കാനഡയിലെ പണപ്പെരുപ്പ നിരക്ക് മാർച്ചിലെ 2.3% ൽ നിന്ന് ഏപ്രിലിൽ 1.6% ആയി കുറഞ്ഞു.പ്രധാനമന്ത്രി മാർക്ക് കാർണി അധികാരത്തിൽ എത്തിയതിന് പിന്നാലെ ഉപഭോക്തൃ കാർബൺ വില നീക്കംചെയ്യാനുള്ള തീരുമാനം എടുത്തിരുന്നു. ഈ നീക്കമാണ് പണപ്പെരുപ്പ നിരക്കിൽ വലിയ കുറവ് വരുത്തിയതെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ.കാർബൺ വില നീക്കംചെയ്യുന്നതോടെ പെട്രോൾ ലിറ്ററിന് ശരാശരി 18 സെന്റ് വരെ വില കുറവുണ്ടായെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഉപഭോക്താക്കൾക്ക് ഇന്ധന വിലയിൽ നേരിയ ആശ്വാസം ലഭിച്ചതാണ് ഇതിന്റെ പ്രതിഫലനം.
ആഗോള എണ്ണ വിലയിലെ കുറവും വാടക വർദ്ധനവിലെ മാന്ദ്യവും പണപ്പെരുപ്പം കുറയ്ക്കുന്നതിന് സഹായിച്ചു. അതേസമയം, കാനഡയും യുഎസും തമ്മിലുള്ള താരിഫ് തർക്കം, പ്രത്യേകിച്ച് സ്റ്റീൽ, അലൂമിനിയം പോലുള്ള ഉൽപ്പന്നങ്ങൾക്കുമേൽ ബാധകമായ നികുതികൾ, വാഹനങ്ങൾ പോലുള്ള ഉപഭോക്തൃ സാധനങ്ങളുടെ വില വർദ്ധിപ്പിക്കാൻ ഇടയാക്കുമെന്നാണ് വിലയിരുത്തൽ.
“കാർബൺ വില കുറയ്ക്കുന്നത് വരും വർഷത്തിൽ പ്രതിമാസം പണപ്പെരുപ്പം 0.7 ശതമാനം പോയിന്റ് കുറയ്ക്കും,” എന്ന് കാനഡ ബാങ്കിലെ സാമ്പത്തിക വിദഗ്ധർ പറയുന്നു. തൊഴിലില്ലായ്മ 6.9% ആയി ഉയർന്നതോടെ, ബാങ്ക് ഓഫ് കാനഡയുടെ ജൂൺ 4-ലെ യോഗത്തിൽ 0.25% പലിശ നിരക്ക് കുറവിന് 64% സാധ്യതയുണ്ടെന്ന് വിപണികൾ സൂചിപ്പിക്കുന്നു.



