2026 ഐസിസി പുരുഷ ടി20 ലോകകപ്പിലേക്കുള്ള യോഗ്യത കാനഡ ഔദ്യോഗികമായി സ്വന്തമാക്കിയിരിക്കുന്നു. ഇന്ത്യയും ശ്രീലങ്കയും സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ഈ ടൂര്‍ണമെന്റിലേക്കുള്ള പ്രവേശനം ബഹാമാസിനെതിരായ തകര്‍പ്പന്‍ വിജയത്തിലൂടെ ഉറപ്പിച്ചു. അമേരിക്കാസ് ക്വാളിഫയറില്‍ തുടര്‍ച്ചയായ അഞ്ചാമത്തെ വിജയമാണ് ഇത്.
നിര്‍ണായക മത്സരത്തില്‍ കനേഡിയന്‍ ബൗളര്‍മാരായ കലീം സാനയും ശിവം ശര്‍മയും മൂന്ന് വിക്കറ്റുകള്‍ വീതം നേടി ബഹാമാസിനെ വെറും 57 റണ്‍സിന് പുറത്താക്കി. വിജയത്തിനായി ഇറങ്ങിയ കാനഡ വെറും 5.3 ഓവറില്‍ ലക്ഷ്യം കൈവരിച്ചു, ദില്‍പ്രീത് ബജ്‌വ 14 പന്തില്‍ നിന്ന് 36 റണ്‍സ് നേടി കാനഡയുടെ വിജയം അനായാസമാക്കി. 2024 ടി20 ലോകകപ്പിൽ പങ്കെടുത്ത പരിചയം ഉണ്ടായതിനാൽ നിക്കോളാസ് കിര്‍ട്ടണിന്റെ നേതൃത്വത്തിലുള്ള കാനഡ ടീം ഈ ടൂർണമെന്റിലേക്ക് പ്രധാന വെല്ലുവിളിയുമായാണ് എത്തിയത്.
ഈ യോഗ്യത ടൂർണമെന്റിൽ കാനഡയുടെ വിജയ യാത്രയിൽ ബര്‍മുഡയ്‌ക്കെതിരെ 110 റണ്‍സിന്റെ വിജയം, കേമാന്‍ ദ്വീപുകള്‍ക്കെതിരെ രണ്ട് മത്സരങ്ങളില്‍ യഥാക്രമം 59, 42 റണ്‍സിന്റെ വിജയങ്ങള്‍, ബഹാമാസിനെതിരായ രണ്ട് തകര്‍പ്പന്‍ വിജയങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു. ഇതോടെ കാനഡ യോഗ്യത നേടിയ 11 ടീമുകളുടെ പട്ടികയില്‍ ചേര്‍ന്നു. സഹ-ആതിഥേയരായ ഇന്ത്യ, ശ്രീലങ്ക എന്നിവയ്‌ക്കൊപ്പം ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, ന്യൂസിലാന്‍ഡ്, പാക്കിസ്ഥാന്‍, വെസ്റ്റ് ഇന്‍ഡീസ്, അമേരിക്കന്‍ ഐക്യനാടുകള്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, അയര്‍ലന്‍ഡ് എന്നിവയാണ് മറ്റ് യോഗ്യത നേടിയ ടീമുകള്‍.
20 ടീമുകള്‍ പങ്കെടുക്കുന്ന ഈ ടൂര്‍ണമെന്റിലേക്കുള്ള ബാക്കി ഏഴ് സ്ഥാനങ്ങള്‍ 2025ല്‍ നടക്കാനിരിക്കുന്ന യൂറോപ്പ്, ആഫ്രിക്ക, ഏഷ്യ-പസഫിക് മേഖലകളിലെ ക്വാളിഫയിംഗ് ടൂര്‍ണമെന്റുകളിലൂടെ നിര്‍ണയിക്കപ്പെടും. കാനഡയുടെ ഈ നേട്ടം അന്താരാഷ്ട്ര ക്രിക്കറ്റില്‍ അവരുടെ വളര്‍ച്ചയുടെ സൂചനയാണ്.






