സെന്റ് ജോൺ : കാനഡയും അമേരിക്കയും തമ്മിലുള്ള വ്യാപാരയുദ്ധം കനത്തതോടെ കടുത്ത അനിശ്ചിതത്വത്തിലാണ് കനേഡിയൻ വ്യവസായ മേഖല. വ്യാപാര ചർച്ചകൾ പരാജയപ്പെട്ടതിനെത്തുടർന്ന് കനേഡിയൻ കയറ്റുമതിക്ക് അമേരിക്ക 50 ശതമാനം താരിഫ് ഏർപ്പെടുത്തുകയും, ഇതിന് മറുപടിയായി കാനഡയും അമേരിക്കൻ ഇറക്കുമതി ഉൽപ്പന്നങ്ങൾക്ക് തുല്യമായ തീരുവ ചുമത്തുകയും ചെയ്തിരുന്നു. 800 സിസിയിൽ അധികമുള്ള പെട്രോൾ എൻജിൻ മോട്ടോർസൈക്കിളുകൾക്ക് ഉൾപ്പെടെ 50 ശതമാനം താരിഫ് ബാധകമായത് ഹാർലി-ഡേവിഡ്സൺ പോലെയുള്ള പ്രമുഖ ബ്രാൻഡുകളെ സാരമായി ബാധിച്ചിട്ടുണ്ട്. നിലവിലെ സാഹചര്യത്തിൽ ഉപഭോക്താക്കൾക്ക് അമിതഭാരം ഒഴിവാക്കാനുള്ള തന്ത്രപരമായ നീക്കങ്ങളിലാണ് പ്രവിശ്യയിലെ ബിസിനസ്സ് സ്ഥാപനങ്ങൾ.
കാനഡയുടെ പ്രതികാര തീരുവയ്ക്ക് പിന്നാലെ കനേഡിയൻ മദ്യത്തിന്റെയും മറ്റ് ചില ഉൽപ്പന്നങ്ങളുടെയും ഇറക്കുമതി യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നിരോധിച്ചിരുന്നു. ന്യൂഫൗണ്ട്ലാൻഡ് തീരത്തെ 20,000 വർഷം പഴക്കമുള്ള ഐസ് വെള്ളത്തിൽ നിന്ന് ഉൽപ്പാദിപ്പിക്കുന്ന ‘ഐസ്ബെർഗ് വോഡ്ക’ കമ്പനിയും ഈ അമേരിക്കൻ നിരോധനത്തിന്റെ പിടിയിലാണ്. പന്ത്രണ്ടോളം അമേരിക്കൻ സംസ്ഥാനങ്ങളിൽ വിപണനമുള്ള കമ്പനിക്ക് പുതിയ സാഹചര്യം വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. എങ്കിലും നിലവിലെ സ്റ്റോക്ക് വില കൂട്ടാതെ വിൽക്കാനും, കനേഡിയൻ ഉപഭോക്താക്കളുടെ പിന്തുണയോടെ പ്രാദേശിക വിപണിയും മറ്റ് അന്താരാഷ്ട്ര വിപണികളും കണ്ടെത്താനുമുള്ള തീവ്ര ശ്രമത്തിലാണ് കമ്പനി അധികൃതർ.
വ്യാപാരയുദ്ധം വലിയ പ്രതിസന്ധികൾ സൃഷ്ടിക്കുന്നുണ്ടെങ്കിലും ഉപഭോക്താക്കളെ പരമാവധി സംരക്ഷിക്കാനുള്ള തയ്യാറെടുപ്പിലാണ് മൗണ്ട് പേർളിലെ ‘റഗ്ഗഡ് റോക്ക് ഹാർലി-ഡേവിഡ്സൺ’ ഉൾപ്പെടെയുള്ള ഡീലർമാർ. നിലവിൽ സ്റ്റോക്കിലുള്ള വാഹനങ്ങൾ പഴയ വിലയിൽ തന്നെ ലഭ്യമാക്കുമെന്നും, ഈ വർഷം ഇനി പുതിയ ബൈക്കുകൾ എത്താൻ സാധ്യതയില്ലെങ്കിലും താരിഫ് വർദ്ധനവ് ഒരിക്കലും ഉപഭോക്താക്കളുടെ തലയിൽ കെട്ടിവെക്കില്ലെന്നും ജനറൽ മാനേജർ സീൻ ലെഫ്രെസ്നെ വ്യക്തമാക്കി. ഒരു അമേരിക്കൻ ഉൽപ്പന്ന വ്യാപാരി എന്നതിലുപരി ഒരു പ്രാദേശിക ബിസിനസ്സ് എന്ന നിലയിൽ തങ്ങളെ പിന്തുണയ്ക്കുന്ന ഉപഭോക്താക്കളുടെ വിശ്വാസം കാത്തുസൂക്ഷിക്കാനാണ് ഈ സ്ഥാപനങ്ങളുടെയും ശ്രമം.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq









