ഓട്ടവ : ചൈനയിലേക്ക് യാത്ര ചെയ്യുന്ന കാനഡക്കാർ ജാഗ്രത പാലിക്കണമെന്ന് കനേഡിയൻ ഫെഡറൽ സർക്കാർ മുന്നറിയിപ്പ് നൽകി. ചില സാഹചര്യങ്ങളിൽ ചൈനീസ് അധികൃതർക്ക് വിദേശികൾ ഉൾപ്പെടെയുള്ള വ്യക്തികളെ രാജ്യം വിട്ടുപോകുന്നതിൽനിന്ന് തടയാൻ കഴിയുന്ന എക്സിറ്റ് ബാൻ ചട്ടങ്ങൾ സെപ്റ്റംബർ 15 മുതൽ പ്രാബല്യത്തിൽ വന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ്. ചൈനയിലേക്കുള്ള യാത്രക്കാർക്ക് “ഉയർന്ന ജാഗ്രത പാലിക്കണം” എന്നാണ് സർക്കാരിന്റെ നിർദേശം.
ജൂലൈയിൽ ചൈനയുടെ സ്റ്റേറ്റ് കൗൺസിൽ അംഗീകരിച്ച പുതിയ പ്രവേശന-പുറത്തുകടക്കൽ ചട്ടങ്ങളാണ് സെപ്റ്റംബർ 15 മുതൽ പ്രാബല്യത്തിൽ വന്നത്. ചൈനയിൽ എക്സിറ്റ് ബാൻ പുതിയ നടപടിയല്ല. നിയമപരമോ സുരക്ഷാപരമോ ആയ പ്രത്യേക സാഹചര്യങ്ങളിൽ ചില വ്യക്തികളെ രാജ്യം വിടുന്നതിൽനിന്ന് നേരത്തെയും അധികൃതർക്ക് തടയാനായിരുന്നു. എന്നാൽ പുതിയ ചട്ടങ്ങൾ ഇത്തരം അധികാരങ്ങൾ കൂടുതൽ വിപുലീകരിക്കുകയും വ്യക്തമാക്കുകയും ചെയ്യുന്നു.
ദേശീയ സാങ്കേതിക, വ്യവസായ സുരക്ഷയ്ക്ക് ഭീഷണിയാകാമെന്ന് സംശയിക്കുന്നവരുടെ രാജ്യം വിടൽ നിയന്ത്രിക്കാനുള്ള അധികൃതരുടെ അധികാരം ശക്തിപ്പെടുത്തുകയാണ് പുതിയ ചട്ടങ്ങളുടെ പ്രധാന ലക്ഷ്യം. ചില ദേശീയ സുരക്ഷാ കേസുകളിലും നിയന്ത്രണങ്ങൾ ബാധകമാകാം. കൂടാതെ, ഒരു വ്യക്തിക്കോ കുടുംബത്തിനോ തൊഴിലുടമയ്ക്കോ ബിസിനസ് പങ്കാളികൾക്കോ എതിരായ സിവിൽ അല്ലെങ്കിൽ ക്രിമിനൽ അന്വേഷണങ്ങൾ, ബിസിനസ് തർക്കങ്ങൾ തുടങ്ങിയ സാഹചര്യങ്ങളിലും എക്സിറ്റ് ബാൻ ഏർപ്പെടുത്താൻ സാധ്യതയുണ്ടെന്ന് കാനഡയുടെ യാത്രാ നിർദേശത്തിൽ പറയുന്നു.
എക്സിറ്റ് ബാൻ ഏർപ്പെടുത്തിയ വിവരം ചിലപ്പോൾ രാജ്യം വിടാൻ ശ്രമിക്കുമ്പോൾ കസ്റ്റംസ്, ഇമിഗ്രേഷൻ പരിശോധനയ്ക്കിടെയാകും യാത്രക്കാരൻ അറിയുക. ഇത്തരത്തിലുള്ള വിലക്കുകളെക്കുറിച്ച് ചൈനീസ് അധികൃതരിൽനിന്ന് വിവരങ്ങൾ ലഭിക്കുന്നതും വിലക്ക് നീക്കുന്നതും ബുദ്ധിമുട്ടാണെന്നും കാനഡ മുന്നറിയിപ്പ് നൽകുന്നു. വിലക്ക് കാരണം ചൈനയിൽനിന്ന് മടങ്ങാനാകാത്ത കാനഡക്കാർ നിയമസഹായം തേടുകയും ഏറ്റവും അടുത്തുള്ള കാനഡ സർക്കാർ ഓഫീസുമായി ബന്ധപ്പെടുകയും വേണം.
അതേസമയം, പുതിയ ചട്ടങ്ങൾ വന്നതുകൊണ്ട് കാനഡക്കാരായ വിനോദസഞ്ചാരികൾക്ക് സ്വമേധയാ ചൈന വിടാൻ കഴിയാത്ത സാഹചര്യമുണ്ടാകില്ലെന്നും കാനഡയുടെ നിർദേശത്തിൽ വ്യക്തമാക്കുന്നു. എന്നാൽ ചൈനീസ് നിയമപ്രകാരം നിയമതർക്കങ്ങൾ, അന്വേഷണങ്ങൾ, മറ്റ് സാഹചര്യങ്ങൾ എന്നിവയിൽ വിദേശികൾക്ക് എക്സിറ്റ് ബാൻ നേരിടേണ്ടിവരാം. കാനഡയുടെ കോൺസുലർ ഉദ്യോഗസ്ഥർക്ക് ചൈനീസ് നിയമം മറികടക്കാനോ പ്രാദേശിക അധികൃതരുടെ യാത്രാ നിയന്ത്രണം തടയാനോ കഴിയില്ലെന്നും സർക്കാർ അറിയിച്ചു. യാത്രയ്ക്ക് മുമ്പ് ഏറ്റവും പുതിയ പ്രവേശന-പുറത്തുകടക്കൽ നിബന്ധനകൾ പരിശോധിക്കണമെന്നും ചട്ടങ്ങൾ അറിയിപ്പില്ലാതെ മാറാൻ സാധ്യതയുണ്ടെന്നും സർക്കാർ നിർദേശിക്കുന്നു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq








