കാനഡയുടെ ഔദ്യോഗിക രേഖകളിലും പ്രസിദ്ധീകരണങ്ങളിലും ബ്രിട്ടീഷ് സ്പെല്ലിംഗ് ഉപയോഗിക്കാൻ തുടങ്ങിയ ഫെഡറൽ സർക്കാരിന്റെ സമീപകാല തീരുമാനത്തിനെതിരെ ശക്തമായ പ്രതിഷേധം. രാജ്യത്തിന്റെ തനത് ഭാഷാ വ്യക്തിത്വം ഉയർത്തിപ്പിടിക്കാൻ സർക്കാർ കനേഡിയൻ ഇംഗ്ലീഷ് സ്പെല്ലിംഗ് തന്നെ തുടർന്നും ഉപയോഗിക്കണമെന്ന് ആവശ്യപ്പെട്ട് പ്രമുഖ ഭാഷാ വിദഗ്ധരും എഡിറ്റർമാരും പ്രധാനമന്ത്രി മാർക്ക് കാർണിക്ക് കത്തയച്ചു.
2025-ലെ ഫെഡറൽ ബജറ്റ് ഉൾപ്പെടെയുള്ള സുപ്രധാന രേഖകളിൽ ‘utilization’, ‘globalization’, ‘catalyze’ തുടങ്ങിയ കനേഡിയൻ/നോർത്ത് അമേരിക്കൻ സ്പെല്ലിംഗുകൾക്ക് പകരം ബ്രിട്ടീഷ് സ്പെല്ലിംഗുകളായ ‘utilisation’, ‘globalisation’, ‘catalyse’ എന്നിവ ഉപയോഗിച്ച് തുടങ്ങിയതാണ് പ്രതിഷേധത്തിന് കാരണം. ഭാഷാശാസ്ത്ര പ്രൊഫസർമാരായ ജെ.കെ. ചേംബേഴ്സ്, സാന്ദ്ര ക്ലാർക്ക്, സ്റ്റെഫാൻ ഡോളിംഗർ, സാലി താഗ്ലിയാമോണ്ടെ, കനേഡിയൻ ഇംഗ്ലീഷ് നിഘണ്ടു എഡിറ്റർ-ഇൻ-ചീഫ് ജോൺ ച്യു, എഡിറ്റേഴ്സ് കാനഡ പ്രസിഡൻ്റ് കൈറ്റ്‌ലിൻ ലിറ്റിൽചൈൽഡ് എന്നിവരാണ് ഡിസംബർ 11-ന് അയച്ച കത്തിൽ ഒപ്പുവച്ചത്.
കാനഡയുടെ അതുല്യമായ വ്യക്തിത്വത്തിൻ്റെ അവിഭാജ്യ ഘടകമാണ് കനേഡിയൻ സ്പെല്ലിംഗ് എന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടി. പുസ്തക പ്രസിദ്ധീകരണങ്ങൾ, മാധ്യമങ്ങൾ, ഫെഡറൽ-പ്രൊവിൻഷ്യൽ സർക്കാരുകൾ എന്നിവയുൾപ്പെടെ രാജ്യത്തുടനീളം കനേഡിയൻ ശൈലി സ്ഥിരമായി ഉപയോഗിച്ചുവരുന്നു. സർക്കാർ തന്നെ മറ്റ് സ്പെല്ലിംഗ് സമ്പ്രദായങ്ങളിലേക്ക് മാറിയാൽ, കാനഡയുടെ ഔദ്യോഗിക ഭാഷാ ശൈലി ഏതാണ് എന്നതിനെക്കുറിച്ച് ആശയക്കുഴപ്പങ്ങൾ ഉണ്ടാകുമെന്ന് കത്തിൽ പറയുന്നു.
1970-കൾ മുതൽ 2025 വരെ ഫെഡറൽ സർക്കാർ സ്ഥിരമായി ഉപയോഗിച്ചിരുന്ന കനേഡിയൻ ഇംഗ്ലീഷ് സ്പെല്ലിംഗ് രീതിയിൽ ഉറച്ചുനിൽക്കാൻ പ്രധാനമന്ത്രിയുടെ ഓഫീസിനോടും പാർലമെന്റിനോടും കത്തിലൂടെ ആവശ്യപ്പെട്ടു. കനേഡിയൻ ഇംഗ്ലീഷ് എന്നത് യുഎസിൻ്റെ സ്വാധീനമുണ്ടെങ്കിലും യുകെ, യുഎസ് ഇംഗ്ലീഷുകളിൽ നിന്ന് വ്യതിരിക്തമായ സവിശേഷതകളുള്ള ഒരു പ്രത്യേക ദേശീയ വകഭേദമായി ഓക്സ്ഫോർഡ് ഇംഗ്ലീഷ് നിഘണ്ടു പോലും അംഗീകരിച്ചിട്ടുള്ളതായി വിദഗ്ധർ അറിയിച്ചു.
ലോയലിസ്റ്റ് കുടിയേറ്റത്തിനു ശേഷമുള്ള വിവിധ കുടിയേറ്റ തരംഗങ്ങളിലൂടെയാണ് കനേഡിയൻ ഇംഗ്ലീഷ് രൂപപ്പെട്ടത്. ഇതിൽ തദ്ദേശീയ ഭാഷകളിൽ നിന്നുള്ള വാക്കുകളും ഉൾപ്പെടുന്നു. കനേഡിയൻ ശൈലി അമേരിക്കൻ, ബ്രിട്ടീഷ് പതിവുകളിൽ നിന്ന് വാക്കുകൾ സ്വീകരിച്ച് പരിണമിച്ചതാണ്.
ചില വാക്കുകളിൽ ബ്രിട്ടീഷ് വകഭേദങ്ങൾ (ഉദാഹരണത്തിന്, ‘tyre’ അല്ലെങ്കിൽ ‘gaol’) ഒഴിവാക്കുകയും, മറ്റുചിലതിൽ അമേരിക്കൻ വകഭേദങ്ങൾ (ഉദാഹരണത്തിന്, ‘check’ അല്ലെങ്കിൽ ‘maneuver’) ഒഴിവാക്കുകയും ചെയ്യുന്ന ഒരു രീതിയാണ് കാനഡ പിന്തുടരുന്നത്. ഈ ഭാഷാപരമായ ശൈലി രാജ്യത്തിന്റെ സംസ്കാരത്തിൻ്റെയും ചരിത്രത്തിൻ്റെയും ഭാഗമാണെന്നും, എല്ലാ സർക്കാർ ആശയവിനിമയങ്ങളിലും പ്രസിദ്ധീകരണങ്ങളിലും ഇത് തുടരണമെന്നും കത്തിൽ ആവശ്യപ്പെടുന്നു. വിഷയത്തിൽ പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് ഇതുവരെ പ്രതികരണമൊന്നും ലഭിച്ചിട്ടില്ല.
canadian-english-supporters-urge-carney-to-abandon-federal-shift-to-british-spelling
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt



