ഒട്ടാവ: കാനഡയിലെ അത്യാവശ്യ സേവന മേഖലകളിൽ (Essential Services) ജോലിക്ക് അപേക്ഷിക്കുന്നവർക്ക് വർക്ക് പെർമിറ്റ് നടപടികൾ വേഗത്തിലാക്കാൻ തീരുമാനിച്ചതായി IRCC. രാജ്യത്ത് നിലവിലുള്ള രൂക്ഷമായ തൊഴിൽ ക്ഷാമം പരിഹരിക്കുന്നതിന്റെ ഭാഗമായാണ് ആരോഗ്യ മേഖല, കാർഷികം, അഗ്രി-ഫുഡ് തുടങ്ങിയ വിഭാഗങ്ങളിൽ നിന്നുള്ള അപേക്ഷകൾക്ക് മുൻഗണന (Priority Processing) നൽകാൻ IRCC തീരുമാനിച്ചത്.
നിശ്ചിത എംപ്ലോയർക്ക് കീഴിൽ ജോലി ചെയ്യുന്നതിനായി സമർപ്പിക്കുന്ന ‘എംപ്ലോയർ-സ്പെസിഫിക്’ വർക്ക് പെർമിറ്റുകൾക്കാണ് ഈ ആനുകൂല്യം ലഭിക്കുക. ലേബർ മാർക്കറ്റ് ഇംപാക്ട് അസസ്മെന്റ് (LMIA) അടിസ്ഥാനമാക്കിയുള്ള അപേക്ഷകൾ, ഫ്രാങ്കോഫോൺ മൊബിലിറ്റി, ഇന്റർനാഷണൽ എക്സ്പീരിയൻസ് കാനഡ (IEC) വഴി വരുന്ന അപേക്ഷകൾ എന്നിവ ഇതിൽ ഉൾപ്പെടും. എന്നാൽ ഓപ്പൺ വർക്ക് പെർമിറ്റുകൾക്ക് ഈ മുൻഗണന ബാധകമാകില്ലെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
ആരോഗ്യ മേഖലയിൽ നഴ്സിംഗ് സൂപ്പർവൈസർമാർ, രജിസ്റ്റേർഡ് നഴ്സുമാർ, ഡോക്ടർമാർ, ഫാർമസിസ്റ്റുകൾ, ലാബ് ടെക്നീഷ്യൻമാർ എന്നിവർക്ക് വേഗത്തിൽ പെർമിറ്റ് ലഭിക്കും. കാർഷിക മേഖലയിൽ മീറ്റ് കട്ടേഴ്സ്, ഫാം സൂപ്പർവൈസർമാർ, കന്നുകാലി തൊഴിലാളികൾ, വിളവെടുപ്പ് തൊഴിലാളികൾ തുടങ്ങിയവർക്കും ഈ ആനുകൂല്യം ലഭ്യമാണ്. അപേക്ഷയിലെ നാഷണൽ ഓക്കുപ്പേഷൻ ക്ലാസിഫിക്കേഷൻ (NOC) കോഡുകൾ തൊഴിലുടമ നൽകുന്ന രേഖകളുമായി കൃത്യമായി പൊരുത്തപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും നിർദ്ദേശമുണ്ട്.
ഈ മേഖലകളിൽ ആറുമാസമെങ്കിലും പ്രവൃത്തിപരിചയമുള്ളവർക്ക് ഭാവിയിൽ സ്ഥിരതാമസത്തിനുള്ള (PR) അപേക്ഷ നൽകാനും എളുപ്പമാകും. എക്സ്പ്രസ് എൻട്രിയിലെ കാറ്റഗറി അടിസ്ഥാനമാക്കിയുള്ള തിരഞ്ഞെടുപ്പിൽ കുറഞ്ഞ സി.ആർ.എസ് (CRS) സ്കോർ ഉള്ളവർക്കും ഇൻവിറ്റേഷൻ ലഭിക്കാൻ ഈ പുതിയ മാറ്റം സഹായിക്കും. കാനഡയുടെ സാമ്പത്തിക ഭദ്രതയ്ക്കും അവശ്യ സേവനങ്ങൾ തടസ്സമില്ലാതെ നടത്തുന്നതിനുമായാണ് പുതിയ നീക്കം.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Canada speeds up work permit processing, prioritizes health and agricultural sectors: Crucial change in immigration policy



