ഒട്ടാവ: കാനഡയിലെ കുടിയേറ്റ നിയമങ്ങളിൽ വരുത്തിയ കർശന നിയന്ത്രണങ്ങൾ വരും വർഷങ്ങളിൽ ലക്ഷക്കണക്കിന് ഇന്ത്യക്കാരെ പ്രതിസന്ധിയിലാക്കുമെന്ന് റിപ്പോർട്ട്. 2026 പകുതിയോടെ കാനഡയിൽ ഏകദേശം പത്തുലക്ഷത്തോളം ഇന്ത്യക്കാർ ഔദ്യോഗിക രേഖകളില്ലാത്ത അനധികൃത താമസക്കാരായി മാറാൻ സാധ്യതയുണ്ടെന്നാണ് പുതിയ കണക്കുകൾ സൂചിപ്പിക്കുന്നത്. മിസിസാഗ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇമിഗ്രേഷൻ കൺസൾട്ടന്റ് കൻവർ സെയ്റ പുറത്തുവിട്ട വിവരങ്ങൾ പ്രകാരം, കാനഡയിലെ വർക്ക് പെർമിറ്റുകളുടെ കാലാവധി കൂട്ടത്തോടെ അവസാനിക്കുന്നതാണ് ഈ വലിയ പ്രതിസന്ധിക്ക് ആധാരം.
കാനഡ ഇമിഗ്രേഷൻ വിഭാഗത്തിന്റെ കണക്കനുസരിച്ച് 2025 അവസാനത്തോടെ പത്ത് ലക്ഷത്തിലധികം വർക്ക് പെർമിറ്റുകളുടെ കാലാവധി അവസാനിച്ചു. 2026-ൽ ഒമ്പത് ലക്ഷത്തിലധികം പെർമിറ്റുകൾ കൂടി കാലഹരണപ്പെടും. ഇത്തരത്തിൽ കാലാവധി കഴിയുന്നവരിൽ പകുതിയോളം പേർ ഇന്ത്യക്കാരായിരിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. വർക്ക് പെർമിറ്റ് കാലാവധി കഴിയുന്നതോടെ ഇവർ രാജ്യത്ത് ഔദ്യോഗിക പദവിയില്ലാത്തവരായി മാറും. ഇവരിൽ ഭൂരിഭാഗം പേർക്കും സ്ഥിരതാമസത്തിനുള്ള (PR) അനുമതിയോ വിസ പുതുക്കലോ ലഭിക്കാത്ത സാഹചര്യം നിലവിലുണ്ട്. അന്താരാഷ്ട്ര വിദ്യാർത്ഥികളുടെയും താൽക്കാലിക തൊഴിലാളികളുടെയും എണ്ണം കുറയ്ക്കുന്നതിനായി കാനഡ സർക്കാർ സ്വീകരിക്കുന്ന കർശന നിലപാടുകളാണ് ഇതിന് കാരണം.
ഇത്തരത്തിൽ രേഖകളില്ലാതെ രാജ്യത്ത് തുടരേണ്ടി വരുന്നവർ കടുത്ത ദുരിതത്തിലേക്കാണ് നീങ്ങുന്നത്. ടൊറന്റോ പോലുള്ള നഗരങ്ങളിലെ വനമേഖലകളിൽ ഇത്തരക്കാർ താൽക്കാലിക കൂടാരങ്ങൾ അടിച്ച് താമസിക്കുന്ന സാഹചര്യമുണ്ടെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കുറഞ്ഞ വേതനത്തിന് ജോലി ചെയ്യേണ്ടി വരുന്നതും വ്യാജ വിവാഹങ്ങൾ വഴി രാജ്യത്ത് തുടരാൻ ശ്രമിക്കുന്നതും വലിയ സാമൂഹിക പ്രശ്നങ്ങൾക്ക് വഴിതുറക്കുന്നുണ്ട്. ഇമിഗ്രേഷൻ നിയമങ്ങളിലെ ഈ മാറ്റത്തിനെതിരെ ‘നൗജവാൻ സപ്പോർട്ട് നെറ്റ്വർക്ക്’ പോലുള്ള സംഘടനകൾ വൻ പ്രതിഷേധത്തിനൊരുങ്ങുകയാണ്. 2026-ന്റെ ആദ്യ മാസങ്ങളിൽ തന്നെ ലക്ഷക്കണക്കിന് ആളുകളുടെ വിസ കാലാവധി തീരുന്നതോടെ രാജ്യം സമാനതകളില്ലാത്ത ഒരു കുടിയേറ്റ പ്രതിസന്ധി നേരിടേണ്ടി വരുമെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Canada could have 1 million undocumented Indian immigrants by mid-2026



