് ചൂണ്ടിക്കാട്ടി വിവിധ സംഘടനകൾ മനുഷ്യാവകാശ കമ്മീഷനിൽ പരാതി നൽകിയിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം നടത്തുമെന്നും യാത്രാ നടപടികൾ ലളിതമാക്കുമെന്നും സർക്കാർ അറിയിച്ചു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z





