ഒട്ടാവ: കാനഡയിലെ സ്ഥിരതാമസത്തിനും (Permanent Residence) പൗരത്വത്തിനുമുള്ള അപേക്ഷാ ഫീസുകൾ ഫെഡറൽ സർക്കാർ വർദ്ധിപ്പിച്ചു. പിആർ അപേക്ഷകൾക്കുള്ള പുതുക്കിയ നിരക്കുകൾ 2026 ഏപ്രിൽ 30 മുതലും, പൗരത്വ അപേക്ഷകൾക്കുള്ള (Right of Citizenship) പുതിയ ഫീസ് 2026 മാർച്ച് 31 മുതലും പ്രാബല്യത്തിൽ വരും. എക്സ്പ്രസ് എൻട്രി, പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം (PNP), ഫാമിലി സ്പോൺസർഷിപ്പ് തുടങ്ങി എല്ലാ വിഭാഗങ്ങളിലുമുള്ള പിആർ അപേക്ഷാ ഫീസുകളിലും വർദ്ധനവുണ്ടാകും. കൂടാതെ ‘റൈറ്റ് ഓഫ് പെർമനന്റ് റെസിഡൻസ് ഫീസും’ (RPRF) കൂട്ടിയിട്ടുണ്ട്.
റൈറ്റ് ഓഫ് പെർമനന്റ് റെസിഡൻസ് ഫീ 575 ഡോളറിൽ നിന്ന് 600 ഡോളറായി ഉയരും. എക്സ്പ്രസ് എൻട്രി / PNP പ്രധാന അപേക്ഷകന് 950 ഡോളറിൽ നിന്ന് 990 ഡോളറാകും. ആശ്രിതരായ കുട്ടികൾക്ക് 270 ഡോളർ നൽകണം. ബിസിനസ് ക്ലാസിന് പ്രധാന അപേക്ഷകന്റെ ഫീസ് 1,810 ഡോളറിൽ നിന്ന് 1,895 ഡോളറായി വർദ്ധിപ്പിച്ചു. ഫാമിലി സ്പോൺസർഷിപ്പ് ഫീ 85 ഡോളറിൽ നിന്ന് 90 ഡോളറായും, പ്രധാന അപേക്ഷകന്റേത് 570 ഡോളറായും ഉയരും. പൗരത്വ ഫീസ് (Citizenship Fee) മാർച്ച് 31 മുതൽ ഇത് 119.75 ഡോളറിൽ നിന്ന് 123 ഡോളറായി വർദ്ധിക്കും.

നിശ്ചിത തീയതികൾക്ക് മുൻപായി ഓൺലൈനായി അപേക്ഷ സമർപ്പിച്ച് ഫീസടച്ചവർക്ക് പഴയ നിരക്ക് തന്നെ ബാധകമായിരിക്കും. എന്നാൽ അപേക്ഷകൾ അയച്ചവർക്ക്, അവ ഇമിഗ്രേഷൻ വിഭാഗത്തിന് ലഭിക്കാൻ വൈകിയാൽ ഫീസിലെ വ്യത്യാസം അധികമായി നൽകേണ്ടി വന്നേക്കാം. കൂടാതെ, പിആർ അപേക്ഷ നേരത്തെ സമർപ്പിച്ചെങ്കിലും RPRF ഫീസ് പിന്നീട് അടയ്ക്കാൻ മാറ്റിവെച്ചവർ പുതുക്കിയ നിരക്കായ 600 ഡോളർ തന്നെ നൽകണം. അധികമായി നൽകേണ്ടി വരുന്ന തുക ഇആർസിസിയുടെ (IRCC) ഓൺലൈൻ പേയ്മെന്റ് ടൂൾ വഴി അടയ്ക്കാവുന്നതാണ്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Canada hikes permanent residence and citizenship fees



