ഒട്ടാവ:പൊള്ളലേൽക്കാൻ സാധ്യതയുള്ളതിനാൽ ഓസ്റ്റർ ഫ്രഞ്ച് ഡോർ കൗണ്ടർടോപ്പ് ഓവനുകൾ തിരിച്ചുവിളിക്കുന്നു. സ്പ്രിംഗ് ഘടിപ്പിച്ച ഡോറുകൾ തനിയെ അടയ്യുന്നതു മൂലം ഉപയോക്താക്കൾക്ക് പൊള്ളലേൽക്കാൻ സാധ്യത വളരെ കൂടുതലാണ്. കാനഡയിലും യുഎസിലുമായി ഏകദേശം 14 ലക്ഷം ടോസ്റ്റർ ഓവനുകളാണ് തിരിച്ചുവിളിക്കൽ നടപടിക്ക് വിധേയമാകുന്നത്. സെപ്റ്റംബർ 25-ന് നൽകിയ ആദ്യ അറിയിപ്പിന് ശേഷം 66,000-ത്തിലധികം യൂണിറ്റുകൾ കൂടി ഉൾപ്പെടുത്തിയാണ് തിങ്കളാഴ്ച പുതിയ വിജ്ഞാപനം പുറത്തിറക്കിയത്.
പുതുതായി തിരിച്ചുവിളിച്ച ടോസ്റ്റർ ഓവന്റെ മോഡൽ നമ്പർ TSSTTVFDDG-033 ആണ്. കാനഡയിൽ വിറ്റഴിച്ച 1,70,560 യൂണിറ്റുകളും യുഎസിലെ 1.29 ദശലക്ഷം യൂണിറ്റുകളും ഈ തിരിച്ചുവിളിക്കലിൽ ഉൾപ്പെടുന്നുണ്ട്. 2015 ജനുവരിക്കും 2025 ജൂലൈക്കും ഇടയിലാണ് ഈ ടോസ്റ്റർ ഓവനുകൾ വിറ്റഴിച്ചത്. കാനഡയിൽ ഈ യൂണിറ്റുകളുമായി ബന്ധപ്പെട്ട് പൊള്ളലേറ്റ കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. എന്നാൽ, യുഎസിൽ രണ്ട് രണ്ടാം ഡിഗ്രി പൊള്ളലേറ്റതടക്കം 95-ഓളം പേർക്ക് പൊള്ളലേറ്റതായി നിർമ്മാതാക്കളായ സൺബീം പ്രോഡക്ട്‌സ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഈ പ്രശ്നം പരിഹരിക്കുന്നതിനായി, ഓവൻ ഡോറുകൾ ഉപയോഗ സമയത്ത് സുരക്ഷിതമായി തുറന്നിരിക്കാൻ സഹായിക്കുന്ന ഒരു ‘ക്ലിപ്പ്-ഓൺ ഉപകരണം’ സൺബീം പ്രോഡക്ട്‌സ് സൗജന്യമായി നൽകുന്നുണ്ട്. ഉപകരണം ഘടിപ്പിക്കുന്നതിനുള്ള നിർദ്ദേശങ്ങളും റിപ്പയർ കിറ്റിനൊപ്പം നൽകും. തിരിച്ചുവിളിക്കപ്പെട്ട ഉൽപ്പന്നങ്ങൾ ഉടൻ ഉപയോഗിക്കുന്നത് നിർത്തിവെച്ച് ഓസ്റ്ററിന്റെ വെബ്‌സൈറ്റ് വഴി സൺബീം പ്രോഡക്ട്‌സ് ഇൻകുമായി ബന്ധപ്പെടാൻ ഉപഭോക്താക്കൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
TSSTTVFDXL, TSSTTVFDDGDS, TSSTTVFDDG-033, TSSTTVFDXLPP-033, TSSTTVFDDAF-033 എന്നീ മോഡൽ നമ്പറുകളാണ് നിലവിൽ തിരിച്ചുവിളിക്കലിൽ ഉൾപ്പെട്ടിരിക്കുന്നത്. ഓവന്റെ പുറകിലോ ഒറിജിനൽ പാക്കേജിംഗിലോ ഈ മോഡൽ നമ്പർ പരിശോധിക്കാവുന്നതാണ്. കാനഡയിൽ, തിരിച്ചുവിളിക്കപ്പെട്ട ഉൽപ്പന്നങ്ങൾ വിൽക്കുന്നതോ, കൈമാറ്റം ചെയ്യുന്നതോ, വിതരണം ചെയ്യുന്നതോ നിയമവിരുദ്ധമാണ്. യുഎസ് കൺസ്യൂമർ പ്രൊഡക്ട് സേഫ്റ്റി കമ്മീഷൻ, ഹെൽത്ത് കാനഡ, സൺബീം പ്രോഡക്ട്‌സ് ഇൻക് എന്നിവ സംയുക്തമായാണ് ഈ തിരിച്ചുവിളിക്കൽ പുറത്തിറക്കിയിരിക്കുന്നത്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി:
https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Canada, US recall Oster toaster ovens over safety threat






