ഒട്ടാവ: നെറ്റ്ഫ്ലിക്സ് പോലെയുള്ള സ്ട്രീമിംഗ് ആപ്പുകളിൽ നിന്ന് ഈടാക്കിയിരുന്ന പ്രത്യേക ഫീസ് ഒഴിവാക്കാൻ കാനഡ സർക്കാർ തീരുമാനിച്ചു. പ്രാദേശിക സിനിമകളും പരിപാടികളും നിർമ്മിക്കാൻ കമ്പനികളിൽ നിന്ന് നിർബന്ധമായി പണം വാങ്ങുന്ന രീതിക്ക് പകരമായി, സർക്കാർ തന്നെ നേരിട്ട് ഫണ്ട് നൽകാനാണ് പദ്ധതി. സ്ട്രീമിംഗ് കമ്പനികളിൽ നിന്ന് കൂടുതൽ തുക ഈടാക്കുമ്പോൾ അവർ സാധാരണക്കാരിൽ നിന്ന് വരിസംഖ്യ കൂട്ടാൻ സാധ്യതയുണ്ടെന്നും, അത് ഒഴിവാക്കാനാണ് ഈ തീരുമാനമെന്നും സർക്കാർ കോടതിയിൽ വ്യക്തമാക്കി.
2023-ൽ വന്ന നിയമപ്രകാരമാണ് കാനഡയിൽ നിന്ന് ലഭിക്കുന്ന വരുമാനത്തിന്റെ ഒരു വിഹിതം കനേഡിയൻ കലാസൃഷ്ടികൾക്കായി നൽകണമെന്ന് വിദേശ സ്ട്രീമിംഗ് കമ്പനികളോട് ആവശ്യപ്പെട്ടിരുന്നത്. തുടക്കത്തിൽ 5 ശതമാനമായിരുന്ന ഈ ഫീസ് പിന്നീട് കമ്മീഷൻ 15 ശതമാനമായി ഉയർത്തിയിരുന്നു. ഇത് “നെറ്റ്ഫ്ലിക്സ് നികുതി” എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. കമ്പനികൾ പണം നൽകുന്നതിന് പകരം, സ്വന്തം നിലയിൽ മാധ്യമ മേഖലയ്ക്ക് പ്രതിവർഷം 600 മില്യൺ ഡോളർ നൽകാനാണ് സർക്കാരിന്റെ പുതിയ തീരുമാനം.
എന്നാൽ സർക്കാരിന്റെ ഈ നിലപാട് മാറ്റത്തിനെതിരെ വലിയ വിമർശനവും ഉയരുന്നുണ്ട്. അമേരിക്കൻ കമ്പനികളുടെ സമ്മർദ്ദത്തിന് വഴങ്ങിയാണ് കാനഡ ഈ തീരുമാനമെടുത്തതെന്ന് പ്രതിപക്ഷ പാർട്ടികൾ ആരോപിച്ചു. കമ്പനികളുടെ ഫീസ് ഒഴിവാക്കുന്നതോടെ ആ സാമ്പത്തിക ഭാരം മുഴുവൻ സാധാരണക്കാരായ നികുതിദായകരുടെ തലയിലാകുമെന്നും അവർ ചൂണ്ടിക്കാണിക്കുന്നു. വിഷയത്തിൽ വ്യക്തത വരുത്തുന്ന പുതിയ നയ നിർദേശങ്ങൾ സർക്കാർ ഉടൻ പുറത്തിറക്കും.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
Canada to waive 'Netflix tax' on streaming apps; government to provide funding instead.






