ഒന്റാരിയോ; വാഷിംഗ്ടണിൽ നിന്നുള്ള അവസാന നിമിഷത്തെ വ്യാപാര നിർദ്ദേശം തള്ളിയതിനെത്തുടർന്ന്, കനേഡിയൻ ഉൽപ്പന്നങ്ങൾക്ക് അമേരിക്ക 50% പുതിയ താരിഫ് ചുമത്തിയതോടെ ഇരുരാജ്യങ്ങളും തമ്മിൽ വ്യാപാരയുദ്ധം രൂക്ഷമാകുന്നു. ഇതിന് മറുപടിയായി പ്രധാനമന്ത്രി മാർക്ക് കാർണി കൈക്കൊണ്ട കർശന നിലപാടുകൾക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് ഒന്റാറിയോ പ്രീമിയർ ഡഗ് ഫോർഡ് രംഗത്തെത്തി. “മോശം കരാറിലേർപ്പെടുന്നതിനേക്കാൾ നല്ലത് കരാറില്ലാത്തതാണ്” എന്ന വ്യക്തമായ സന്ദേശമാണ് ഫോർഡ് നൽകുന്നത്.
സിപി24 (CP24) ന് നൽകിയ അഭിമുഖത്തിൽ, ഈ തർക്കത്തെ ഒരു “സാമ്പത്തിക യുദ്ധം” എന്ന് വിശേഷിപ്പിച്ച ഫോർഡ്, കാനഡ ഒറ്റക്കെട്ടായി ഇതിനെ പ്രതിരോധിക്കണമെന്ന് ആഹ്വാനം ചെയ്തു. “താരിഫിന് പകരം താരിഫ്, ഡോളറിന് പകരം ഡോളർ” എന്നതാണ് അദ്ദേഹത്തിന്റെ നിലപാട്. വ്യവസായമേഖലകളെ (പ്രത്യേകിച്ച് സ്റ്റീൽ, ഓട്ടോമോട്ടീവ്, മാനുഫാക്ചറിംഗ്) കൂടുതൽ അനിശ്ചിതത്വത്തിലാക്കുമായിരുന്ന കരാർ കാർണി നിരസിച്ചതിൽ തനിക്ക് ആശ്വാസമുണ്ടെന്ന് ഫോർഡ് കൂട്ടിച്ചേർത്തു.
അർദ്ധരാത്രിയിലെ സമയപരിധിക്ക് മിനിറ്റുകൾക്ക് മുമ്പാണ് പ്രധാനമന്ത്രി മാർക്ക് കാർണി ചർച്ചകൾ നിർത്തിവെച്ചത്. വാഷിംഗ്ടണിന്റെ അവസാന നിമിഷത്തെ ആവശ്യങ്ങൾ അന്യായമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കാർണിയുടെ വിശദീകരണമനുസരിച്ച്, ഓട്ടോമോട്ടീവ് മേഖലയുമായി ബന്ധപ്പെട്ട് അമേരിക്ക വലിയ മാറ്റങ്ങൾ ആവശ്യപ്പെട്ടു. ഇതിൽ മീഡിയം, ഹെവി-ഡ്യൂട്ടി ട്രക്കുകളെ ഒഴിവാക്കിക്കൊണ്ട് കാറുകളെ മാത്രം ഉൾപ്പെടുത്താനുള്ള നിർദ്ദേശമുണ്ടായിരുന്നു.
കൂടാതെ, മറ്റ് രാജ്യങ്ങളുമായി വ്യാപാര കരാറുകളിൽ ഏർപ്പെടാനുള്ള കാനഡയുടെ പരമാധികാരത്തെ നിയന്ത്രിക്കാനും വാഷിംഗ്ടൺ ശ്രമിച്ചതായി അദ്ദേഹം ആരോപിച്ചു.
താരിഫുകൾ നിലവിൽ വന്ന സാഹചര്യത്തിൽ, കാനഡ ഇതിനകം തന്നെ പ്രതിരോധ നടപടികൾക്ക് സജ്ജമായിട്ടുണ്ടെന്ന് കാർണി പറഞ്ഞു. അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് തുല്യമായ നികുതി ചുമത്തുന്നതോടൊപ്പം ആഭ്യന്തര വ്യവസായങ്ങളെ ശക്തിപ്പെടുത്താനും മറ്റ് വിപണികളിലേക്ക് വ്യാപാരം വ്യാപിപ്പിക്കാനും കാനഡ തീരുമാനിച്ചിട്ടുണ്ട്.
ശക്തമായി തിരിച്ചടിക്കാൻ ഒന്റാറിയോയുടെ നിർദ്ദേശം
കാനഡയിലെ തൊഴിലാളികൾക്കും ബിസിനസുകൾക്കും വ്യക്തമായ ആശ്വാസം ലഭിക്കുന്നതുവരെ അമേരിക്കയ്ക്കെതിരെയുള്ള പ്രത്യാക്രമണ നടപടികളിൽ മാറ്റം വരുത്തരുതെന്ന് കാർണിക്കയച്ച കത്തിൽ ഡഗ് ഫോർഡ് ആവശ്യപ്പെട്ടു. കാനഡയുടെ പ്രധാന സാമ്പത്തിക ശക്തികളെ ആയുധമാക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. വൈദ്യുതി (Electricity), ഊർജ്ജം (Energy), പ്രധാന ധാതുക്കൾ (Critical minerals), ടെക്സസ്, ഫ്ലോറിഡ, വിസ്കോൺസിൻ, അലബാമ തുടങ്ങിയ പ്രധാന അമേരിക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ള ഉൽപ്പന്നങ്ങളെ ലക്ഷ്യമിട്ട് നികുതി ചുമത്തണമെന്നും ഫോർഡ് നിർദ്ദേശിച്ചിട്ടുണ്ട്.
Also Read: താരിഫ് പോരിൽ കാനഡ ഒന്നിക്കുന്നു: അമേരിക്കൻ നീക്കത്തിനെതിരെ കൈകോർത്ത് മാരിടൈം പ്രവിശ്യകൾ
സാമ്പത്തിക പ്രത്യാഘാത മുന്നറിയിപ്പുമായി ഹാമിൽട്ടൺ
ചർച്ചകൾ പരാജയപ്പെട്ടതിൽ ഹാമിൽട്ടൺ മേയർ ആന്ദ്രിയ ഹോർവാത്തും ആശങ്ക പ്രകടിപ്പിച്ചു. കാനഡയിലെ സ്റ്റീൽ ഉൽപ്പാദനത്തിന്റെ 60% വഹിക്കുന്ന ഹാമിൽട്ടൺ നഗരത്തെ ഈ വ്യാപാരയുദ്ധം പ്രതികൂലമായി ബാധിക്കാൻ സാധ്യതയുണ്ട്. നിലവിലെ അനിശ്ചിതത്വം പ്രാദേശിക വ്യവസായങ്ങൾക്കും തൊഴിലാളികൾക്കും കടുത്ത സമ്മർദ്ദമുണ്ടാക്കുമെന്നും ഫെഡറൽ-പ്രൊവിൻഷ്യൽ സർക്കാരുകൾ വ്യവസായങ്ങൾക്ക് പിന്നിൽ ഉറച്ചുനിൽക്കണമെന്നും ഹോർവാത്ത് ആവശ്യപ്പെട്ടു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq
Canada against US tariffs: Ontario Premier Doug Ford backs Carney.




