ഒട്ടാവ: ക്യുബെക്ക് പ്രവിശ്യയിൽ അഭയാർത്ഥി പദവിയിലുള്ളവർക്ക് കുറഞ്ഞ നിരക്കിലുള്ള ഡേകെയർ സൗകര്യം നിഷേധിച്ച സർക്കാർ ഉത്തരവ് വിവേചനപരമെന്ന് കാനഡ സുപ്രീം കോടതി. 8-1 എന്ന ഭൂരിപക്ഷത്തിലാണ് കോടതിയുടെ നിർണ്ണായക വിധി. അഭയാർത്ഥികളായ സ്ത്രീകൾക്ക് ഡേകെയർ സബ്‌സിഡി നൽകാത്തത് ലിംഗവിവേചനമാണെന്നും കനേഡിയൻ ചാർട്ടർ ഓഫ് റൈറ്റ്‌സ് ആൻഡ് ഫ്രീഡംസിന്റെ 15-ാം വകുപ്പിന്റെ ലംഘനമാണെന്നും കോടതി വ്യക്തമാക്കി.
ക്യുബെക്കിന്റെ ‘റെഡ്യൂസ്ഡ് കോൺട്രിബ്യൂഷൻ റെഗുലേഷൻ’ പ്രകാരം സബ്‌സിഡി ലഭിക്കുന്നവരുടെ പട്ടികയിൽ നിന്നും അഭയാർത്ഥികളെ ഒഴിവാക്കിയതാണ് കേസിലേക്ക് നയിച്ചത്. അഭയാർത്ഥി വിഭാഗത്തിലെ പുരുഷന്മാരേക്കാൾ ഉപരിയായി സ്ത്രീകൾക്കാണ് ഈ നിയമം വലിയ തിരിച്ചടിയാകുന്നതെന്ന് കോടതി നിരീക്ഷിച്ചു. കുട്ടികളെ നോക്കാനുള്ള ഉത്തരവാദിത്തം ഭൂരിഭാഗവും സ്ത്രീകളിൽ നിക്ഷിപ്തമായതിനാൽ, ഡേകെയർ സൗകര്യം ലഭിക്കാത്തത് അവർക്ക് തൊഴിലെടുക്കാനുള്ള അവകാശം നഷ്ടപ്പെടുത്തുന്നു. ഇത് സ്ത്രീകളെ സാമൂഹികമായി പാർശ്വവൽക്കരിക്കാൻ കാരണമാകുന്നുവെന്ന് ജസ്റ്റിസ് മാൽക്കം റോ ഉൾപ്പെടെയുള്ള ഭൂരിപക്ഷ വിധിന്യായത്തിൽ വ്യക്തമാക്കി.
ക്യുബെക്കുമായി മതിയായ ബന്ധമുള്ളവർക്ക് മാത്രമേ ആനുകൂല്യം നൽകാവൂ എന്ന സർക്കാരിന്റെ വാദം യുക്തിരഹിതമാണെന്ന് കോടതി പറഞ്ഞു. കാനഡയിൽ സ്ഥിരതാമസമാക്കാൻ ആഗ്രഹിക്കുന്നവരും ക്യൂബെക്കിൽ താമസിക്കുന്നവരുമായ അഭയാർത്ഥികൾക്ക് ആ പ്രദേശവുമായി അവിഭാജ്യമായ ബന്ധമുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. അതേസമയം, അഭയാർത്ഥി പദവി ഒരു വിവേചനമായി കാണണമെന്ന ചീഫ് ജസ്റ്റിസ് റിച്ചാർഡ് വാഗ്നറുടെ നിലപാടിനോട് കോടതി പൂർണ്ണമായി യോജിച്ചില്ലെങ്കിലും ലിംഗപരമായ വിവേചനം എന്ന നിലയിൽ ആനുകൂല്യം നൽകണമെന്ന് ഭൂരിപക്ഷം ജഡ്ജിമാരും വിധിച്ചു.
വിധി പുറത്തുവന്നതിന് പിന്നാലെ ക്യുബെക്കിൽ രാഷ്ട്രീയ പോരും കടുത്തിട്ടുണ്ട്. സ്വന്തം നാട്ടുകാരായ പൗരന്മാർ വർഷങ്ങളായി ഡേകെയർ സൗകര്യത്തിനായി കാത്തിരിക്കുമ്പോൾ അഭയാർത്ഥികൾക്ക് മുൻഗണന നൽകുന്നത് അംഗീകരിക്കാനാവില്ലെന്ന് ബെർണാഡ് ഡ്രെയ്ൻവില്ലെ വിമർശിച്ചു. അധികാരത്തിൽ വന്നാൽ ‘നോട്ട്വിത്ത്സ്റ്റാൻഡിംഗ് ക്ലോസ്’ ഉപയോഗിച്ച് വിധി മറികടക്കുമെന്നും പൗരന്മാർക്ക് മുൻഗണന ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ ക്യുബെക്ക് അപ്പീൽ കോടതിയും അഭയാർത്ഥികൾക്ക് അനുകൂലമായ വിധി പുറപ്പെടുവിച്ചിരുന്നു. ഏകദേശം 7,000 കുട്ടികൾ കൂടി പുതിയ ഉത്തരവിലൂടെ ഈ പദ്ധതിയിൽ ഉൾപ്പെടുമെന്നാണ് കണക്കാക്കുന്നത്. ഇതിനായി ഏകദേശം 300 ദശലക്ഷം കനേഡിയൻ ഡോളർ അടിസ്ഥാന സൗകര്യ വികസനത്തിനും വർഷം തോറും 120 ദശലക്ഷം ഡോളർ സബ്‌സിഡിക്കായും അധികമായി കണ്ടെത്തേണ്ടി വരും. 900 അധ്യാപകരുടെ അധിക സേവനവും ഇതിനായി ആവശ്യമാണ്.
canada-top-court-requires-quebec-daycare-subsidies-to-include-refugee-claimant-parents
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt



