ഈ സാമ്പത്തിക വർഷം അവസാനിക്കുന്നതിന് മുൻപ് പ്രതിരോധ മേഖലയിൽ 9 ബില്യൺ ഡോളർ അധികമായി ചെലവഴിക്കാനുള്ള കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയുടെ ലക്ഷ്യം യാഥാർത്ഥ്യമാവുമോ എന്നതിൽ സംശയം പ്രകടിപ്പിച്ച് വിദഗ്ധർ. നാറ്റോയുടെ പ്രതിരോധ ചെലവ് മാനദണ്ഡമായ ജിഡിപിയുടെ രണ്ട് ശതമാനം എന്ന ലക്ഷ്യം കൈവരിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. എന്നാൽ, നിലവിലെ സാഹചര്യത്തിൽ ഇത് ഏറെ ശ്രമകരമായ ദൗത്യമാണെന്നാണ് പ്രതിരോധ മേഖലയിലെ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
പ്രധാനമന്ത്രിയുടെ പ്രഖ്യാപനം നടപ്പിലാക്കാൻ വെറും എട്ട് മാസത്തിൽ താഴെ സമയം മാത്രമാണ് അവശേഷിക്കുന്നത്.
പതിറ്റാണ്ടുകളായി നിലനിൽക്കുന്ന സാമ്പത്തിക താത്പര്യക്കുറവ്, ദീര്‍ഘമായ സംഭരണ നടപടിക്രമങ്ങളും ഈ ലക്ഷ്യം നേടുന്നതിന് പ്രധാന വെല്ലുവിളിയാകുമെന്ന് പ്രതിരോധ വിദഗ്ധൻ ജോൺ ബോൾ അഭിപ്രായപ്പെട്ടു. അതേസമയം, സർക്കാരിന്റെ താരിഫ് നയങ്ങളെ വിമർശിക്കുന്നവരും ഈ നീക്കത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. ഈ സമയത്തിനുള്ളിൽ ഇത്രയും വലിയ തുക വിനിയോഗിക്കാൻ ഡിപ്പാർട്ട്‌മെൻ്റ് ഓഫ് നാഷണൽ ഡിഫൻസിനും (DND) മറ്റ് സർക്കാർ വകുപ്പുകൾക്കും സാധിക്കുമോ എന്നും അവർ സംശയം പ്രകടിപ്പിച്ചു.
നിലവിലെ കരാറുകൾ വികസിപ്പിക്കുക, തദ്ദേശീയമായി പ്രതിരോധ ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്ന കമ്പനികളെ പ്രോത്സാഹിപ്പിക്കുക, യുഎസ് ഫോറിൻ മിലിട്ടറി സെയിൽസ് (FMS) പോലുള്ള ദ്രുതഗതിയിലുള്ള സംവിധാനങ്ങൾ ഉപയോഗിക്കുക തുടങ്ങിയ വഴികളിലൂടെ വേഗത്തിൽ പണം ചെലവഴിക്കാൻ സാധിക്കുമെന്ന് ചില വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. എന്നിരുന്നാലും, ധൃതിപിടിച്ചുള്ള ചെലവഴിക്കൽ വഴി അഴിമതിക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പും അവർ നൽകുന്നുണ്ട്. രാജ്യത്തിൻ്റെ പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതോടൊപ്പം കനേഡിയൻ പ്രതിരോധ വ്യവസായത്തെ ശക്തിപ്പെടുത്തുക എന്നതും ഈ ഫണ്ട് വിനിയോഗിക്കുന്നതിലൂടെ സർക്കാർ ലക്ഷ്യമിടുന്നുണ്ട്.
അധികമായി നീക്കിവെച്ച 9 ബില്യൺ ഡോളറിൽ 8.7 ബില്യൺ ഡോളർ ഡിപ്പാർട്ട്‌മെൻ്റ് ഓഫ് നാഷണൽ ഡിഫൻസിനും (DND) മറ്റ് സർക്കാർ വകുപ്പുകൾക്കും, 370 മില്യൺ ഡോളർ കമ്മ്യൂണിക്കേഷൻസ് സെക്യൂരിറ്റി എസ്റ്റാബ്ലിഷ്‌മെന്റിനും (CSE) വേണ്ടിയാണ് വകയിരുത്തിയിരിക്കുന്നത്. എങ്കിലും, ഈ സാമ്പത്തിക വർഷം അവസാനിക്കുന്നതിന് മുൻപ് ഈ തുക പൂർണ്ണമായി ചെലവഴിക്കുന്നത് ഒരു ‘ലക്ഷ്യം’ മാത്രമാണെന്നും ഉറപ്പ് നൽകാനാവില്ലെന്നും ഒരു മുതിർന്ന സർക്കാർ ഉദ്യോഗസ്ഥൻ വ്യക്തമാക്കി.



