ഒട്ടാവ; കാനഡയിലേക്ക് ബിസിനസ് സംരംഭങ്ങൾ വഴി കുടിയേറാൻ ആഗ്രഹിക്കുന്നവർക്ക് നിർണ്ണായക അറിയിപ്പുമായി ഇമിഗ്രേഷൻ വിഭാഗം (IRCC). നിലവിലുള്ള സ്റ്റാർട്ട്-അപ്പ് വിസ (SUV) പ്രോഗ്രാം നിർത്തലാക്കാനും പകരം കുടിയേറ്റ സംരംഭകർക്കായി കൂടുതൽ കാര്യക്ഷമമായ പുതിയ പൈലറ്റ് പ്രോഗ്രാം ആരംഭിക്കാനും ഫെഡറൽ സർക്കാർ തീരുമാനിച്ചു. ബിസിനസ് പ്രോഗ്രാമുകളിലെ അപേക്ഷകളുടെ എണ്ണം കുറയ്ക്കുന്നതിനും നടപടിക്രമങ്ങൾ വേഗത്തിലാക്കുന്നതിനുമാണ് ഈ പുതിയ മാറ്റങ്ങൾ.
പുതിയ പരിഷ്‌കാരങ്ങൾ പ്രകാരം ഡിസംബർ 31 രാത്രി 11:59 മുതൽ സ്റ്റാർട്ട്-അപ്പ് വിസയിലേക്കുള്ള പുതിയ അപേക്ഷകൾ സ്വീകരിക്കുന്നത് കാനഡ അവസാനിപ്പിക്കും. എന്നാൽ 2025-ൽ അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും ലഭിച്ച സാധുവായ ‘കമിറ്റ്‌മെന്റ് സർട്ടിഫിക്കറ്റ്’ ഉള്ളവർക്ക് 2026 ജൂൺ 30 വരെ അപേക്ഷ സമർപ്പിക്കാൻ അവസരമുണ്ടാകും. കൂടാതെ, നിലവിൽ കാനഡയിലുള്ളവർക്ക് തങ്ങളുടെ എസ്.യു.വി വർക്ക് പെർമിറ്റ് നീട്ടാൻ അപേക്ഷിക്കാമെങ്കിലും പുതിയതായി വർക്ക് പെർമിറ്റിനായി അപേക്ഷിക്കാൻ സാധിക്കില്ല. 2024 ഏപ്രിൽ മുതൽ നിർത്തിവച്ചിരിക്കുന്ന സെൽഫ് എംപ്ലോയ്ഡ് പേഴ്സൺസ് പ്രോഗ്രാമിനുള്ള വിലക്കും അനിശ്ചിതകാലത്തേക്ക് നീട്ടിയിട്ടുണ്ട്.
നിലവിലുള്ള സ്റ്റാർട്ട്-അപ്പ് വിസ വഴി സ്ഥിരതാമസത്തിന് (PR) പത്ത് വർഷം വരെ കാത്തിരിക്കേണ്ടി വരുന്നത് വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. ഈ കാലതാമസം ഒഴിവാക്കി കൂടുതൽ മികച്ച പ്രതിഭകളെ കാനഡയിലേക്ക് ആകർഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ ‘ഇമിഗ്രന്റ് എന്റർപ്രണർ പൈലറ്റ് പ്രോഗ്രാം’ അവതരിപ്പിക്കുന്നത്. ഇതിന്റെ കൂടുതൽ വിവരങ്ങൾ 2026-ൽ പുറത്തുവിടും. കാനഡയുടെ പുതിയ ‘റ്റാലന്റ് അട്രാക്ഷൻ സ്ട്രാറ്റജി’യുടെ ഭാഗമായാണ് ഈ വിപ്ലവകരമായ മാറ്റങ്ങൾ നടപ്പിലാക്കുന്നത്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
ഒരു അംഗീകൃത ഇമിഗ്രേഷൻ കൺസൽട്ടന്റിന്റെ സേവനങ്ങൾക്ക് ബന്ധപ്പെടാം: +1 (289) 690-8119 ( eHouse Immigrations Services Ltd) (https://ehouseimmigration.ca/)
Canada Shuts Down Start-up Visa Program; New PR Pathway for Entrepreneurs to Launch in 2026



