ഓട്ടവ: കാനഡയിലെ വിവിധ പ്രവിശ്യകളിലായി അഡ്മിനിസ്ട്രേഷൻ, കസ്റ്റമർ സർവീസ്, ഗ്രെയിൻ ഇൻസ്പെക്ഷൻ, മെയിന്റനൻസ്, കറക്ഷണൽ ഓഫീസർ തുടങ്ങിയ തസ്തികകളിലേക്ക് ഫെഡറൽ സർക്കാർ നിയമനം നടത്തുന്നു. 2026 നവംബർ 13-ന് പുറത്തുവിട്ട വിവരങ്ങൾ പ്രകാരം, ആറ് വിഭാഗങ്ങളിലായി നടക്കുന്ന നിയമനങ്ങൾക്ക് ഡിസംബർ 31 വരെയാണ് അപേക്ഷിക്കാനുള്ള അവസാന തീയതി. പ്രതിവർഷം 57,328 ഡോളർ മുതൽ 97,266 ഡോളർ വരെയും മണിക്കൂറിന് 27.47 ഡോളർ മുതൽ 33.95 ഡോളർ വരെയുമാണ് വിവിധ തസ്തികകളിലെ ശമ്പളം.
ബ്രിട്ടീഷ് കൊളംബിയയിലെ പ്രിൻസ് റൂപർട്ട്, സിഡ്നി, വിക്ടോറിയ എന്നിവിടങ്ങളിലാണ് കനേഡിയൻ കോസ്റ്റ് ഗാർഡിന്റെ അഡ്മിനിസ്ട്രേഷൻ ഓഫീസർ ഒഴിവുകൾ. പ്രതിവർഷം 61,786 മുതൽ 69,106 ഡോളർ വരെയാണ് ശമ്പളം. നവംബർ 20 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി. ഓഫീസ് രേഖകൾ കൈകാര്യം ചെയ്യുക, അന്വേഷണങ്ങൾക്ക് മറുപടി നൽകുക, ധനകാര്യ, ഹ്യൂമൻ റിസോഴ്സ്സ് വിഭാഗങ്ങളെ സഹായിക്കുക തുടങ്ങിയവയാണ് പ്രധാന ചുമതലകൾ.
നോവ സ്കോഷ്യയിലെ കേപ് ബ്രെട്ടൺ ഹൈലാൻഡ്സ് നാഷണൽ പാർക്കിൽ പാർക്ക്സ് കാനഡയുടെ വിസിറ്റർ സർവിസ് ജീവനക്കാരെയും നിയമിക്കുന്നുണ്ട്. മണിക്കൂറിന് 27.47 മുതൽ 29.85 ഡോളർ വരെയാണ് വേതനം. ഡിസംബർ 10 വരെ അപേക്ഷിക്കാം. സന്ദർശകരുടെ സംശയങ്ങൾക്ക് മറുപടി നൽകുകയും പാർക്കിലെ സേവനങ്ങളെക്കുറിച്ച് വിവരങ്ങൾ നൽകുകയും ചെയ്യുന്നതാണ് ജോലി.
കനേഡിയൻ ഗ്രെയിൻ കമ്മീഷൻ പടിഞ്ഞാറൻ കാനഡയിലും ഒന്റാരിയോയിലും ക്യുബെക്കിലും ഗ്രെയിൻ ഇൻസ്പെക്ടർ ട്രെയിനികളെ നിയമിക്കുന്നുണ്ട്. പ്രതിവർഷം 57,328 മുതൽ 68,147 ഡോളർ വരെയാണ് ശമ്പളം. ധാന്യങ്ങളുടെ സാമ്പിളുകൾ പരിശോധിക്കുക, ഗുണനിലവാരം വിലയിരുത്തുക, രേഖകൾ സൂക്ഷിക്കുക എന്നിവയിൽ പരിശീലനം നൽകും. പടിഞ്ഞാറൻ കാനഡയിലെ ഒഴിവുകൾക്ക് ഡിസംബർ 14 വരെയും കിഴക്കൻ മേഖലയിലെ ഒഴിവുകൾക്ക് ഡിസംബർ 31 വരെയും അപേക്ഷിക്കാം.
ഇതിനുപുറമെ, ആൽബർട്ട, സസ്കാച്വാൻ എന്നിവിടങ്ങളിൽ കറക്ഷണൽ സർവീസ് കാനഡയുടെ ജനറൽ മെയിന്റനൻസ് വർക്കർമാരെയും നിയമിക്കുന്നുണ്ട്. മണിക്കൂറിന് 31.24 മുതൽ 33.95 ഡോളർ വരെയാണ് വേതനം. ഡിസംബർ 15 ആണ് അവസാന തീയതി. എട്ട് പ്രവിശ്യകളിലെ 24 സ്ഥലങ്ങളിലായി കറക്ഷണൽ ഓഫീസർ തസ്തികകളിലും ഒഴിവുകളുണ്ട്. പ്രതിവർഷം 77,510 മുതൽ 97,266 ഡോളർ വരെയാണ് ശമ്പളം. ഡിസംബർ 31 വരെ അപേക്ഷിക്കാം.
Also Read: 2027 മുതൽ കാനഡയിലെ മൂന്ന് CRA ആനുകൂല്യങ്ങളിൽ മാറ്റം; വിശദാംശങ്ങൾ അറിയാം
ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയവർക്കും ഈ ജോലികളിൽ ചിലതിലേക്ക് അപേക്ഷിക്കാം. എന്നാൽ ഓരോ ജോലിക്കും ആവശ്യമായ യോഗ്യതകളും പ്രവൃത്തിപരിചയവും വ്യത്യസ്തമാണ്. ചില ജോലികൾക്ക് പ്രത്യേക പരിശീലനവും ഭാഷാപരിജ്ഞാനവും ആവശ്യമാണ്. കനേഡിയൻ സ്ഥിരതാമസക്കാർക്കും നിബന്ധനകൾ പാലിക്കുന്നുണ്ടെങ്കിൽ ചില സർക്കാർ ജോലികൾക്ക് അപേക്ഷിക്കാം. അപേക്ഷിക്കുന്നതിന് മുമ്പ് ജോലിയുടെ യോഗ്യതകളും മറ്റ് നിബന്ധനകളും അവസാന തീയതിയും ഔദ്യോഗിക സർക്കാർ വെബ്സൈറ്റിൽ പരിശോധിക്കണം.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z





