വാഷിങ്ടണ്‍: കാനഡയുമായി വ്യാപാര കരാറിലെത്താന്‍ ഏറെ അടുത്തെത്തിയെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കരാര്‍ ചര്‍ച്ചകളില്‍ അമേരിക്കയ്ക്കാണ് എല്ലാ അനുകൂല സാഹചര്യങ്ങളുമുള്ളതെന്നും അദ്ദേഹം അവകാശപ്പെട്ടു. കാനഡ കരാറിനായി കഠിനമായി ശ്രമിക്കുകയാണെന്നും ട്രംപ് പറഞ്ഞു.
മെക്സിക്കോയുമായുള്ള വ്യാപാര ചര്‍ച്ചകളെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോഴാണ് ട്രംപ് കാനഡയെക്കുറിച്ചും പരാമര്‍ശിച്ചത്. കാനഡയുമായി വളരെ നല്ലൊരു കരാറിലെത്താന്‍ അടുത്തിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ ഓഗസ്റ്റില്‍ ചര്‍ച്ചകള്‍ മുടങ്ങിയതിന് ശേഷം കാനഡ-യുഎസ് വ്യാപാര ചര്‍ച്ചകളില്‍ കാര്യമായ പുരോഗതി സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

അതേസമയം, യുഎസുമായി ചര്‍ച്ചകള്‍ തുടരുകയാണെന്ന് കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി വ്യക്തമാക്കി. ഇരുരാജ്യങ്ങള്‍ക്കും ഗുണകരമായ കരാറിനായി ആത്മാര്‍ത്ഥമായി ചര്‍ച്ച നടത്താന്‍ കാനഡ തയ്യാറാണ്. യുഎസ് തയ്യാറാണെങ്കില്‍ അന്നുതന്നെ കരാറില്‍ ഒപ്പിടാന്‍ കഴിയുമെന്നും കാര്‍ണി പറഞ്ഞു. എന്നാല്‍ ചര്‍ച്ചകള്‍ക്ക് മാസങ്ങളോ അതിലധികമോ സമയമെടുക്കുന്ന സാഹചര്യത്തിലും കാനഡ തയ്യാറാണെന്ന് അദ്ദേഹം വ്യക്തമാക്കി.
ഒക്ടോബര്‍ 22-ന് ട്രംപുമായി ദീര്‍ഘനേരം സംസാരിച്ചതായും കാര്‍ണി അറിയിച്ചു. അടുത്ത മാസം നടക്കുന്ന യുഎസ് ഇടക്കാല തിരഞ്ഞെടുപ്പിന് മുമ്പ് പെട്ടെന്ന് കരാറിലെത്താനുള്ള സാധ്യത കനേഡിയന്‍ ഉദ്യോഗസ്ഥര്‍ പൂര്‍ണമായി തള്ളിയിട്ടില്ല. എങ്കിലും അതിനുള്ള സാധ്യത കുറവാണെന്നാണ് റിപ്പോര്‍ട്ട്.
Also Read:കാനഡയിൽ പ്രതിപക്ഷ നിരയിൽ വിള്ളൽ; കൂടുമാറ്റത്തെ തള്ളി പിയറി പൊയിലിവർ; ‘ജനവിധി അട്ടിമറിക്കുന്നുവെന്ന്’ ആരോപണം
ഇതിനിടെ, കാനഡയുടെ സ്റ്റീല്‍ മേഖലയിലെ 500 തൊഴിലാളികളെ പിരിച്ചുവിടാനുള്ള നീക്കം പുനഃപരിശോധിക്കണമെന്ന് വ്യവസായ മന്ത്രി മെലാനി ജോളി ഒരു യുഎസ് കമ്പനിക്ക് മുന്നറിയിപ്പ് നല്കി. ഒഹായോ ആസ്ഥാനമായ ക്ലീവ്ലാന്‍ഡ്-ക്ലിഫ്സ് കമ്പനിയുടെ ഉടമസ്ഥതയിലുള്ള ഹാമില്‍ട്ടണിലെ സ്റ്റെല്കോയിലാണ് പിരിച്ചുവിടല്‍ ഭീഷണി. 2025 മാര്‍ച്ചില്‍ കനേഡിയന്‍ സ്റ്റീല്‍, അലുമിനിയം ഉല്‍പ്പന്നങ്ങള്‍ക്ക് യുഎസ് 25 ശതമാനം തീരുവ ഏര്‍പ്പെടുത്തിയിരുന്നു. ജൂണില്‍ ഇത് 50 ശതമാനമാക്കി ഉയര്‍ത്തി. ഇതിന് തിരിച്ചടിയായി യുഎസില്‍നിന്നുള്ള 27.6 ബില്യണ്‍ ഡോളറിന്റെ ഇറക്കുമതിക്ക് കാനഡയും തീരുവ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z




