കനേഡിയൻ പൗരത്വത്തിന് അപേക്ഷിച്ചവർക്ക്, ആ പ്രക്രിയയുടെ അവസാന ഘട്ടമാണ് പൗരത്വ ചടങ്ങ് (Citizenship Ceremony). ഈ ചടങ്ങിൽ പങ്കെടുത്താൽ മാത്രമേ കനേഡിയൻ പൗരനാകാൻ സാധിക്കൂ. കാനഡയിലെ പൗരത്വവും അതിനനുബന്ധിച്ചുള്ള അവകാശങ്ങളും ഉത്തരവാദിത്തങ്ങളും ഈ ചടങ്ങോടുകൂടി നിങ്ങൾക്ക് ലഭിക്കും.
ചടങ്ങിൽ എന്തൊക്കെയാണ് പ്രതീക്ഷിക്കേണ്ടത്?
പൗരത്വ ചടങ്ങുകൾക്ക് ചെറിയ വ്യത്യാസങ്ങൾ ഉണ്ടാകാമെങ്കിലും, പൊതുവെ താഴെ പറയുന്ന ഈ കാര്യങ്ങൾ നിങ്ങൾക്ക് പ്രതീക്ഷിക്കാം:
പൗരത്വ പ്രതിജ്ഞ (Oath of Citizenship) ചൊല്ലും.
കനേഡിയൻ ദേശീയഗാനം ആലപിക്കും.
‘ഓത്ത് ഓർ അഫർമേഷൻ ഓഫ് സിറ്റിസൺഷിപ്പ്’ (OAC) ഫോമിൽ ഒപ്പിടും.
നിങ്ങളുടെ കനേഡിയൻ പൗരത്വ സർട്ടിഫിക്കറ്റ് കൈമാറും.
ചിലപ്പോൾ, തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ, തദ്ദേശീയ പങ്കാളികൾ, സമൂഹത്തിലെ പ്രമുഖർ തുടങ്ങിയ പ്രത്യേക അതിഥികളും ചടങ്ങിൽ പങ്കെടുത്തേക്കാം.
ചടങ്ങ് എവിടെ വെച്ച് നടക്കും?
വീഡിയോ കോൺഫറൻസ് വഴി ഓൺലൈനായും ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC) ഓഫീസിലോ അല്ലെങ്കിൽ മറ്റ് സ്ഥലങ്ങളിലോ നേരിട്ടും പൗരത്വ ചടങ്ങ് നടക്കാറുണ്ട്. നിങ്ങളുടെ ചടങ്ങ് ഏത് രീതിയിലായിരിക്കുമെന്ന് IRCC ആണ് തീരുമാനിക്കുക, ഇത് നിങ്ങളുടെ ഇൻവിറ്റേഷനിൽ വ്യക്തമാക്കും. നിങ്ങൾക്ക് വേറെ ഒരു ഫോർമാറ്റ് വേണമെങ്കിൽ, ചടങ്ങ് മാറ്റിവെക്കാൻ അപേക്ഷിക്കാം.
പൗരത്വ ചടങ്ങിനുള്ള ഇൻവിറ്റേഷനിൽ ചടങ്ങ് നടക്കുന്ന തീയതിയും സമയവും രേഖപ്പെടുത്തിയിരിക്കും. ചടങ്ങ് നടക്കുന്ന സ്ഥലമോ (നേരിട്ടുള്ള ചടങ്ങ്), വീഡിയോ കോൺഫറൻസ് ലിങ്കോ (ഓൺലൈൻ ചടങ്ങ്) അതിൽ ഉൾപ്പെടുത്തിയിട്ടുണ്ടാകും. ചിത്രങ്ങളും വീഡിയോയും എടുക്കുന്നതിനുള്ള സമ്മതപത്രം (നേരിട്ടുള്ള ചടങ്ങിന്), ചടങ്ങ് നടക്കുന്ന ഭാഷ (ഇംഗ്ലീഷ്, ഫ്രഞ്ച് അല്ലെങ്കിൽ രണ്ട് ഭാഷകളിലും) എന്നിവയും ഇൻവിറ്റേഷനിലുണ്ടാകും.
നിങ്ങൾ നൽകിയ ഇമെയിൽ വിലാസം വഴിയോ, ഫോൺ വഴിയോ അല്ലെങ്കിൽ തപാൽ വഴിയോ ഇൻവിറ്റേഷൻ ലഭിക്കും. സാധാരണയായി, ചടങ്ങിന് ഒരാഴ്ച മുൻപെങ്കിലും ഇൻവിറ്റേഷൻ ലഭിക്കാറുണ്ട്.
നിങ്ങൾക്ക് കിട്ടിയ ഇൻവിറ്റേഷൻ, നിങ്ങളുടെ PR കാർഡ് (കാലാവധി കഴിഞ്ഞതാണെങ്കിലും), ഫോട്ടോയും ഒപ്പവുമുള്ള രണ്ട് തിരിച്ചറിയൽ രേഖകൾ (PR കാർഡ്, വിദേശ പാസ്പോർട്ട്, കനേഡിയൻ ഹെൽത്ത് കാർഡ് അല്ലെങ്കിൽ ഡ്രൈവർ ലൈസൻസ് എന്നിവ ഉപയോഗിക്കാം), 2002 ജൂൺ 28-ന് മുൻപ് സ്ഥിരം താമസക്കാരനായവർക്ക് അവരുടെ റെക്കോർഡ് ഓഫ് ലാൻഡിംഗ്, PR കാർഡ് മുറിക്കുന്നതിനായുള്ള കത്രിക (ഓൺലൈൻ ചടങ്ങിന് മാത്രം).ഇവ കൂടാതെ, നിങ്ങൾക്ക് ആവശ്യമെങ്കിൽ ഒരു കുടിവെള്ള കുപ്പിയും, മൊബൈൽ ഫോണും/ക്യാമറയും, പ്രതിജ്ഞ എടുക്കാൻ നിങ്ങൾ ഉപയോഗിക്കാൻ ആഗ്രഹിക്കുന്ന വിശുദ്ധ ഗ്രന്ഥവും ചടങ്ങിന് വരുമ്പോൾ കയ്യിൽ കരുതാം.
ചടങ്ങിനുള്ള നിയമങ്ങൾ
നേരിട്ടുള്ള ചടങ്ങ്: സുഗന്ധമുള്ള ഉത്പന്നങ്ങൾ ഉപയോഗിക്കാതെയിരിക്കുക, പ്രതിജ്ഞ എടുക്കുമ്പോഴും ദേശീയഗാനം ആലപിക്കുമ്പോഴും എഴുന്നേറ്റു നിൽക്കുക, ചടങ്ങ് അവസാനിക്കുന്നതുവരെ ഫോട്ടോ എടുക്കുന്നത് ഒഴിവാക്കുക.
ഓൺലൈൻ ചടങ്ങ്: വീഡിയോ കോൺഫറൻസ് ലിങ്ക് ആരുമായും പങ്കുവെക്കാതിരിക്കുക, വെർച്വൽ ബാക്ക്ഗ്രൗണ്ടുകൾ ഒഴിവാക്കുക, ശാന്തമായ സ്ഥലത്തിരുന്ന് ചടങ്ങിൽ പങ്കെടുക്കുക, ചടങ്ങിന്റെ സമയത്ത് ഫോട്ടോകളോ വീഡിയോകളോ എടുക്കാതിരിക്കുക,
ഇരു ചടങ്ങുകളിലും മാന്യവും ബഹുമാനപൂർവവുമായ വസ്ത്രധാരണം ഉണ്ടായിരിക്കണം. പരമ്പരാഗതമോ മതപരമോ ആയ വസ്ത്രങ്ങൾ ധരിക്കുന്നതിന് അനുവാദമുണ്ട്. ചടങ്ങിലേക്ക് സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും കുട്ടികളെയും കൊണ്ടുപോകാൻ സാധിക്കും.
പൗരത്വ പ്രതിജ്ഞ (Oath of Citizenship)
14 വയസ്സിന് മുകളിലുള്ളവർക്ക് പൗരത്വ പ്രതിജ്ഞ നിർബന്ധമാണ്. 14 വയസ്സിൽ താഴെയുള്ളവർക്ക് ഇത് നിർബന്ധമില്ല. ഇംഗ്ലീഷിലും ഫ്രഞ്ചിലുമായിരിക്കും പ്രതിജ്ഞ ചൊല്ലുക. നിങ്ങൾക്ക് ഇഷ്ടമുള്ള ഭാഷയിൽ പ്രതിജ്ഞ ചൊല്ലാം.
പൗരത്വ സർട്ടിഫിക്കറ്റ്
പൗരത്വ സർട്ടിഫിക്കറ്റ് നിങ്ങളുടെ കനേഡിയൻ പൗരത്വത്തിനുള്ള ഔദ്യോഗിക രേഖയാണ്. 2012 മുതൽ പൗരത്വ കാർഡുകൾക്ക് പകരം പേപ്പർ അല്ലെങ്കിൽ ഇലക്ട്രോണിക് സർട്ടിഫിക്കറ്റുകളാണ് നൽകുന്നത്.
ഇലക്ട്രോണിക് സർട്ടിഫിക്കറ്റ്: OAC ഫോം IRCC-ക്ക് ലഭിച്ച് 5 ദിവസത്തിനുള്ളിൽ IRCC പോർട്ടൽ അക്കൗണ്ട് വഴി ഡൗൺലോഡ് ചെയ്യാം.
പേപ്പർ സർട്ടിഫിക്കറ്റ്: നേരിട്ടുള്ള ചടങ്ങിൽ പങ്കെടുത്താൽ ഒപ്പിട്ട ശേഷം സർട്ടിഫിക്കറ്റ് ഉടൻ ലഭിക്കും. ഓൺലൈൻ ചടങ്ങിന് പങ്കെടുത്താൽ OAC ഫോം ലഭിച്ച് 2-4 ആഴ്ചയ്ക്കുള്ളിൽ തപാൽ വഴി വീട്ടിലെത്തും.
സർട്ടിഫിക്കറ്റ് ലഭിച്ചാൽ അതിലെ വിവരങ്ങൾ കൃത്യമാണോയെന്ന് പരിശോധിക്കുക. എന്തെങ്കിലും പിഴവുണ്ടെങ്കിൽ 90 ദിവസത്തിനുള്ളിൽ പുതിയതിന് അപേക്ഷിക്കാം. പേപ്പർ സർട്ടിഫിക്കറ്റ് ലാമിനേറ്റ് ചെയ്യരുത്. പൗരത്വ സർട്ടിഫിക്കറ്റ് ഒരു യാത്രാ രേഖയല്ല. വിദേശത്തേക്ക് യാത്ര ചെയ്യാനുദ്ദേശിക്കുന്നവർ കനേഡിയൻ പാസ്പോർട്ടിന് അപേക്ഷിക്കണം.
What to expect during your Canadian citizenship ceremony



