ഒട്ടാവ: കാനഡയിലെ ഗ്രാമീണ മേഖലകളിലെ തൊഴിൽക്ഷാമം പരിഹരിക്കുന്നതിനായി താൽക്കാലിക വിദേശ തൊഴിലാളി പ്രോഗ്രാമിൽ (TFWP) നിർണ്ണായക മാറ്റങ്ങൾ പ്രഖ്യാപിച്ച് ഫെഡറൽ ഗവൺമെന്റ്. പുതിയ ഭേദഗതി പ്രകാരം, ഗ്രാമീണ മേഖലകളിലെ തൊഴിലുടമകൾക്ക് തങ്ങളുടെ ആകെ ജീവനക്കാരുടെ 15 ശതമാനം വരെ വിദേശ തൊഴിലാളികളെ നിയമിക്കാൻ അനുമതി നൽകും. നിലവിൽ ഇത് 10 ശതമാനമായി പരിമിതപ്പെടുത്തിയിരുന്നു. 2026 ഏപ്രിൽ 1 മുതൽ 2027 മാർച്ച് 31 വരെയാണ് ഈ ഇളവുകൾ പ്രാബല്യത്തിലുണ്ടാകുക.
ഗ്രാമീണ മേഖലകളിൽ കുറഞ്ഞ വേതനത്തിന് ജോലി ചെയ്യുന്ന വിദേശ തൊഴിലാളികളെ നിയമിക്കുന്നതിനാണ് ഈ ആനുകൂല്യം ലഭിക്കുക. പ്രവിശ്യകളുടെയും ടെറിട്ടറികളുടെയും താൽപ്പര്യം കൂടി കണക്കിലെടുത്തായിരിക്കും ഈ പദ്ധതി നടപ്പിലാക്കുക. ചെറുകിട നഗരങ്ങളിലും ജനവാസം കുറഞ്ഞ പ്രദേശങ്ങളിലും അനുഭവപ്പെടുന്ന രൂക്ഷമായ തൊഴിലാളിക്ഷാമം മറികടക്കാൻ ഈ നീക്കം സഹായിക്കുമെന്നാണ് എംപ്ലോയ്മെന്റ് ആൻഡ് സോഷ്യൽ ഡെവലപ്മെന്റ് കാനഡ (ESDC) പ്രതീക്ഷിക്കുന്നത്. കുറഞ്ഞ വേതനമുള്ള തസ്തികകളിലേക്ക് (Low-wage stream) കൂടുതൽ വിദേശികളെ എത്തിക്കാൻ സാധിക്കുന്നത് കാനഡയിലേക്ക് വരാൻ ആഗ്രഹിക്കുന്ന സാധാരണക്കാരായ ഉദ്യോഗാർത്ഥികൾക്കും വലിയ പ്രതീക്ഷ നൽകുന്നു.
അതേസമയം, തൊഴിലില്ലായ്മ നിരക്ക് 6 ശതമാനത്തിൽ കൂടുതലുള്ള മേഖലകളിൽ ഈ ഇളവുകൾ ബാധകമാകില്ല. വിദേശ തൊഴിലാളികളെ നിയമിക്കുന്നതിന് മുൻപായി തൊഴിലുടമകൾ നിർബന്ധമായും ലേബർ മാർക്കറ്റ് ഇംപാക്ട് അസസ്മെന്റ് (LMIA) സർട്ടിഫിക്കറ്റ് നേടിയിരിക്കണം. കാനഡയിലെ ഗ്രാമപ്രദേശങ്ങളിൽ മികച്ച ജോലി സ്വപ്നം കാണുന്ന നൂറുകണക്കിന് യുവാക്കൾക്ക് വലിയ തൊഴിലവസരങ്ങളാണ് ഈ പുതിയ മാറ്റത്തിലൂടെ തുറക്കപ്പെടുന്നത്.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
Canada expands access to work permits in rural areas



