ഒട്ടാവ: യുദ്ധവും പീഡനങ്ങളും ഭയന്ന് കാനഡയിൽ അഭയം തേടുന്നവർക്ക് ആശ്വാസകരമായ പുതിയ നിർദ്ദേശങ്ങളുമായി കനേഡിയൻ ഇമിഗ്രേഷൻ വകുപ്പ് (IRCC) രംഗത്തെത്തി. ആതിഥേയ രാജ്യങ്ങളിൽ നിന്ന് പുറത്തുകടക്കാൻ ബുദ്ധിമുട്ടുന്ന അഭയാർത്ഥികൾക്ക് ഇനി മുതൽ ‘എക്സിറ്റ് പെർമിറ്റ്’ (Exit Permit) ഇല്ലാതെ തന്നെ കാനഡയിലേക്കുള്ള സ്ഥിര താമസ വിസ അനുവദിക്കാനാണ് പുതിയ തീരുമാനം.

നിലവിൽ പല രാജ്യങ്ങളിലും അഭയാർത്ഥികൾക്ക് ആ രാജ്യം വിട്ടുപോകാൻ പ്രത്യേക അനുമതി പത്രം ആവശ്യമാണ്. എന്നാൽ പലപ്പോഴും നിയമപരമായ പദവി ഇല്ലാത്തതിനാലോ വലിയ തുക ഫീസ് നൽകാൻ കഴിയാത്തതിനാലോ ഇത് ലഭിക്കാറില്ല. പുതിയ നിയമപ്രകാരം, ഇത്തരം രേഖകൾ ഇല്ലെന്ന കാരണത്താൽ ഇനി അപേക്ഷകൾ നിരസിക്കില്ലെന്ന് ഐആർസിസി വ്യക്തമാക്കി. അപേക്ഷകൻ മറ്റു തടസ്സങ്ങളില്ലാത്ത ആളാണെങ്കിൽ ഉദ്യോഗസ്ഥർക്ക് അപേക്ഷ പൂർണ്ണമായും പ്രോസസ്സ് ചെയ്യാവുന്നതാണ്. അപേക്ഷകന് പെട്ടെന്ന് രാജ്യം വിടാൻ സാധിക്കാത്ത സാഹചര്യം ഉണ്ടെങ്കിൽ അപേക്ഷ ആറുമാസം വരെ മരവിപ്പിച്ചു വെക്കാനും സൗകര്യമുണ്ട്.
കൂടാതെ, ജീവന് ഭീഷണിയുള്ള അടിയന്തര സാഹചര്യങ്ങളിൽ എക്സിറ്റ് പെർമിറ്റ് ലഭിക്കാത്ത കുടുംബാംഗങ്ങളെ താൽക്കാലികമായി നാട്ടിൽ നിർത്തിക്കൊണ്ട് തന്നെ പ്രധാന അപേക്ഷകന് കാനഡയിലേക്ക് തിരിക്കാൻ പുതിയ നിയമം അനുവാദം നൽകുന്നു. ഇങ്ങനെയുള്ള കുടുംബാംഗങ്ങളെ പിന്നീട് ‘വൺ ഇയർ വിൻഡോ’ പദ്ധതിയോ ഫാമിലി സ്പോൺസർഷിപ്പോ വഴി കാനഡയിലേക്ക് എത്തിക്കാൻ സാധിക്കും. കാനഡയിലെത്തി ഒരു വർഷത്തിനുള്ളിൽ തന്നെ ഇതിനുള്ള അപേക്ഷ സമർപ്പിക്കണമെന്നും അധികൃതർ അറിയിച്ചു. അഭയാർത്ഥി പുനരധിവാസ പ്രക്രിയ കൂടുതൽ മാനുഷികവും ലളിതവുമാക്കുന്നതിന്റെ ഭാഗമായാണ് കാനഡ ഈ സുപ്രധാന തീരുമാനമെടുത്തത്.
Canada increases flexibility for refugees facing exit barriers
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt



