ഒട്ടാവ: അടുത്ത അൻപത് വർഷത്തിനുള്ളിൽ കാനഡയിൽ വൻ ജനസംഖ്യാ വിസ്ഫോടനം ഉണ്ടായേക്കാമെന്ന് സ്റ്റാറ്റിസ്റ്റിക്സ് കാനഡയുടെ ഏറ്റവും പുതിയ റിപ്പോർട്ട് വ്യക്തമാക്കുന്നു. 2025 മുതൽ 2075 വരെയുള്ള കാലയളവ് അടിസ്ഥാനമാക്കി തയ്യാറാക്കിയ ഈ റിപ്പോർട്ട് പ്രകാരം, നിലവിൽ 4.17 കോടിയുള്ള രാജ്യത്തെ ജനസംഖ്യ വരും ദശകങ്ങളിൽ കുതിച്ചുയരും. ജനസംഖ്യാ വളർച്ചയ്ക്കായി മൂന്ന് വ്യത്യസ്ത സാഹചര്യങ്ങളാണ് റിപ്പോർട്ടിൽ വിലയിരുത്തുന്നത്. വളർച്ചാ നിരക്ക് ഇടത്തരമാണെങ്കിൽ 2075-ൽ ജനസംഖ്യ 57.4 ദശലക്ഷമായും, വളർച്ചാ നിരക്ക് കുറഞ്ഞ സാഹചര്യമാണെങ്കിൽ അത് 44 ദശലക്ഷമായും ഉയരുമെന്ന് കണക്കാക്കപ്പെടുന്നു.അതേസമയം ഉയർന്ന വളർച്ചാ നിരക്കാണെങ്കിൽ ഇത് 75.8 ദശലക്ഷം ആകുമെന്നാണ് ഫെഡറൽ ഏജൻസി പ്രവചിക്കുന്നത്. എന്നാൽ കഴിഞ്ഞ വർഷം നടത്തിയ പ്രവചനങ്ങളെ അപേക്ഷിച്ച് ഇപ്പോഴത്തെ കണക്കുകളിൽ നേരിയ കുറവുണ്ട്. രാജ്യത്തെ കുറഞ്ഞ ജനനനിരക്കും താൽക്കാലിക താമസക്കാരുമായി ബന്ധപ്പെട്ട കുടിയേറ്റ നയങ്ങളിൽ വരുത്തിയ മാറ്റങ്ങളുമാണ് ഈ മാറ്റത്തിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
ഭാവിയിൽ ഒന്റാറിയോയും ക്യുബെക്കും തന്നെയാകും ജനസംഖ്യയിൽ മുൻപന്തിയിൽ നിൽക്കുന്ന പ്രവിശ്യകൾ. എങ്കിലും പടിഞ്ഞാറൻ പ്രവിശ്യകളായ ആൽബർട്ട, മാനിറ്റോബ, സാസ്കാച്ചവൻ എന്നിവ രാജ്യത്തിന്റെ മൊത്തം ജനസംഖ്യയിൽ വലിയ വിഹിതം കൈക്കലാക്കും. ഇതിൽ ആൽബർട്ട ജനസംഖ്യയുടെ കാര്യത്തിൽ ബ്രിട്ടീഷ് കൊളംബിയയെ മറികടക്കുമെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു. അതേസമയം നോവ സ്കോഷ്യ, ന്യൂഫൗണ്ട്ലാൻഡ് തുടങ്ങിയ ചെറിയ പ്രവിശ്യകളുടെ വിഹിതം കുറയാനാണ് സാധ്യത.
ഇമിഗ്രേഷൻ നയങ്ങളിലും താൽക്കാലിക താമസക്കാരുടെ എണ്ണത്തിലും വരുത്തിയ നിയന്ത്രണങ്ങൾ ജനസംഖ്യയിൽ പെട്ടെന്നുള്ള ചില മാറ്റങ്ങൾക്ക് കാരണമായിട്ടുണ്ട്. 2025-ന്റെ മൂന്നാം പാദത്തിൽ കാനഡയുടെ ജനസംഖ്യയിൽ 76,000 പേരുടെ കുറവ് രേഖപ്പെടുത്തിയത് ഇതിന് ഉദാഹരണമാണ്. വർക്ക് പെർമിറ്റുകളുടെയും സ്റ്റഡി പെർമിറ്റുകളുടെയും എണ്ണം കുറഞ്ഞതും കാലാവധി കഴിഞ്ഞതും വഴി താൽക്കാലിക താമസക്കാരുടെ എണ്ണം വലിയ തോതിൽ ഇടിഞ്ഞു. നിലവിലെ ട്രെൻഡുകളും നയങ്ങളും വിശകലനം ചെയ്തുകൊണ്ടുള്ള ഈ റിപ്പോർട്ട് കാനഡയുടെ ഭാവി ആസൂത്രണത്തിൽ നിർണ്ണായകമാകും.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Canada’s population could surpass 57 million by 2075, StatCan projects



