ഒട്ടാവ: കാനഡയിലെ വീടുകേറിയുള്ള തപാൽ വിതരണം സ്ഥിരമായി നിർത്തലാക്കാനുള്ള പുനഃസംഘടനാ പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് കാനഡ പോസ്റ്റ്. മാറുന്ന കാലത്തിനനുസരിച്ച് ബിസിനസ് മാതൃകയിൽ മാറ്റം വരുത്തുന്നതിന്റെ ഭാഗമായാണ് ഈ നീക്കമെന്ന് കാനഡ പോസ്റ്റ് തിങ്കളാഴ്ച പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ അറിയിച്ചു. നികുതിപ്പണം അനാവശ്യമായി ചെലവാക്കാതെ സ്ഥാപനത്തെ സ്വയംപര്യാപ്തമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കാനഡ പോസ്റ്റിനെ രക്ഷിക്കാൻ ഫെഡറൽ സർക്കാരാണ് പരിഷ്‌കാരങ്ങൾ നിർദ്ദേശിച്ചത്. 2018 മുതൽ കോടിക്കണക്കിന് രൂപയുടെ നഷ്ടത്തിലാണ് സ്ഥാപനം പ്രവർത്തിക്കുന്നത്. നിലവിലുള്ള വീടുകേറിയുള്ള തപാൽ വിതരണം അവസാനിപ്പിച്ച് പകരം പൊതുവായ ‘കമ്മ്യൂണിറ്റി മെയിൽബോക്സുകൾ’ സ്ഥാപിക്കാനാണ് പദ്ധതി. കത്ത് വിതരണത്തിനുള്ള മാനദണ്ഡങ്ങളിൽ മാറ്റം വരുത്തുന്നതിനും ആധുനിക സാങ്കേതികവിദ്യകൾ നടപ്പിലാക്കുന്നതിനും സർക്കാർ അനുമതി നൽകിയിട്ടുണ്ട്.
അതേസമയം, പുതിയ പരിഷ്‌കാരങ്ങൾക്കെതിരെ തപാൽ ജീവനക്കാരുടെ സംഘടനയായ കനേഡിയൻ യൂണിയൻ ഓഫ് പോസ്റ്റൽ വർക്കേഴ്സ് (CUPW) ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. വീടുകേറിയുള്ള വിതരണം നിർത്തുന്നത് ജോലി നഷ്ടമുണ്ടാക്കുമെന്നും ഗ്രാമപ്രദേശങ്ങളിലെ ജനങ്ങളെ ബുദ്ധിമുട്ടിക്കുമെന്നും യൂണിയൻ ആരോപിച്ചു. ചർച്ചകൾ പൂർത്തിയാക്കുന്നതിന് മുൻപ് ഏകപക്ഷീയമായി മാറ്റങ്ങൾ നടപ്പിലാക്കരുതെന്നാണ് ജീവനക്കാരുടെ ആവശ്യം. വരും ദിവസങ്ങളിൽ ഇതുസംബന്ധിച്ച് സർക്കാരും യൂണിയനുകളും തമ്മിലുള്ള തർക്കം രൂക്ഷമാകാനാണ് സാധ്യത.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
Canada Post to end direct mail delivery, no more mail delivered to doorsteps




