ഓട്ടവ: കാനഡയിലെയും യൂറോപ്പിലെയും നിരവധി സര്‍ക്കാര്‍ വെബ്സൈറ്റുകള്‍ ബുധനാഴ്ച താല്‍ക്കാലികമായി ഓഫ്ലൈനാക്കി. PHP പ്രോഗ്രാമിങ് ഭാഷ വ്യാപകമായി ഉപയോഗിക്കുന്നതില്‍ ഗുരുതര സുരക്ഷാ പിഴവുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. സുരക്ഷാ പിഴവുകള്‍ പരിഹരിക്കുന്നതിനായി അടിയന്തര അപ്ഡേറ്റുകള് പുറത്തിറക്കിയ PHP ഡെവലപ്പര്‍മാര്‍ വെബ്സൈറ്റ് നടത്തിപ്പുകാരോട് എത്രയും വേഗം അപ്ഡേറ്റ് നടപ്പാക്കാന്‍ നിര്‍ദേശിച്ചു.

കാനഡയിലെ ചില ഫെഡറല്‍ സര്‍ക്കാര്‍ വെബ്സൈറ്റുകള്‍ മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി താല്‍ക്കാലികമായി പ്രവര്‍ത്തനം നിര്‍ത്തിയതായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മന്ത്രി ഇവാന് സോളമന് അറിയിച്ചു. കാനഡിയന്‍ സെന്റര്‍ ഫോര്‍ സൈബര്‍ സെക്യൂരിറ്റി, സ്റ്റാറ്റിസ്റ്റിക്സ് കാനഡ എന്നിവയുടെ വെബ്സൈറ്റുകളും കുറച്ചുസമയത്തേക്ക് ലഭ്യമായിരുന്നില്ല. ന്യൂഫൗണ്ട്ലന്‍ഡ് ആന്‍ഡ് ലാബ്രഡോര്‍, പ്രിന്‍സ് എഡ്വേര്‍ഡ് ഐലന്‍ഡ് പ്രവിശ്യകളുടെ സര്‍ക്കാര്‍ വെബ്സൈറ്റുകളും ഇലക്ഷന്‍സ് ബിസിയുടെ സൈറ്റും ഓഫ്ലൈനാക്കി.
ഇന്റര്‍നെറ്റിലെ വെബ്സൈറ്റുകളില്‍ വ്യാപകമായി ഉപയോഗിക്കുന്ന പ്രോഗ്രാമിങ് ഭാഷയാണ് PHP. വേര്‍ഡ്പ്രസ് ഉള്‍പ്പെടെയുള്ള പ്ലാറ്റ്ഫോമുകള് ഇതിനെ ആശ്രയിച്ചാണ് പ്രവര്‍ത്തിക്കുന്നത്. പ്രോഗ്രാമിങ് ഭാഷ തിരിച്ചറിയാന്‍ കഴിയുന്ന വെബ്സൈറ്റുകളില്‍ ഏകദേശം 75 ശതമാനത്തിലും PHP ഉപയോഗിക്കുന്നുണ്ടെന്നാണ് വെബ് സാങ്കേതികവിദ്യ നിരീക്ഷണ സ്ഥാപനമായ W3Techs-ന്റെ കണക്ക്. അതിനാല്‍ സുരക്ഷാ പിഴവ് പരിഹരിക്കാത്ത വെബ്സൈറ്റുകള്‍ സൈബര്‍ ആക്രമണത്തിന് ഇരയാകാനുള്ള സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്കി.
ALSO READ: വാട്സാപ്പില്‍ ‘NO’ എന്ന് മറുപടി നല്കിയാല് പണം നഷ്ടമാകുമോ? സൈബര്‍ തട്ടിപ്പിനെതിരെ മുന്നറിയിപ്പ്
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ സുരക്ഷാ പിഴവ് കണ്ടെത്തിയതായി ഗൂഗിളിന്റെ മാതൃകമ്പനിയായ ആല്‍ഫബെറ്റിന്റെ ഉടമസ്ഥതയിലുള്ള സൈബര്‍ സുരക്ഷാ സ്ഥാപനമായ വിസ് അറിയിച്ചു. പത്തുവര്‍ഷത്തിലേറെയായി ഈ പിഴവുള്ള കോഡ് നിലനിന്നിരുന്നുവെന്നാണ് കമ്പനിയുടെ കണ്ടെത്തല്‍. പിഴവ് കണ്ടെത്താനും പരിഹാരത്തിന്റെ ഫലപ്രാപ്തി പരിശോധിക്കാനും നിരവധി എഐ മോഡലുകള്‍ ഉപയോഗിച്ചതായും കമ്പനി വ്യക്തമാക്കി.
ടൊറന്റോ ആസ്ഥാനമായുള്ള സൈബര്‍ സുരക്ഷാ വിദഗ്ധന്‍ റിതേഷ് കോറ്റക്കിന്റെ അഭിപ്രായത്തില്‍, വലിയ ഐടി സംഘങ്ങളുള്ള കമ്പനികള്‍ക്ക് സുരക്ഷാ അപ്ഡേറ്റ് വേഗത്തില്‍ നടപ്പാക്കാന്‍ കഴിയും. എന്നാല്‍ ചെറുകിട, ഇടത്തരം സ്ഥാപനങ്ങള്‍ക്ക് ആവശ്യമായ വിഭവങ്ങളുടെ കുറവ് കാരണം കൂടുതല്‍ കാലം അപകടസാധ്യത നിലനില്ക്കാം. സുരക്ഷാ പിഴവുകള്‍ കണ്ടെത്താന്‍ എഐ സഹായിക്കുമ്പോള്‍, സംവിധാനങ്ങളില്‍ നുഴഞ്ഞുകയറാനും ഡാറ്റാബേസുകള്‍ കൈവശപ്പെടുത്താനും ഹാക്കര്‍മാര്‍ക്കും ഇതേ സാങ്കേതികവിദ്യ ഉപയോഗിക്കാനാകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്കി. യൂറോപ്പ്, ഓസ്ട്രേലിയ, ജപ്പാന്, ബ്രിട്ടന് എന്നിവിടങ്ങളിലെ സൈബര്‍ സുരക്ഷാ ഏജന്‍സികളും PHP ഉപയോക്താക്കളോട് അപ്ഡേറ്റ് നടപ്പാക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z
‘Canada Government Websites Offline After PHP Security Flaw’




