ഓട്ടവ : കാനഡയുടെ പ്രതിരോധ ചെലവുകളെ വിമർശിച്ചുകൊണ്ട് അമേരിക്കൻ പ്രതിരോധ ആസ്ഥാനമായ പെന്റഗൺ പുറത്തിറക്കിയ ‘ഫാക്ട് ഷീറ്റിന്’ പിന്നിലെ ചിന്താഗതി എന്താണെന്ന് വിശദീകരിക്കാൻ കഴിയില്ലെന്ന് കനേഡിയൻ പ്രതിരോധ മന്ത്രി ഡേവിഡ് മക്ഗിന്റി. വടക്കേ അമേരിക്കയുടെ സുരക്ഷാ സംവിധാനങ്ങളിൽ പങ്കുചേരാനുള്ള കാനഡയുടെ ശേഷിയെ കുറഞ്ഞ പ്രതിരോധ ചെലവ് പരിമിതപ്പെടുത്തുന്നു എന്നായിരുന്നു തിങ്കളാഴ്ച പെന്റഗൺ പുറത്തുവിട്ട രേഖയിലെ വിമർശനം. ഇതിന് പിന്നാലെ ചൊവ്വാഴ്ച
ഓട്ടവയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ ആഴ്ച യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് കാനഡയുമായുള്ള സൈനിക സഹകരണത്തിൽ ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തിക്കൊണ്ട് രഹസ്യ മെമ്മോ പുറപ്പെടുവിച്ചിരുന്നു. എന്നാൽ ഹെഗ്‌സെത്തിന്റെയും പെന്റഗണിന്റെയും ഇത്തരം നീക്കങ്ങളുടെ ലക്ഷ്യം വ്യക്തമല്ലെന്ന് മക്ഗിന്റി പറഞ്ഞു. നേരിട്ടായാലും നാറ്റോ, നൊറാഡ് (NORAD) സഖ്യങ്ങൾ വഴിയായാലും അമേരിക്കയുമായുള്ള കാനഡയുടെ പ്രതിരോധ സഹകരണത്തിൽ യാതൊരു മാറ്റവും വന്നിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതിരോധ മേഖലയിലെ വികസന പ്രവർത്തനങ്ങളുമായി കാനഡ മുന്നോട്ട് പോവുകയാണെന്ന് മന്ത്രി പറഞ്ഞു. പുതിയ ആയുധങ്ങൾ വാങ്ങുന്നതിലും, 33 സൈനിക താവളങ്ങൾ പുനർനിർമ്മിക്കുന്നതിലും, സൈനിക റിക്രൂട്ട്‌മെന്റ് മെച്ചപ്പെടുത്തുന്നതിലുമാണ് തങ്ങൾ ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. 2014-ൽ നാറ്റോ നിശ്ചയിച്ചതനുസരിച്ച് ജിഡിപിയുടെ രണ്ട് ശതമാനം പ്രതിരോധ മേഖലയ്ക്കായി ചെലവഴിക്കണമെന്ന ലക്ഷ്യം കഴിഞ്ഞ മാർച്ചിൽ കാനഡ ആദ്യമായി കൈവരിച്ചിരുന്നതായി പ്രധാനമന്ത്രി മാർക്ക് കാർണി നേരത്തെ വ്യക്തമാക്കിയിരുന്നു.
Also Read: പി.ആർ വേഗത്തിലാകുമോ? ലക്ഷ്യം തികയ്ക്കാൻ കാനഡയ്ക്ക് ഇനി വേണ്ടത് 1,27,800 പേരെ; നിർണായകമായി 3 മാസം
കഴിഞ്ഞ വർഷം ഹേഗിൽ ചേർന്ന നാറ്റോ ഉച്ചകോടിയിൽ 2035-ഓടെ പ്രതിരോധ ചെലവ് ജിഡിപിയുടെ അഞ്ച് ശതമാനമായി ഉയർത്താൻ അംഗരാജ്യങ്ങൾ ധാരണയായിരുന്നു. ഇതിൽ 3.5 ശതമാനം പ്രധാന സൈനിക ആവശ്യങ്ങൾക്കും 1.5 ശതമാനം അനുബന്ധ സുരക്ഷാ നിക്ഷേപങ്ങൾക്കുമാണ് നീക്കിവെക്കേണ്ടത്. അഞ്ച് ശതമാനം എന്ന ലക്ഷ്യം കാനഡ കൈവരിക്കുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, 2030-ഓടെ ജിഡിപിയുടെ നാല് ശതമാനം പ്രതിരോധത്തിനായി ചെലവഴിക്കാനുള്ള കൃത്യമായ പാതയിലാണ് കാനഡയെന്ന് മക്ഗിന്റി മറുപടി നൽകി.
കാനഡയുടെ ഈ നാല് ശതമാനം പദ്ധതികളോട് അമേരിക്ക എങ്ങനെയാണ് പ്രതികരിച്ചതെന്ന ചോദ്യത്തിന്, “കാനഡ ഒരു പരമാധികാര രാഷ്ട്രമാണ്; ഞങ്ങൾ അമേരിക്കയ്ക്ക് റിപ്പോർട്ട് ചെയ്യേണ്ടവരല്ല” എന്നായിരുന്നു മക്ഗിന്റിയുടെ കടുത്ത മറുപടി. അടുത്തിടെ അവതരിപ്പിച്ച ഫെഡറൽ ബജറ്റിൽ 2030 വരെയുള്ള പ്രതിരോധ ചെലവ് ലക്ഷ്യങ്ങൾ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. സൈനികരുടെ ശമ്പളവും വെടിക്കോപ്പുകളും ഉൾപ്പെടെയുള്ള പ്രധാന സൈനിക ആവശ്യങ്ങൾക്കായി ജിഡിപിയുടെ 2.6 ശതമാനം, അതായത് ഏകദേശം 99 ബില്യൺ ഡോളർ ചെലവഴിക്കാനാണ് കാനഡ ലക്ഷ്യമിടുന്നത്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z





