ഒട്ടാവ: കാനഡയിൽ കടുത്ത ഉപരോധ നടപടികൾ നിലനിൽക്കെ, രാജ്യത്ത് കഴിഞ്ഞിരുന്ന മുൻ ഇറാനിയൻ മന്ത്രിയെ കാനഡ ബോർഡർ സർവീസസ് ഏജൻസി (സി.ബി.എസ്.എ) നാടുകടത്തി. ഇറാൻ മുൻ ഉപ ആഭ്യന്തര മന്ത്രി സയിദ് സൽമാൻ സമാനിയെയാണ് നാടുകടത്തിയത്. ഭീകരവാദത്തിലും ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളിലും ഏർപ്പെട്ടിരിക്കുന്ന ഭരണകൂടത്തിന്റെ ഭാഗമായിരുന്നു എന്ന കാരണത്താൽ സയിദിന് രാജ്യത്ത് തുടരാൻ അർഹതയില്ലെന്ന് അധികൃതർ വ്യക്തമാക്കി.
2022-ൽ കാനഡ നടപ്പിലാക്കിയ ഉപരോധ നിബന്ധനകളുടെ അടിസ്ഥാനത്തിലാണ് ഈ നടപടി. 2003 ജൂൺ 23 മുതൽ ഇറാനിയൻ ഭരണകൂടത്തിൽ സേവനമനുഷ്ഠിച്ച മുതിർന്ന ഉദ്യോഗസ്ഥർക്കൊന്നും കാനഡയിൽ പ്രവേശനാനുമതിയില്ല. സംശയസ്പദമായ സാഹചര്യത്തിൽ കഴിയുന്ന ഇറാനിയൻ ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ നടപടികൾ തുടരുമെന്നും, കാനഡയെ ഇത്തരക്കാർക്ക് ഒരു സുരക്ഷിത താവളമാക്കാൻ അനുവദിക്കില്ലെന്നും ബോർഡർ സർവീസസ് ഏജൻസി പ്രസ്താവനയിലൂടെ വ്യക്തമാക്കി.
വ്യക്തിഗത വിവരങ്ങൾ പുറത്തുവിടുന്നതിന് ഫെഡറൽ നിയമങ്ങളിൽ നിയന്ത്രണങ്ങൾ ഉണ്ടെങ്കിലും, പൊതുതാൽപ്പര്യം മുൻനിർത്തിയാണ് സയിദിനെ നാടുകടത്തിയ വിവരം ഔദ്യോഗികമായി സ്ഥിരീകരിച്ചതെന്ന് സി.ബി.എസ്.എ അറിയിച്ചു. 2022-ലെ ഉപരോധത്തിന് ശേഷം ഇറാനിയൻ ഭരണകൂടത്തിലെ മുതിർന്ന അംഗമായിരുന്ന ഒരാളെ മാത്രമാണ് കാനഡ ഇതുവരെ നാടുകടത്തിയതെന്ന വിവരം കഴിഞ്ഞ മാർച്ച് മാസം പുറത്തുവന്നിരുന്നു. മറ്റ് രണ്ടുപേർക്ക് നാടുകടത്തൽ ഉത്തരവ് ലഭിച്ചിട്ടുണ്ടെങ്കിലും ഇവരെ രാജ്യത്തുനിന്ന് പുറത്താക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് പൊതുസുരക്ഷാ മന്ത്രി ഗാരി ആനന്ദസംഗരി അറിയിച്ചു. അന്വേഷണങ്ങൾ കൃത്യമായ പരിശോധനകളിലൂടെയാണ് മുന്നോട്ട് പോകുന്നതെന്നും ഇനിയും ഇത്തരം ആളുകളെ വേഗത്തിൽ കണ്ടെത്തുമെന്നും മന്ത്രി വ്യക്തമാക്കി.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla





