ഒട്ടാവ : കാനഡയിലെ ജനപ്രിയമായ ഹരിത ഭവന നവീകരണ ഗ്രാന്റ് പദ്ധതി (Greener Homes Grant) താൽക്കാലിക ഇടവേളയ്ക്ക് ശേഷം നോവ സ്കോഷ്യ, പ്രിൻസ് എഡ്വേർഡ് ഐലൻഡ്, ക്യുബെക്ക്, ബ്രിട്ടീഷ് കൊളംബിയ എന്നീ നാല് പ്രവിശ്യകളിൽ പുനരാരംഭിക്കുന്നു. പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന, പ്രകൃതി കാര്യ മന്ത്രി ജൂലി ഡാബ്രൂസിൻ തിങ്കളാഴ്ച രാവിലെ പദ്ധതിയുടെ പുനരാരംഭം ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്ന് സി.ബി.സി ന്യൂസ് റിപ്പോർട്ട് ചെയ്തു. കാനഡ ഗ്രീനർ ഹോംസ് അഫോർഡബിലിറ്റി പ്രോഗ്രാം (CGHAP) എന്ന് പുനർനാമകരണം ചെയ്ത ഈ പദ്ധതി ഇതിനകം മാനിറ്റോബയിൽ നടപ്പിലാക്കിയിട്ടുണ്ട്. മറ്റ് അഞ്ച് പ്രവിശ്യകളിലും മൂന്ന് കേന്ദ്രഭരണ പ്രദേശങ്ങളിലും പദ്ധതി എപ്പോൾ ലഭ്യമാകുമെന്നത് സംബന്ധിച്ച് ചർച്ചകൾ നടന്നുവരികയാണെന്ന് ഫെഡറൽ വൃത്തങ്ങൾ വ്യക്തമാക്കി.
ഫെഡറൽ സർക്കാരിന്റെ 300 മില്യൺ ഡോളർ ഉൾപ്പെടെ ആകെ 500 മില്യൺ ഡോളറിലധികം ഫണ്ടാണ് ഈ പദ്ധതിക്കായി നീക്കിവെച്ചിരിക്കുന്നത്. ഇതിലൂടെ കുറഞ്ഞതും ഇടത്തരവുമായ വരുമാനമുള്ള 35,000-ത്തിലധികം കുടുംബങ്ങൾക്ക് ഊർജ്ജ ബില്ലുകളും ഹരിതഗൃഹ വാതക ഉദ്വമനവും കുറയ്ക്കാൻ സാധിക്കും. മുൻപ് വീട്ടുടമസ്ഥർക്ക് മാത്രമായിരുന്ന ഈ പദ്ധതി, പുതിയ പതിപ്പിൽ വാടകയ്ക്ക താമസിക്കുന്നവർക്കും ലഭ്യമാകും. ഹീറ്റ് പമ്പുകൾ സ്ഥാപിക്കൽ, ഇൻസുലേഷൻ, എയർ സീലിംഗ് തുടങ്ങിയ നവീകരണ പ്രവർത്തനങ്ങൾ സൗജന്യമായി ചെയ്യാനാണ് തുക വിനിയോഗിക്കുകയെന്ന് വാർത്താക്കുറിപ്പിന്റെ കരട് രേഖ വ്യക്തമാക്കുന്നു. കൂടാതെ, പ്രാദേശിക തദ്ദേശീയ ഗവൺമെന്റുകൾക്കും സംഘടനകൾക്കും പദ്ധതിയുടെ പ്രത്യേക പിന്തുണ ലഭ്യമാക്കുമെന്ന് ഗവൺമെന്റ് വെബ്‌സൈറ്റിൽ അറിയിച്ചിട്ടുണ്ട്.
കേന്ദ്ര ഗവൺമെന്റിന് പകരം അതത് പ്രവിശ്യകളായിരിക്കും ഇനി മുതൽ പദ്ധതി നിയന്ത്രിക്കുക. ഹൈഡ്രോ-ക്യുബെക്ക്, ബി.സി ഹൈഡ്രോ, ഫോർട്ടിസ് ബി.സി, എഫിഷ്യൻസി വൺ എന്നിവയുമായി ഏകോപിപ്പിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. തിങ്കളാഴ്ച രാവിലെ എട്ട് മണിക്ക് മോൺട്രിയലിൽ നടക്കുന്ന അന്താരാഷ്ട്ര ഊർജ്ജ ഏജൻസിയുടെ ആഗോള ഊർജ്ജ കാര്യക്ഷമത സമ്മേളനത്തിൽ ജൂലി ഡാബ്രൂസിനോടൊപ്പം ഊർജ്ജ, പ്രകൃതിവിഭവ മന്ത്രി ടിം ഹോഡ്‌സണും പങ്കെടുക്കും. 2021-ൽ ആരംഭിച്ച ആദ്യ പദ്ധതി പ്രകാരം ഊർജ്ജ നവീകരണത്തിനായി വീട്ടുടമകൾക്ക് 5,000 ഡോളർ വരെയും വിലയിരുത്തലുകൾക്കായി 600 ഡോളർ വരെയും റീഇംബേഴ്സ്മെന്റായി നൽകിയിരുന്നു. 2.6 ബില്യൺ ഡോളറിന്റെ ഈ പദ്ധതി 2027 വരെ നീണ്ടുനിൽക്കേണ്ടതായിരുന്നുവെങ്കിലും ഫണ്ട് തീർന്നതിനെ തുടർന്ന് 2024-ന്റെ തുടക്കത്തിൽ നിർത്തലാക്കുകയായിരുന്നു.
Canada Greener Homes Affordability Program coming soon; relief for people in four provinces
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt





